പറയാനുള്ളത് ഇഗ്നിസിനെപ്പറ്റിതന്നെ

കാത്തിരിപ്പിനൊടുവില്‍ ഇഗ്നിസ് പുറത്തിറങ്ങി. അന്വേഷണങ്ങള്‍ തലങ്ങും വിലങ്ങും പായുകയാണ്. വാങ്ങല്‍ശേഷിയില്‍ ഇന്ത്യന്‍ മധ്യവര്‍ഗം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനാല്‍ മാരുതിക്ക് പേടിക്കേണ്ടിവരില്ല. ഇഗ്നിസ്, ബലേനോ ബുക്കിങ്ങുകള്‍ കുതിക്കുന്നതായാണ് വിവരം.
രൂപത്തില്‍ മാറ്റമില്ല
ആദ്യ മാതൃക മുതല്‍ കണ്ട രൂപം തന്നെയാണ് ഇഗ്നിസിന്. വാഗണ്‍ ആറിലൂടെ മാരുതി പരിചയപ്പെടുത്തുകയും ഏറെ ജനപ്രിയമാകുകയും ചെയ്ത ചതുര വാഹനമാണിത്. തുടക്കത്തിലെ പറയാനുള്ളത് ഇതൊരു ടാള്‍ബോയ് ഡിസൈന്‍ വാഹനമാണെന്നാണ്. ടാള്‍ബോയ് എന്നാല്‍ ഉയരമുള്ള കുട്ടി എന്ന് മലയാളം. മുന്നില്‍ കയറി ഇരുന്നാല്‍ നന്നായി റോഡ് കാണാം. ചിലര്‍ വാഹനം കിട്ടിയാല്‍ മൊത്തം ഭാഗങ്ങളും അഴിച്ചുപെറുക്കി തങ്ങള്‍ക്കിഷ്ടപ്പെട്ടവ കൂട്ടിച്ചേര്‍ക്കാറില്ളേ. ഇവിടെ കമ്പനിതന്നെ അത് ചെയ്തിരിക്കുകയാണ്. ഉദാഹരണത്തിന്, അലോയ്വീലുകള്‍ മിക്ക ഇഗ്നിസ് വേരിയന്‍റുകളിലും സ്റ്റാന്‍ഡേഡാണ്. ഹെഡ്ലൈറ്റുകളിലെ യു ആകൃതിയുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സി പില്ലറിലെ ഇരുവശങ്ങളിലെയും സ്രാവ് വരകള്‍, വശങ്ങളിലെ പ്ളാസ്റ്റിക് ക്ളാഡിങ്ങുകള്‍, പിന്നിലെ വലിയ പ്ളാസ്റ്റിക് ഇന്‍സേര്‍ട്ട്, ഉയര്‍ന്ന മോഡലുകളിലെ ബോഡി ഗ്രാഫിക്സുകള്‍ തുടങ്ങി തൊങ്ങലുകളാല്‍ സമൃദ്ധമാണ് വാഹനം.
ഇരട്ടനിറമുള്ള ബ്രെസ്സയിലും ഈ രീതി മാരുതി നേരത്തേ പരീക്ഷിച്ചിട്ടുണ്ട്.


അകത്തളം ആധുനികം  
പഴയ ശാസ്ത്രകഥാ സിനിമകളിലെ അന്യഗ്രഹ വാഹനങ്ങളോടാണ് ഉള്‍വശത്തിന് സാമ്യം. ഇരട്ടനിറമുള്ള ഡാഷ്, ടാബ്ലറ്റ് ചരിച്ചിട്ടപോലുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, മറ്റെങ്ങും കാണാത്ത എ.സി നിയന്ത്രണങ്ങള്‍, വലിയ ഉരുണ്ട എ.സി ജാലകങ്ങള്‍, സെന്‍റര്‍ കണ്‍സോളിലും വാതില്‍പ്പിടികളിലുമുള്ള ബോഡി കളര്‍, ആധുനികമായ സ്റ്റിയറിങ് വീല്‍, ഇതില്‍തന്നെയുള്ള വിവിധ നിയന്ത്രണങ്ങള്‍, വിവിധ സ്ഥലങ്ങളിലെ വെള്ളിത്തിളക്കങ്ങള്‍, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇന്‍സ്ട്രുമെന്‍റ് ക്ളസ്റ്ററിലെ ടി.എഫ്.ടി ഡിസ്പ്ളേ തുടങ്ങി ഒരുപോലെ ആധുനികവും പ്രായോഗികവുമാണ് ഇഗ്നിസ്. പിന്നില്‍ മൂന്നു പേര്‍ക്കിരിക്കാം. ഹെഡ്റൂമും ലെഗ്റൂമും ധാരാളം. എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഓട്ടോമാറ്റിക് എ.സി, റിവേഴ്സ് കാമറ തുടങ്ങിയവയും ഉയര്‍ന്ന മോഡലില്‍ മാത്രമേ ഉള്ളൂ. ഇരട്ട എയര്‍ബാഗുകള്‍, എ.ബി.എസ് ഇ.ബി.ഡി, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവ എല്ലാ വേരിയന്‍റിലുമുണ്ട്.


 

Full View

പഴയ ഹൃദയം
പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിരവധി വകഭേദങ്ങളും വിശാല വില വൈവിധ്യവും ഇഗ്നിസിനുണ്ട്. 4.75ല്‍ തുടങ്ങി 8.02 ലക്ഷത്തില്‍ അവസാനിക്കുന്ന വില നല്ല സാധ്യതയാണ് ഉപഭോക്താവിന് നല്‍കുന്നത്. 1248 സി.സി, 74 ബി.എച്ച്.പി ഡീസലും 1197 സി.സി 82 ബി.എച്ച്.പി പെട്രോളും കണ്ടും കേട്ടും പഴകിയ എന്‍ജിനുകളാണ്. പക്ഷേ, ഇരുവരും കരുത്തും കാര്യക്ഷമതയും തെളിയിച്ചവര്‍. ഡീസല്‍, പെട്രോള്‍ ഓട്ടോമാറ്റിക്കുകളുമുണ്ട്. യഥാക്രമം 26.8, 20.4 എന്നിങ്ങനെ ഇന്ധനക്ഷമതയും ലഭിക്കും.

 

Tags:    
News Summary - maruthi suzki ignis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.