‘സർവം മായ’ എന്ന സിനിമയിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയത് അറിഞ്ഞുകാണുമല്ലോ. സിനിമ ഒ.ടി.ടിയിൽ വന്ന ശേഷമാണ് ഈ രംഗം വലിച്ചുകീറി പരിശോധിക്കുകയും ഇതിലെ തെറ്റും ശരിയും ലോജിക്കും ചർച്ചയാവുകയും ചെയ്തത്. റോഡിന്റെ വലതുവശത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ കോ ഡ്രൈവർ സീറ്റ് അശ്രദ്ധയോടെ പെട്ടെന്ന് തുറന്നപ്പോൾ പിന്നാലെ വന്ന വണ്ടിയിടിച്ച് ഡെലൂലു എന്ന കഥാപാത്രം അപകടത്തിൽപ്പെടുന്നതും തുടർന്ന് മരിക്കുന്നതുമാണ് ആ സീൻ.
സിനിമയാണെങ്കിൽപോലും നിത്യജീവിതത്തിൽ നമ്മൾ കാണിക്കുന്ന ചെറിയൊരു അശ്രദ്ധ എത്ര വലിയ ദുരന്തത്തിലേക്ക് നയിക്കാം എന്നതിന്റെ വലിയൊരു ഓർമപ്പെടുത്തലാണിത്.
ഇത്തരം അപകടങ്ങളെ ‘ഡോറിങ്’ എന്നാണ് വിളിക്കുന്നത്. കാറിൽനിന്ന് ഇറങ്ങാൻ നേരം പിന്നിൽ നിന്ന് വണ്ടി വരുന്നുണ്ടോ എന്ന് നോക്കാതെ പെട്ടെന്ന് വാതിൽ തുറക്കുന്നതാണ് ഇതിന് കാരണം. സൈക്കിൾ മുതൽ വലിയ വാഹനങ്ങൾവരെ പിന്നിൽനിന്ന് വരുന്നുണ്ടാകും. ചെറു വാഹനങ്ങളാണെങ്കിൽ അവർക്കും വലിയ വാഹനമാണെങ്കിൽ നമ്മുടെയും ജീവൻ തന്നെ അപകടത്തിൽ പെടുത്തിയേക്കാവുന്ന അശ്രദ്ധയാണിത്. ഇന്ത്യയിലെ നിയമപ്രകാരം വണ്ടികൾ ഇടതുവശം ചേർന്നാണ് പോകേണ്ടത് എന്നതുകൊണ്ടുതന്നെ റോഡിന്റെ വലതുവശത്ത് വാഹനം നിർത്തി ഡോർ തുറക്കുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഇത് ഒഴിവാക്കാൻ റോഡ് സുരക്ഷ വിദഗ്ധർ മുന്നോട്ടുവെക്കുന്ന എളുപ്പവഴിയാണ് ‘ഡച്ച് റീച്ച്’ രീതി. വളരെ സിമ്പിളാണ്!
കാറിന്റെ ഡോർ തുറക്കാൻ അതിനോട് ഏറ്റവും അടുത്തുള്ള കൈ ഉപയോഗിക്കാതെ, ദൂരെയുള്ള കൈ ഉപയോഗിക്കുക എന്നതാണ് ഈ രീതി. ഉദാഹരണത്തിന്, ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾ വാതിൽ തുറക്കാൻ തന്റെ വലതുകൈക്ക് പകരം ഇടതുകൈ ഉപയോഗിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീരം താനേ പിന്നിലേക്ക് തിരിയുകയും റോഡിലൂടെ വരുന്ന മറ്റു വാഹനങ്ങൾ പെട്ടെന്ന് നമ്മുടെ കണ്ണിൽപ്പെടുകയും ചെയ്യും.
