മഹീന്ദ ബിഇ 6 ഫോർമുല എഡിഷൻ സ്വന്തമാക്കിയ അജിത് കുമാർ
ഇന്ത്യൻ സിനിമ താരങ്ങളിൽ റേസിങ് ഇമ്പം കൂടുതലുള്ള നടനാണ് അജിത് കുമാർ. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും നിരവധി മത്സരങ്ങളിൽ പങ്കെടുത്ത അജിത് അനവധി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ദശാബ്‌ദ കാലത്തോളം റേസിങ് ട്രാക്കിൽ കുതിച്ചുപാഞ്ഞ അജിത്തിന്റെ പുതിയ യാത്രകൾക്ക് കൂട്ടാവുകയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വിയായ ബിഇ 6ന്റെ ഫോർമുല എഡിഷൻ.
2025 നവംബറിൽ മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ എത്തിച്ച ഇലക്ട്രിക് എസ്.യു.വിയാണ് ബിഇ 6 ഫോർമുല എഡിഷൻ. റേസിങ് മത്സരങ്ങൾക്ക് അനുയോജ്യമായി നിർമിച്ച എസ്.യു.വിയുടെ എഫ്.ഇ 2 മോഡലിന്റെ പ്രാരംഭ വില 23.69 ലക്ഷം രൂപയും (എക്സ് ഷോറൂം) എഫ്.ഇ 3 വേരിയന്റിന് 24.49 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ദുബൈയിൽ കുടുങ്ങിയ അജിത് ഈ ആഴ്ച ആദ്യം സുരക്ഷിതമായി ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു. പിന്നാലെ ഷിർദി സായിബാബ ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാർത്ഥന നടത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിന് ശേഷമാണ് താരം തന്റെ പുതിയ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.
ബിഇ 6 ഫോർമുല എഡിഷന്റെ ടാങ്കോ റെഡ് (Tango Red) നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. ഇരു മോഡലുകളിലും 79kWh ന്റെ ഉയർന്ന ബാറ്ററി പക്കാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ബാറ്ററി എ.ആർ.എ.ഐ സർട്ടിഫൈഡ് റേഞ്ച് അനുസരിച്ച് 683 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 79kWh ബാറ്ററി പാക്കിന്റെ 210 kW ഇലക്ട്രിക് മോട്ടോർ പരമാവധി 282 ബി.എച്ച്.പി കരുത്തും 380 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 0-100 കിലോമീറ്റർ വേഗത വെറും 6.7 സെക്കൻഡിൽ കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 202 km/h ആണ്.
ബി.ഇ 6നെ അപേക്ഷിച്ച് സ്പെഷ്യൽ എഡിഷനിൽ മുൻവശത്തായി പുതിയ ബമ്പർ മഹീന്ദ്ര ഉൾപ്പെടുത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള പ്രൊജക്റ്റർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ബെസലുകൾ, ഫയർസ്റ്റോം ഓറഞ്ച് നിറത്തിലുള്ള ബോൾഡ് ആക്സന്റുകൾ എന്നിവയോടുകൂടിയാണ് പുതിയ മുൻ ബമ്പർ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പോർട്ടി റിയർ ബൂട്ട് ലിപ്, റൂഫ് സ്‌പോയിലറുകൾ എന്നിവ എയറോഡൈനാമിക്സിന് കൂടുതൽ മികവ് നൽകുന്നു.
വിൻഡ്‌ഷീൽഡിലെ 'മഹീന്ദ്ര ഫോർമുല ഇ' സെറാമിക് ബ്രാൻഡിങ്, പാനലുകൾ, എഫ്.ഐ.എ ലോഗോകൾ, റൂഫ്, കാർപെറ്റ് ലാമ്പുകൾ എന്നിവിടങ്ങളിലെ ഫോർമുല ഇ ഡെക്കലുകൾ മോട്ടോർസ്‌പോർട്ട് ഡിസൈനുകൾ സൂചിപ്പിക്കുന്നു. ഗ്ലാസ് റൂഫിലും ബോണറ്റിലുമുള്ള 12-സ്ട്രൈപ്പ് ഗ്രാഫിക്സുകൾ, ബി.ഇ 6 ഫോർമുല ഇ റിയർ ബാഡ്ജിങ്, ലിക്വിഡ്-മെറ്റൽ ഫിനിഷ് ചെയ്ത ക്ലാഡിങ്, സ്‌കിഡ് പ്ലേറ്റുകൾ, ഡോറുകൾ, ഫെൻഡറുകൾ, ബോണറ്റ് എന്നിവിടങ്ങളിലെ റേസ്-സ്റ്റൈൽ ഗ്രാഫിക്സുകൾ എന്നിവ വാഹനത്തിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.
