കശ്മീരിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, രക്ഷാപ്രവർത്തകർ കുടുങ്ങി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പവർ പ്രോജക്ട് ടണലിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട നാല് പേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. ജെ.സി.ബി ഡ്രൈവറാണ് മരിച്ചത്. മണ്ണിടിച്ചിലിന് തൊട്ടുപിന്നാലെ തുരങ്കത്തിലേക്ക് പോയ ആറ് രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഫ്‌ളഡ്‌ലൈറ്റുകൾ സ്ഥാപിച്ച് തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.

അതേസമയം, സംഭവത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി. സൈന്യവും എസ്.ഡി.ആർ.എഫും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും നൽകാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ സജ്ജീകരണവും ഒരുക്കിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

'നിർമ്മാണത്തിലിരിക്കുന്ന റാറ്റിൽ പവർ പ്രോജക്ടിന്റെ സ്ഥലത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ജമ്മുകശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സ്ഥലത്തെത്തിയ ആറോളം പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട് എന്നാണ് വിവരം'- മന്ത്രി കൂട്ടിച്ചേർത്തു. സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Tags:    
News Summary - 1 Killed, 6 Rescuers Trapped After Landslide At Jammu And Kashmir Tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.