പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ കരുത്തൻ 'ഡിഫൻഡർ' ഇനി ഇലക്ട്രിക് കരുത്തിൽ. ഡിഫൻഡർ സ്‌പോർട് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഫുൾ ഇലക്ട്രിക് എസ്.യു.വി അടുത്ത വർഷത്തോടെ ആഗോള വിപണിയിൽ എത്തും. മെഴ്‌സിഡസ് ബെൻസിന്റെ ജി-വാഗണുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ഡിഫൻഡർ സ്‌പോർട്ടിന്റെ വരവ്.
ജെ.എൽ.ആർ (JLR) തന്ത്രപരമായ മാറ്റത്തിന്റെ ഭാഗമായി ഡിഫൻഡറിനെ ഒരു സ്വതന്ത്ര ബ്രാൻഡായി പുനഃസ്ഥാപിച്ചതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യത്തെ പുതിയ ഉൽപ്പന്നമാണിത്. നിലവിലുള്ള ഡിഫൻഡർ 90, 110, 130 മോഡലുകൾക്കും കരുത്തനായ ഒക്ട (Octa) വേരിയന്റിനും ഒപ്പമാകും ഇനി ഇലക്ട്രിക് സ്പോർട്ടും ഇടംപിടിക്കുക. ജെ.എൽ.ആറിന്റെ അത്യാധുനികമായ ഇലക്ട്രിക് മോഡുലാർ ആർക്കിടെക്ചർ (EMA) പ്ലാറ്റ്‌ഫോമിലാണ് ഡിഫൻഡർ സ്‌പോർട് നിർമിക്കുന്നത്.
ഏകദേശം 4.5 മീറ്റർ നീളം പ്രതീക്ഷിക്കുന്ന ഈ വാഹനത്തിൽ, ബാറ്ററികൾക്ക് സ്ഥലം ഒരുക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകും. ഇലക്ട്രിക് ആണെങ്കിലും ഡിഫൻഡറിന്റെ പാരമ്പര്യമായ 'എവിടെയും പോകാനുള്ള കഴിവും' (Off-road capability) ഈടും ഒട്ടും ചോർന്നുപോകാതെയാകും നിർമാണം. നിലവിലെ മോഡലുകളേക്കാൾ അഡ്വാൻസ്ഡ് ടെക്‌നോളജിയാകും ഇതിൽ ഉൾപ്പെടുത്തുകയെന്ന് ബ്രാൻഡ് ഡയറക്ടർ മാർക് കാമറൂൺ വ്യക്തമാക്കി.
'ഭാവിയിലെ ഓരോ മോഡലും ഡിഫൻഡർ എന്ന പേരിനോട് നീതി പുലർത്തുന്നതായിരിക്കും. ഏത് ഭൂപ്രകൃതിയിലും സഞ്ചരിക്കാനുള്ള കഴിവും കരുത്തും ഇതിന്റെ പ്രത്യേകതയാണ്.' — മാർക് കാമറൂൺ.
ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോഡലാണെങ്കിലും ഡിഫൻഡർ നിരയിൽ നിന്ന് പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എൻജിനുകൾ അപ്രത്യക്ഷമാകില്ല. ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലുള്ള വൈവിധ്യം കണക്കിലെടുത്ത് എല്ലാ തരം ഇന്ധന ഓപ്ഷനുകളും നിലനിർത്താനാണ് കമ്പനിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.