ബെന്‍സിന്‍െറ അദ്ഭുത ട്രക്ക്

എന്നും ഒരു പടി മുന്നിലാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബെന്‍സ്. ടെക്നോളജിലായാലും ആഡംബരത്തിലായാലും അതങ്ങനെ തന്നെ. മറ്റുള്ളവര്‍ ആലോചിച്ച് തുടങ്ങുമ്പോഴേക്കും ഡെയിംലര്‍ എന്‍ജിനീയര്‍മാര്‍ പണി തീര്‍ത്ത് വീട്ടിലത്തെിയിട്ടുണ്ടാകും. സ്വയം ഓടുന്ന കാറുകള്‍ നിരത്തിലിറക്കുന്നതിനെ പറ്റി ആഗോള വാഹന ഭീമന്മാര്‍ ചിന്തിച്ച് തുടങ്ങിയപ്പോഴേക്കും അത്തരം ട്രക്കുകള്‍ നിര്‍മിച്ച് പരീക്ഷണ ഓട്ടം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ബെന്‍സ ്(ഗൂഗ്ള്‍ സ്വയം ഓടുന്ന കാര്‍ പുറത്തിറക്കിയിട്ടുണ്ട്). ചെറുകാറുകളേക്കാള്‍ പ്രായോഗികവും ഉപയോഗപ്രദവുമാണ് ദീര്‍ഘദൂര ട്രക്കുകളിലെ ഓട്ടോണമസ് സംവിധാനം. ആഗസ്റ്റില്‍ ജര്‍മനിയിലെ മാഗ്ഡെബര്‍ഗ് മോട്ടോര്‍വേയില്‍ നടന്ന പരീക്ഷണ ഓട്ടത്തില്‍ 80 km/h വേഗത കൈവരിച്ച് സ്വയം സഞ്ചരിക്കാന്‍ ബെന്‍സിന്‍െറ ഫ്യൂച്ചര്‍ ട്രക്ക് 2025 നായി. പത്ത് വര്‍ഷത്തിനകം വ്യാവസായിക അടിസ്ഥാനത്തില്‍ ഇവ നിര്‍മിക്കാനാകുമെന്നാണ് ബെന്‍സിന്‍െറ പ്രതീക്ഷ. 


സാങ്കേതികത 
ബെന്‍സിന്‍െറ S ക്ളാസില്‍ നിലവില്‍ ഉപയോഗിക്കുന്ന സാങ്കേതികതയുടെ വികസിത രൂപമാണ് ഫ്യൂച്ചര്‍ ട്രക്കിലുള്ളത്. ഡ്രൈവറെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. വിമാനങ്ങളില്‍ ഓട്ടോപൈലറ്റ് എന്ന് അറിയപ്പെടുന്ന സംവിധാനത്തെ ഹൈവേ പൈലറ്റ് എന്ന പേരില്‍ പുനരവതരിപ്പിക്കുകയാണ് കമ്പനി.റഡാര്‍ സെന്‍സറുകളും ക്യാമറയും ഉപയോഗിച്ച് ട്രക്കിന്‍െറ ചുറ്റുപാടുകളെ പകര്‍ത്തുകയും അതുപയോഗിച്ച് നിര്‍മിക്കുന്ന ത്രിമാന ചിത്രങ്ങളെ വിശകലനം ചെയ്ത് കമ്പ്യൂട്ടര്‍ ബ്രെയിന്‍ വാഹനത്തെ നിയന്ത്രിക്കുകയുമാണ് ഫ്യൂച്ചര്‍ ട്രക്ക് ചെയ്യുന്നത്. Predective Powertrain Control (P.P.C) എന്നാണ് ഈ സംവിധാനത്തെ ബെന്‍സ് വിളിക്കുന്നത്.

പരമാവധി ഇന്ധനക്ഷമതയാണ് കമ്പനിയുടെ വാഗ്ദാനം. ഡ്രൈവിനിടയില്‍ വാഹനം ഓടിക്കുന്നയാള്‍ക്ക് കാണാനാകാത്ത ഭാഗങ്ങളാണ് ബൈ്ളന്‍ഡ് സ്പോട്ടുകള്‍. ചെറുവാഹനങ്ങള്‍ പോലും വളവുകള്‍ തിരിയുമ്പോള്‍ ബൈ്ളന്‍ഡ് സ്പോട്ട് സൃഷ്ടിക്കാറുണ്ട്. ഫ്യൂച്ചര്‍ ട്രക്കില്‍ ഇത്തരം സ്പോട്ടുകളെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. ക്യാബിനുള്ളിലെ നിരവധി സ്ക്രീനുകളിലൂടെ ട്രക്കിന്‍െറ മുഴുവന്‍ ഭാഗങ്ങളും ഡ്രൈവര്‍ക്ക് കാണാനാകും. ട്രക്ക് ഓട്ടോണമസ് മോഡിലാണോ ഡ്രൈവര്‍ മോഡിലാണോ എന്ന് മറ്റ് വാഹനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള സംവിധാനവും ബെന്‍സ് ഒരുക്കിയിട്ടുണ്ട്. ഡ്രൈവര്‍ മോഡിലാണെങ്കില്‍ മുന്‍വശത്തെ എല്‍.ഇ.ഡി ലൈറ്റുകള്‍ വെള്ളപ്രകാശവും ഓട്ടോണമസ് മോഡിലാണെങ്കില്‍ നീലവെളിച്ചവുമാകും പുറപ്പെടുവിക്കുക. 


ഉള്‍വശം
രാജകീയമായാണ് ഫ്യൂച്ചര്‍ ട്രക്ക് 2025 ന്‍െറ ഉള്‍വശം അണിയിച്ചൊരുക്കിയിരിക്കുന്നത്. കണ്‍ട്രോളുകള്‍ മുഴുവനും വലിയ സ്ക്രീനുകളിലെ ടച്ച് പാഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. ലൈറ്റുകള്‍ പുറത്ത് കാണാനാകാത്ത ഇന്‍ഡൈറക്ട് എല്‍.ഇ.ഡിയാണ് ഡ്രൈവര്‍ കാബിനെ പ്രകാശപൂരിതമാക്കുന്നത്. ഡ്രൈവര്‍ സീറ്റ് ഇലക്ട്രോണിക് ആയി നിയന്ത്രിക്കാനാകുന്നതാണ്. 45 ഡിഗ്രി വരെ ഇവ ചരിക്കാനുമാകും. വിശാലമായ കാബിനില്‍ സ്വിച്ചുകള്‍ ഉപയോഗിച്ച് സീറ്റ് ചലിപ്പിക്കാം. നീണ്ട യാത്രകളില്‍ പ്രിയപ്പെട്ടവരെ ഓര്‍മിക്കാന്‍ ഡിജിറ്റല്‍ ഫോട്ടോഫ്രെയിമും സജ്ജീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.