ഒല റോഡ്സ്റ്റർ എക്സ്
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ വിപ്ലവകരമായ വിലക്കുറവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. പ്രീമിയം മോഡലായ റോഡ്‌സ്റ്റർ (Roadster) ബൈക്കിനാണ് കമ്പനി ഇപ്പോൾ വൻതോതിൽ വില കുറച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രമുഖ പെട്രോൾ ബൈക്കുകളേക്കാൾ കുറഞ്ഞ വിലയിൽ ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങുകയാണ്.
റോഡ്‌സ്റ്റർ സീരീസിലെ എൻട്രി ലെവൽ മോഡലുകൾക്കാണ് പ്രധാനമായും വില കുറച്ചിട്ടുള്ളത്. എൻട്രി ലെവൽ മോട്ടോർസൈക്കിളായ റോഡ്സ്റ്റർ എക്സിന്റെ 2.5 kWh ബാറ്ററി പാക്കിന് 1,04,730 രൂപയായിരുന്നു എക്സ് ഷോറൂം വില. ഹോളി ആഘോഷങ്ങളുടെ ഭാഗമായി വിലകുറച്ചതോടെ 79,999 രൂപ എക്സ് ഷോറൂം വിലയിൽ ഇപ്പോൾ മോട്ടോർസൈക്കിൾ സ്വന്തമാക്കാം. 24,731 രൂപയാണ് ഒറ്റയടിക്ക് ഒല കുറച്ചിട്ടുള്ളത്. ഇത് ഹീറോ മോട്ടോർകോർപിന്റെ ജനപ്രിയ മോഡലായ സൂപ്പർ സ്‌പ്ലെൻഡറുമായി താരതമ്യം ചെയ്യുമ്പോൾ 849 രൂപയുടെ വിലക്കുറവ് ലഭിക്കുന്നു.
വൻ ആനുകൂല്യങ്ങൾക്കും വിലക്കുറവിനും പുറമെ 'മുഹൂറത്ത് മഹോത്സവ്' എന്ന പേരിൽ പരിമിതകാല പ്രമോഷണൽ ഓഫറുകളും ഒല അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിൽ 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ സമയത്ത് വാഹനം ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഉത്സവ വിലയിൽ ബൈക്ക് സ്വന്തമാക്കാം. 5,000 രൂപ വരെയുള്ള മറ്റ് ഡിസ്‌കൗണ്ടുകളും ഈ സമയം ലഭിക്കും. അതോടൊപ്പം ഇരുചക്ര വാഹനങ്ങൾക്ക് 8 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റിയും ലഭിക്കുന്നു.
നിലവിലുള്ള വാഹന ഉടമകൾക്കായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒല പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഇലക്ട്രിക് വാഹനം നൽകി പുതിയ ഒല വാങ്ങുമ്പോൾ 50,000 രൂപ വരെ ഇളവ് ലഭിക്കും. നിലവിൽ ഒല ഉടമയായ ഒരാൾ അതേ പേരിൽ മറ്റൊരു ഒല വാഹനം കൂടി വാങ്ങുകയാണെങ്കിൽ 20,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ഇതിൽ മൂവ് ഒ.എസ് (MoveOS) പ്ലാറ്റ്‌ഫോം വഴിയുള്ള ക്യാഷ്ബാക്കും സോഫ്റ്റ്‌വെയർ അപ്ഡേഷനുകളും ഉൾപ്പെടുന്നു. പെട്രോൾ വില വർധനവിൽ വലയുന്ന സാധാരണക്കാർക്ക് മികച്ചൊരു ബദലായി മാറിയിരിക്കുകയാണ് ഒലയുടെ ഈ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.