ഔഡി എസ് ക്യു 8

പുതിയ ‘ഔഡി എസ് ക്യു 8’ എസ്.യു.വിയുടെ ബുക്കിങ് ആരംഭിച്ചു; വാഹനം മാർച്ച് 17ന് വിപണിയിൽ

മുംബൈ: ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഇന്ത്യയുടെ ഏറ്റവും പുതിയ ‘ഓഡി എസ് ക്യു 8’ എസ്.യു.വിയുടെ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. മാർച്ച് 17ന് വിപണിയിൽ എത്തുന്ന വാഹനത്തിന്റെ ബുക്കിങ്ങാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകി ഔഡി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ‘മൈ ഓഡി കണക്റ്റ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും വാഹനം ബുക്ക് ചെയ്യാമെന്ന് ഔഡി അറിയിച്ചു.

ഔഡിയുടെ ക്യൂ ശ്രേണിയിൽ ഏറെ പ്രത്യേകതയുള്ള എസ്.യു.വിയാണ് പുതിയ ‘ഔഡി എസ്.ക്യു8. 4.0 ലിറ്റർ വി8 ടി.എഫ്.എസ്.ഐ എൻജിനാണ് ഔഡി എസ്.ക്യു8 മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ 373 കിലോവാട്ട് കരുത്തും 770 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന വാഹനം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കിയിരിക്കുന്നു. മണിക്കൂറിൽ 0–100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 4.1 സെക്കൻഡ് മാത്രമെടുക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

സ്വയം ലോക്ക് ചെയ്യുന്ന സെന്റർ ഡിഫറൻഷ്യൽ ഉൾപ്പെട്ട ഔഡിയുടെ ക്വാട്രോ സ്ഥിര ഓൾ വീൽ ഡ്രൈവ് സംവിധാനവും അഡാപ്റ്റീവ് എയർ സസ്പെൻഷൻ സ്പോർട്ടും ഓൾ വീൽ സ്റ്റിയറിങ്ങും ഉൾപ്പെടെയുള്ള സവിശേഷതകൾ വാഹനത്തിന് ശക്തമായ പ്രകടനവും അതേ സമയം കോൺഫിഡൻസ് പകരുന്നതുമായ ഡ്രൈവിങ് അനുഭവവും നൽകുന്നു.

'ദൈനംദിന ആഡംബരവും ശക്തമായ സ്പോർട്ടി പ്രകടനവും ഒരുമിപ്പിക്കുന്ന മികച്ച എസ്.യു.വിയാണ് ഔഡി എസ്.ക്യു8. ഇന്ത്യയിൽ ഔഡി ക്യൂ 8 മോഡലുകൾക്ക് ലഭിച്ച മികച്ച പ്രതികരണം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. ലഭ്യത പരിമിതമായതിനാൽ സ്‌പോർട്ടി വാഹന പ്രിയരായ ഉപഭോക്താക്കൾ ഉടൻ തന്നെ ബുക്കിങ് ഉറപ്പാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.' ഔഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിങ് ധില്ലോൺ പറഞ്ഞു

Tags:    
News Summary - Bookings for the new ‘Audi SQ8’ SUV have begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.