മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സംഘടനയിലെ 10 അംഗങ്ങൾക്കെതിരെ കേസ്

ദാമോ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ കുട്ടികളെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മിഡ് ഇന്ത്യ ക്രിസ്ത്യൻ സർവിസ് എന്ന സംഘടനയിലെ 10 അംഗങ്ങൾക്കെതിരെ കേസെടുത്തു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) നൽകിയ പരാതിയിലാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമവും മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമവും ജുവനൈൽ ജസ്റ്റിസ് നിയമവും അനുസരിച്ചാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

എൻ.സി.പി.സി.ആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ ഞായറാഴ്ച മിഡ് ഇന്ത്യ ക്രിസ്ത്യൻ സർവിസിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും പരിശോധനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രമുഖ തിയോളജിസ്റ്റ് ഡോ. അജയ് ലാൽ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.

മിഡ് ഇന്ത്യ സ്ഥാപനങ്ങളിൽ മതപരിവർത്തനം നടക്കുന്നതിന്റെ തെളിവ് ലഭിച്ചതായും ഡിൻഡോരി ജില്ലയിലെ 17 വയസ്സുള്ള ആദിവാസി കുട്ടിയെ ദാമോയിൽ എത്തിച്ച് പാസ്റ്ററാകാൻ പരിശീലിപ്പിക്കുന്നതായും പരിശോധനയ്ക്ക് ശേഷം പ്രിയങ്ക് കനൂംഗോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'സംഘടന നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രം രജിസ്റ്റർ ചെയ്തിട്ടില്ല. ഈ സ്ഥാപനങ്ങളിൽ, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമവും 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമവും പ്രകാരം നിരോധിച്ചിരിക്കുന്ന ക്രിസ്ത്യൻ മത ആചാരങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്' -അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഡോ. അജയ് ലാലിന്റെ പേര് മനപ്പൂർവം എഫ്‌ഐആറിൽ ഉൾപ്പെടുത്തിയതാണെന്നും അദ്ദേഹത്തിന് മിഡ് ഇന്ത്യയുമായി നിലവിൽ ബന്ധമില്ലെന്നും അദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ പ്രതിനിധി സംഘം തിങ്കളാഴ്ച പോലീസ് സൂപ്രണ്ട് ഡി ആർ ടെനിവറിന് നിവേദനം നൽകി.

മിഡ് ഇന്ത്യ ക്രിസ്ത്യൻ സൊസൈറ്റിയുടെ ശിശു സംരക്ഷണ കേന്ദ്രത്തിൽ 91 കുട്ടികളെ രജിസ്റ്റർ ചെയ്തതായി പ്രിയങ്ക് കനൂംഗോ പറഞ്ഞു. '45 പേർ പരിശോധന സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്നു. ഈ കുട്ടികളിൽ ഭൂരിഭാഗവും ഹിന്ദുക്കളും കുറച്ച് മുസ്‍ലിംകളുമാണ്. എന്നാൽ അവരെയെല്ലാം ക്രിസ്തുമതമാണ് പഠിപ്പിക്കുന്നത്. സംഘടനയുടെ പ്രവർത്തനത്തിന് കൃത്യമായ രേഖകളില്ല' -കനൂംഗോ കൂട്ടിച്ചേർത്തു.

Tags:    
News Summary - 10 members of Christian group booked over conversion in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.