അത്യാഡംബര സൗകര്യങ്ങളുമായി മെഴ്സിഡീസ് ബെൻസ് തങ്ങളുടെ പുതിയ ഓൾ-ഇലക്ട്രിക് വാൻ 'VLE' അനാച്ഛാദനം ചെയ്തു. കമ്പനിയുടെ 'വിഷൻ വി' (Vision V) കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. മെഴ്സിഡീസിന്റെ പുതിയ 'വാൻ.ഇഎ' പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങുന്ന ആദ്യ മോഡലാണിത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 700 കിലോമീറ്ററിലധികം ദൂരപരിധി (WLTP) സഞ്ചരിക്കാം എന്നത് തന്നെയാണ് ബെൻസിന്റെ ഈ വാനിന്റെ ഏറ്റവും വലിയ പ്രത്യേകത. 115kWh എൻ.എം.സി ബാറ്ററിയാണ് വാനിൽ ഉപയോഗിച്ചിരിക്കുന്നത്. 800V ഇലക്ട്രിക്കൽ ആർക്കിടെക്ചർ ഉള്ളതിനാൽ വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
വായുസഞ്ചാരത്തിന് (aerodynamics) മുൻഗണന നൽകുന്ന രൂപകൽപ്പനയാണ് വാഹനത്തിന്റേത്. ഇതിന്റെ ഡ്രാഗ് കോഎഫിഷ്യന്റ് 0.25 Cd ആണ്. നക്ഷത്രാകൃതിയിലുള്ള ഡി.ആർ.എല്ലുകളും ലൈറ്റ് സ്ട്രിപ്പുകളും വാഹനത്തിന് ആകർഷകമായ ഭംഗി നൽകുന്നു. എട്ടുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഇന്റീരിയറാണ് വി.എൽ.ഇയുടേത്. വാഹനത്തിലെ സീറ്റുകൾ നീക്കം ചെയ്താൽ 4,078 ലിറ്റർ വരെ ലഗേജ് സ്പേസ് ലഭിക്കും.
31.3 ഇഞ്ച് വലിപ്പമുള്ള 8K ഡിസ്പ്ലേയിൽ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, 14 ഇഞ്ചിന്റെ രണ്ട് പാസഞ്ചർ ഡിസ്‌പ്ലൈയും ഉൾപ്പെടും. ഇതോടൊപ്പം 22 സ്പീക്കറുകളുള്ള ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും ഇന്റീരിയറിനെ രാജകീയമാക്കുന്നു. കൂടാതെ മനുവലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന കംഫർട്ട് സീറ്റ്, ഇലക്ട്രികലി അഡ്ജസ്റ്റ് ചെയ്യാവുന്ന പ്രീമിയം കംഫർട്ട് സീറ്റ്, ഗ്രാൻഡ് കംഫർട്ട് സീറ്റ് എന്നിങ്ങനെ മൂന്ന് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന സീറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
കൂടാതെ ഉയർന്ന വകഭേദത്തിൽ തലയണ ഉൾപ്പെടുത്തിയ സീറ്റുകൾ, വയർലെസ് ചാർജർ, ലംബാർ സപ്പോർട്ടുള്ള മസാജിങ് സംവിധാനം, പിൻവശത്ത് യാത്രക്കാർക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ടേബിൾ എന്നിവയും ലഭിക്കുന്നു.
VLE 300, VLE 400 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. VLE 300 മോഡലിന് 276 എച്ച്.പി കരുത്തുണ്ട്. ഓൾ-വീൽ ഡ്രൈവ് സൗകര്യമുള്ള VLE 400ന് 415 എച്ച്.പി ഉയർന്ന കരുത്ത് പകരാൻ കഴിയും. 6.5 സെക്കൻഡുകൾക്കുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ മോഡലിന് സാധിക്കും.
സുരക്ഷക്ക് മുൻഗണന നൽകികൊണ്ട് നിർമിച്ച വാഹനമായതിനാൽ 10 കാമറകൾ, അഞ്ച് റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ എയർ സസ്‌പെൻഷൻ, ഏഴ് ഡിഗ്രി റിയർ-ആക്സിൽ സ്റ്റിയറിങ് എന്നിവ വാഹനത്തെ കൂടുതൽ മികച്ചതാക്കുന്നു.
ഈ അത്യാഡംബര വാൻ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെക്കുറിച്ച് മെഴ്സിഡീസ് ഔദ്യോഗികമായി അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എങ്കിലും, ഇന്ത്യയിലെ ആഡംബര കാർ വിപണിയിലുള്ള വർധിച്ചുവരുന്ന താൽപ്പര്യം കണക്കിലെടുക്കുമ്പോൾ വരുംകാലങ്ങളിൽ ഇത് ഇന്ത്യയിലും എത്തിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.