കോയമ്പത്തൂർ: തമിഴ്നാട്ടിലെ സുലൂരിലെ കണ്ണംപാളയത്തിന് സമീപം പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. മുഖ്യപ്രതി നാഗപട്ടണം സ്വദേശിയായ കാർത്തിക്(33) ഉം ഇയാളെ സഹായിച്ച മോഹൻ രാജുമാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് കാണാതായ പെൺകുട്ടിയെ വെള്ളിയാഴ്ച കണ്ണംപാളയത്തിനടുത്തുള്ള ഒരു തടാകക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനടുത്തുള്ള ഒരു പലചരക്ക് കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ കാർത്തിക് ഇരുചക്രവാഹനത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കേസ്.
സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരയുടെ മാതാപിതാക്കളും ബന്ധുക്കളും പൊതുജനങ്ങളും വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ സുലൂർ റോഡിൽ പ്രതിഷേധ പ്രകടനം നടത്തി. സുലൂർ നിയോജകമണ്ഡലം ടി.വി.കെ എംഎൽഎ എൻ.എം. സുകുമാറും പ്രദേശം സന്ദർശിക്കുകയും ശരിയായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിജയ് അറിയിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.എം.എം.കെ മേധാവി ടി.ടി.വി ദിനകരൻ ആവശ്യപ്പെട്ടു.
അതേസമയം ക്രമസമാധാനം തകർന്നുവെന്ന് ആരോപിച്ച് പുതിയ ടി.വി.കെ സർക്കാരിനെതിരെ ഡി.എം.കെ രംഗത്തെത്തിയതോടെ കേസ് രാഷ്ട്രീയ വഴിത്തിരിവിലേക്ക് നീങ്ങി. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ ഗ്രാഫ് വർദ്ധിച്ചതായി പ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചു.
പുതിയ സർക്കാർ അധികാരമേറ്റതിന് 12 ദിവസത്തിനുള്ളിൽ 30 പ്രധാന കുറ്റകൃത്യങ്ങൾ അരങ്ങേറിയത് ഗുരുതരമായ സംശയങ്ങൾ ജനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.