ന്യൂഡൽഹി: യു.കെയിൽനിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും പത്ത് ദിവസത്തെ സമ്പർക്ക വിലക്ക് നിർബന്ധമാക്കി ഇന്ത്യ കോവിഡ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചു. പുതിയ നിയന്ത്രണം ഒക്ടോബർ നാലു മുതൽ നിലവിൽ വരും. വാക്സിനേഷൻ പൂർത്തിയാക്കിയവരടക്കം ഇന്ത്യയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും പത്ത് ദിവസത്തെ സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയ യു.കെ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ. യു.കെയുടെ മാറിയ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വരുന്നതും ഒക്ടോബർ നാലു മുതലാണ്.
ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ വാക്സിനാണ് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ വികസിപ്പിക്കുന്നതും യു.കെയിലേക്കടക്കം കയറ്റിയയക്കുന്നതും. ഇതേ വാക്സിൻ യു.കെ അവരുടെ പൗരന്മാമാർക്ക് നൽകുകയും ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന കോവിഷീൽഡ് അംഗീകരിച്ചതുമാണ്.
എന്നാൽ, ഇന്ത്യയിൽനിന്ന് കോവിഷീൽഡിെൻറ രണ്ട് ഡോസെടുത്തവരടക്കം എല്ലാ യാത്രക്കാരും ഒരേ പോലെ പത്ത് ദിവസത്തെ സമ്പർക്ക വിലക്ക് പാലിക്കണമെന്ന വ്യവസ്ഥയാണ് കഴിഞ്ഞ ദിവസം യു.കെ കൊണ്ടുവന്നത്. അതിന് പുറമെ യാത്രക്ക് 72 മണിക്കൂർ മുെമ്പടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലവും നിർബന്ധമാണ്. പത്ത് ദിവസത്തെ ക്വാറൻറീനിടെ എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. ഫലം നെഗറ്റിവാണെങ്കിൽ മാത്രമേ പത്ത് ദിവസം കഴിഞ്ഞ് പുറത്തിറങ്ങാനാവൂ.
യു.കെ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇത് വിവേചനപരമാണെന്നും പിൻവലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് നിരവധി തലങ്ങളിൽ യു.കെ-ഇന്ത്യ ചർച്ചകളും നടന്നു. ദേശീയ ആരോഗ്യ അതോറിറ്റി അധ്യക്ഷൻ ആർ.എസ് ശർമയും യു.കെ ഹൈകമീഷണർ അലക്സ് എല്ലിസും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രശ്നങ്ങൾ പരിഹരിച്ചതായി ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, വാക്സിനല്ല, ഇന്ത്യ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റാണ് വിഷയമെന്ന് യു.കെ ഹൈകമീഷണർ പിന്നീട് അറിയിച്ചു. സർട്ടിഫിക്കറ്റിൽ ജനന തിയ്യതി രേഖപ്പെടുത്തുന്നില്ലെന്നായിരുന്നു യു.കെ കാരണമായി ചൂണ്ടിക്കാട്ടിയത്. ഇത് പരിഹരിക്കാമെന്ന് ഇന്ത്യ അറിയിച്ചെങ്കിലും യാത്ര മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ യു.കെ തയാറായില്ല.
ഇൗ സാഹചര്യത്തിലാണ് സമാനമായ നിബന്ധനകൾ വെച്ച് ഇന്ത്യയും കോവിഡ് മാനദണ്ഡങ്ങൾ പുതുക്കിയത്. യു.കെയിൽ നിന്നുള്ളവർക്ക് പത്ത് ദിവസത്തെ സമ്പർക്ക വിലക്കിന് പുറമെ 72 മണിക്കൂർ മുെമ്പടുത്ത ആർ.ടി.പി.സി.ആർ പരിശോധനയും എട്ടാം ദിവസത്തെ പരിശോധനയും ഇന്ത്യയും നിർബന്ധമാക്കി. വീടുകളിലോ ഹോട്ടലുകളിലോ ക്വാറൻറീനിൽ കഴിയാവുന്നതാണ്. ഏതു വാക്സിെനടുത്തവർക്കും ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ ഇതു സംബന്ധമായ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.