ന്യൂഡൽഹി: വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മൂന്നാം തലമുറ റെനോ ഡസ്റ്റർ ഇന്ത്യൻ വിപണിയിലെത്തി. 2022ൽ നിർത്തലാക്കിയ ഡസ്റ്റർ ബ്രാൻഡിന്റെ ശക്തമായ തിരിച്ചുവരവാണിത്. പുതിയ ഡിസൈനിലും അത്യാധുനിക ഫീച്ചറുകളോടെയും വിപണിയിൽ എത്തുന്ന മിഡ്-സൈസ് എസ്.യു.വിയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 10.29 ലക്ഷം രൂപ മുതലാണ്. ഏറ്റവും ടോപ് എൻഡ് വകഭേദത്തിന് 18.49 ലക്ഷം രൂപയും.
ഓതന്റിക് (Authentic), ഇവല്യൂഷൻ (Evolution), ടെക്നോ (Techno), ടെക്നോ പ്ലസ് (Techno+), ഐക്കോണിക് (Iconic) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് പുത്തൻ ഡസ്റ്റർ വിപണിയിൽ എത്തുന്നത്. 21,000 രൂപ അഡ്വാൻസ് നൽകി 'ആർ പാസ്" വഴി മാർച്ച് 31 വരെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ ബുക്ക് ചെയ്യാം. ശേഷം ഏപ്രിൽ മുതൽ ടർബോ-പെട്രോൾ വേരിയന്റുകളുടെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ആധുനിക ഡിസൈനും അത്യാധുനിക ഫീച്ചറുകളോടെയും വിപണിയിൽ എത്തുന്ന ഡസ്റ്ററിന് രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. 1.0 ലിറ്റർ ആദ്യ ടർബോ പെട്രോൾ എൻജിൻ പരമാവധി 100 എച്ച്.പി കരുത്തും 160 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഈ എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. രണ്ടാമതായി ഡസ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ, 163 എച്ച്.പി കരുത്തും 280 എൻ.എം ഉയർന്ന ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തെ കൂടുതൽ കരുത്തിൽ ചലിപ്പിക്കുന്നു. ഈ രണ്ട് ടർബോ എൻജിനുകൾക്ക് പുറമെ 1.8 ലിറ്റർ സ്ട്രോങ്ങ്-ഹൈബ്രിഡ് പതിപ്പും ഡസ്റ്ററിന് ലഭിക്കുന്നു.
പുതിയ 'റെനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റഫോം' (ആർ.ജി.എം.പി) അടിസ്ഥാനമാക്കി നിർമിച്ച ഡസ്റ്ററിന് കൂടുതൽ കരുത്തുറ്റ രൂപമാണുള്ളത്. എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, 212 എം.എം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ മിഡ്-സൈസ് എസ്.യു.വിയുടെ പ്രത്യേകതയാണ്. കൂടാതെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ തുടങ്ങിയ ഫീച്ചറുകളും ഇന്റീരിയറിൽ നൽകിയിട്ടുമുണ്ട്.
സുരക്ഷക്ക് മുൻഗണന നൽകികൊണ്ട് ഇന്ത്യയിൽ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം) ഫീച്ചറുമായി എത്തുന്ന ആദ്യ റെനോ മോഡലാണിത്. ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്. കൂടാതെ ഏഴ് വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വരെ വാറന്റിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഇതുവരെ ക്രാഷ് ടെസ്റ്റുകളിൽ പങ്കെടുക്കാത്ത റെനോ ഡസ്റ്റർ, ഭാരത് എൻ.സി.എ.പി, ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടാനുള്ള ശ്രമത്തിലാണ്.
ഇന്ത്യയിൽ വാഹനം പുറത്തിറക്കിയതിന് പിന്നാലെ പുതിയൊരു സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയും റെനോ തുടക്കം കുറിച്ചിട്ടുണ്ട്. ഡൗൺ പേയ്മെന്റ് ഇല്ലാതെ, ഇൻഷുറൻസും സർവീസും അടക്കം ഒരു നിശ്ചിത മാസത്തുക നൽകി വാഹനം ഉപയോഗിക്കാൻ ഇത് സഹായിക്കും. ഏപ്രിൽ 1 മുതൽ ഈ പദ്ധതി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽത്തോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വമ്പൻമാരുമായാണ് ഡസ്റ്റർ വിപണിയിൽ ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.