വാഹനത്തിന്റെ ഇന്റീരിയറിലും ഫയർസ്റ്റോം ഓറഞ്ച് നിറം കാണാൻ സാധിക്കും. എഫ്.ഐ.എ എക്സ് ഫോർമുല ഇ പ്ലാക്ക് ഇന്റീരിയറിലെ ഒരു പ്രധാന ഹൈലൈറ്റാണ്. ഡാഷ്‌ബോർഡിലും സീറ്റുകളിലും പുതിയ ലോഗോ നൽകിയിട്ടുണ്ട്. കൂടാതെ എഫ്.ഐ.എ ബ്രാൻഡിൽ സീറ്റ് ബെൽറ്റുകൾ വാഹനത്തിന് കൂടുതൽ റേസിങ് അനുഭവം സമ്മാനിക്കും. ഡൈനാമിക് സ്പീക്കറുകൾ, വയർലെസ് ചാർജിങ്, റേസ്-സ്റ്റൈൽ സ്റ്റാർട്ട്/സ്റ്റോപ്പ് ഫ്ലാപ്പ്, കസ്റ്റം സ്റ്റാർട്ടപ്പ് അനിമേഷൻ, എക്സ്റ്റീരിയർ എഞ്ചിൻ ശബ്ദങ്ങൾ എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.
മഹീന്ദ്ര സ്പെഷ്യൽ എഡിഷന് കൂടുതൽ കരുത്ത് നൽകുന്നതോടൊപ്പം മികച്ച സുരക്ഷയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 360-ഡിഗ്രി കാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ആറ് എയർബാഗുകൾ എന്നിവക്ക് പുറമെ അഡ്വാൻസ്ഡ് ബ്രേക്ക്-ബൈ-വയർ ടെക്നോളജി, ഇൻ്റലിജൻ്റ് ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റർ, ഓൾ-വീൽ ഡിസ്ക് ബ്രേക്ക് എന്നിവയും നൽകിയിട്ടുണ്ട്. കൂടാതെ ഡ്രൈവർ മയക്കത്തിലാണോ എന്ന് കണ്ടെത്താനുള്ള സംവിധാനം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഫ്രണ്ട്, റിയർ പാർക്കിങ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ബി.ഇ 6 ഫോർമുല ഇ എഡിഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.
തന്റെ റേസിങ് ജീവിതത്തോടുള്ള ആദരസൂചകമായാണ് താരം ഈ വാഹനം സ്വന്തമാക്കിയത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻസോഷ്യൽ മീഡിയയിലൂടെ അജിത്തിന് ആശംസകൾ നേർന്നു. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് റേസിങ്ങിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അജിത് ഇപ്പോൾ. 2025ൽ റേസിങ്ങിലേക്ക് തിരിച്ചെത്തിയ താരം 'അജിത് കുമാർ റേസിങ്' എന്ന സ്വന്തം ടീമിന് നേതൃത്വം നൽകുന്നുണ്ട്. ഇറ്റലിയിൽ നടക്കാനിരിക്കുന്ന 'മിഷെലിൻ 12എച്ച് മുഗെല്ലോ' (Michelin 12H Mugello) ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതിനായി അദ്ദേഹം ഇതിനകം ദുബൈയിലേക്ക് മടങ്ങി. 2026ലെ ലെ മാൻസ് കപ്പിലും (Le Mans Cup) അജിത് മത്സരിക്കുന്നുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ഒരു റേസിങ് ചിത്രം അജിത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.