വിവരാവകാശത്തിന് കടിഞ്ഞാണിട്ട് ഗുജറാത്ത്; ഒന്നര വർഷത്തിനിടെ വിലക്കിയത് 10 പേരെ

അഹമ്മദാബാദ്: വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നതിൽ നിന്ന് ഗുജറാത്തിൽ ഒന്നര വർഷത്തിനിടെ വിലക്കേർപ്പെടുത്തിയത് 10 പേർക്ക്. ആജീവനാന്ത വിലക്കാണ് ഇവർക്ക് സംസ്ഥാന വിവരാവകാശ കമീഷൻ ഏർപ്പെടുത്തിയത്. ഒരേസമയം നിരവധി വിവരാവകാശ അപേക്ഷകൾ നൽകുന്നു, നിർബന്ധബുദ്ധി കാട്ടുന്നു, സർക്കാർ ഉദ്യോഗസ്ഥരെ ദ്രോഹിക്കാൻ വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് വിലക്കിന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിവരാവകാശ നിയമത്തിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായി, ചോദ്യമുന്നയിച്ചയാൾക്ക് 5000 രൂപ പിഴയിട്ട സംഭവം ഗുജറാത്തിലുണ്ടായിരുന്നു. ഹിതേഷ് പട്ടേൽ എന്നയാൾക്കും ഭാര്യക്കുമാണ് ഇവരുടെ റെസിഡൻഷ്യൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട് 13 വിവരാവകാശ അപേക്ഷകൾ നൽകിയതിന് പിഴയീടാക്കിയത്. ചോദ്യമുന്നയിച്ച വിഷയത്തിൽ ഒരു മറുപടിയും ഇവർക്ക് നൽകരുതെന്നും വിവരാവകാശ കമീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് സഹായങ്ങൾ നൽകുന്ന 'മഹിതി അധികാർ ഗുജറാത്ത് പഹേൽ' എന്ന സംഘടനയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പീതാപൂരിൽ നിന്നുള്ള സ്കൂൾ അധ്യാപികയായ അമിത മിശ്രയാണ് വിലക്കേർപ്പെടുത്തപ്പെട്ടവരിൽ ഒരാൾ. തന്‍റെ സർവിസ് ബുക്കിന്‍റെയും ശമ്പളത്തിന്‍റെയും വിവരങ്ങളുടെ പകർപ്പാണ് ഇവർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാൽ, ഇവർക്ക് ഒരു വിവരവും നൽകേണ്ടെന്ന് വിവരാവകാശ കമീഷണർ കെ.എം. അധ്വാര്യു ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നിർദേശം നൽകുകയായിരുന്നു. അധ്യാപിക വിവരാവകാശ നിയമപ്രകാരമുള്ള മറുപടിക്ക് പേജിന് രണ്ട് രൂപ വെച്ച് അടക്കേണ്ടത് അടച്ചിട്ടില്ലെന്നും ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും ചോദിക്കുകയാണെന്നും കാണിച്ച് സ്കൂൾ അധികൃതർ പരാതി നൽകിയിരുന്നു.

കസ്ബയിലെ സ്കൂൾ ജീവനക്കാരനായ സത്താർ മജീദ് ഖലീഫ എന്നയാൾക്ക് വിലക്കേർപ്പെടുത്തിയത് സ്ഥാപനം തനിക്കെതിരെ കൈക്കൊണ്ട നടപടിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ്. എന്നാൽ, വിവരാവകാശ അപേക്ഷകൾ നൽകി സ്കൂൾ അധികൃതരോട് പ്രതികാരം ചെയ്യുകയാണ് സത്താർ മജീദ് ഖലീഫ ചെയ്യുന്നതെന്നാണ് വിവരാവകാശ കമീഷനർ കെ.എം. അധ്വാര്യു ചൂണ്ടിക്കാട്ടിയത്. വിവരാവകാശ പരാതിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചക്കിടെ സ്കൂളിലെ വിവരാവകാശ ഓഫിസർക്കെതിരെയും അപ്പീൽ അതോറിറ്റിക്കെതിരെയും വിവരാവകാശ കമീഷനെതിരെയും ഇയാൾ ആരോപണമുന്നയിച്ചതും വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

ഭാവ്നഗറിലെ ചിന്തൻ മഖ്വാന എന്നയാൾക്ക് വിലക്കേർപ്പെടുത്തിയത് വിവരാവകാശ കമീഷനറായ ദിലീപ് താക്കറാണ്. ജില്ല ആരോഗ്യ ഓഫിസിൽ നിന്ന് ഒരു വിവരവും ഇയാൾക്ക് നൽകരുതെന്നാണ് നിർദേശം. മഖ്വാനയുടെ ഭാര്യ ജെസാറിലെ ആരോഗ്യ വകുപ്പിലെ ക്ലാസ്-3 ജീവനക്കാരിയാണ്. വകുപ്പിലെ ജീവനക്കാർക്ക് സർക്കാർ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവർ ആവശ്യപ്പെട്ടത്. അപേക്ഷയെ തുടർന്ന് ഇയാളുടെ ഭാര്യക്കും അമ്മക്കും അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. പ്രതികാരബുദ്ധിയോടെയുള്ളതും വഞ്ചാനപരവുമാണ് അപേക്ഷയെന്നാണ് കമീഷൻ വിലയിരുത്തിയത്.

2008ലെയും 2011ലെയും വിവിധ കോടതി വിധികളിലെ നിർദേശങ്ങൾ സാഹചര്യം പരിഗണിക്കാതെ പ്രയോഗിച്ചുകൊണ്ടാണ് ഗുജറാത്ത് വിവരാവകാശ കമീഷൻ വിവരാവകാശ അപേക്ഷകർക്ക് വിലക്കേർപ്പെടുത്തുന്നതെന്ന് 'മഹിതി അധികാർ ഗുജറാത്ത് പഹേൽ' പ്രവർത്തകനായ പങ്കിത് ജോഗ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിവരാവകാശ അപേക്ഷകരെ വിലക്കാനോ കരിമ്പട്ടികയിൽ പെടുത്താനോ ഒരു നിയമവുമില്ലെന്നാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂൺ 18ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയത്. അപേക്ഷകരെ കരിമ്പട്ടികയിൽ പെടുത്തുന്നത് നല്ലതല്ലെന്ന് 2007ൽ ഗുജറാത്ത് വിവരാവകാശ കമീഷനറായിരുന്ന ആർ.എൻ. ദാസ് നിരീക്ഷിച്ചിരുന്നു.

ഗുജറാത്ത് വിവരാവകാശ കമീഷന്‍റെ നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവുകൾ തീർത്തും അനധികൃതമാണെന്നും ഹൈകോടതിയിൽ ചോദ്യംചെയ്യാവുന്നതാണെന്നും ഇന്ത്യയുടെ ആദ്യ വിവരാവകാശ കമീഷണറായിരുന്ന വജാഹത്ത് ഹബീബുല്ല പറയുന്നു. വിവരാവകാശ കമീഷനാണ് ജനങ്ങൾക്ക് അപ്പീൽ നൽകാനുള്ള അവസാന ആശ്രയം. എങ്ങനെയാണ് നിയമപ്രകാരമല്ലാതെ ഇത്തരം ഉത്തരവുകൾ ഇറക്കാൻ കമീഷന് കഴിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. 

Tags:    
News Summary - 10 in Gujarat banned for life from filing RTI queries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.