നെതർലൻഡ്സിലാണ് ഈ രീതി ആദ്യമായി പ്രചാരത്തിൽ വന്നത്. അതുകൊണ്ടാണ് ഇതിന് ‘ഡച്ച് റീച്ച്’ എന്ന പേര് വന്നത്. രാത്രിയായാലും പകലായാലും വണ്ടിയിൽനിന്നിറങ്ങുന്നതിന് മുമ്പ് മിററുകൾ ശ്രദ്ധിക്കാനും ഈ ഡച്ച് റീച്ച് രീതി ശീലമാക്കാനും ശ്രമിക്കുക വഴി ഒരാളുടെ വിലപ്പെട്ട ജീവൻപോലും രക്ഷിക്കാനാകും.
വാതിൽ തുറക്കാൻ അതിനോട് ഏറ്റവും അടുത്തുള്ള കൈ ഉപയോഗിക്കാതെ, ദൂരെയുള്ള കൈ ഉപയോഗിക്കുക (ഉദാഹരണത്തിന്, ഡ്രൈവർ സീറ്റിലുള്ളയാൾ ഇടതുകൈ ഉപയോഗിച്ച് വാതിൽ തുറക്കുക). ഇങ്ങനെ ചെയ്യുമ്പോൾ ശരീരം സ്വാഭാവികമായും പിന്നിലേക്ക് തിരിയുകയും പുറകിൽനിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് കണ്ണിൽപ്പെടുകയും ചെയ്യും.
വാഹനം ഓടിക്കാൻ മാത്രമേ നമ്മൾ പഠിക്കുന്നുള്ളൂ. എങ്ങനെ ഓടിക്കണം, എങ്ങനെ സിഗ്നലുകൾ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കാതിരിക്കണം, എവിടെ വാഹനം പാർക്ക് ചെയ്യണം, മാർഗമധ്യേ വാഹനങ്ങൾ തമ്മിൽ എത്ര അകലം പാലിക്കണം, ഓവർടേക്ക് എപ്പോൾ എങ്ങനെ വേണം, ഇടവഴികളിലേക്ക് തിരിയുന്നതിന് എത്ര മീറ്റർ അകലെ ഇൻഡിക്കേറ്റർ ഇടണം, വാഹനത്തിൽ ഇൻഡിക്കേറ്ററോ ബ്രേക്ക് ലൈറ്റോ നിയമാനുസരണമുള്ള ബൾബുകൾ ഉപയോഗിച്ചാണോ പ്രകാശിക്കുന്നത്, എല്ലാ ബൾബുകളും പ്രവർത്തനക്ഷമമാണോ? ഇൻഡിക്കേറ്ററിട്ടാൽ അപ്പോതന്നെ എങ്ങോട്ടു വേണമെങ്കിലും വളയ്ക്കാൻ അവകാശമുണ്ടോ? എന്നൊക്കെ എത്രപേർ ശ്രദ്ധിക്കാറുണ്ട്?
ബസ് സ്റ്റോപ്പുകളിൽ ചേർത്തുനിർത്തി യാത്രക്കാരെ സുരക്ഷിതമായി കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന എത്ര ബസുകൾ കാണും നമ്മുടെ നാട്ടിൽ. റോഡിന് നടുവിൽതന്നെ നിർത്തി അപകടകരമായ രീതിയിൽ യാത്രക്കാർ ബസിൽ കയറുകയും ഇറങ്ങുകയും വേണം. മറ്റു ചെറിയ വാഹനങ്ങൾക്കൊന്നും സ്റ്റോപ്പുകളിൽ നിർത്തിയിട്ടിരിക്കുന്ന ബസിനെ കടന്നുപോകാൻ കഴിയില്ല. പിന്നിൽ നിർത്തി കാത്തിരിക്കണം. ഇതുമൂലമുള്ള ബ്ലോക്കുകൾ വേറെ! ഇതൊന്നും ശ്രദ്ധിക്കാൻ അധികൃതർ മെനക്കെടാറുമില്ല. വളവുകളിൽ പതുങ്ങിയിരുന്ന് ഹെൽമറ്റില്ലാതെ വരുന്നവരെ തടഞ്ഞുനിർത്തി പിഴയീടാക്കാനുള്ള ഉത്സാഹത്തിന്റെ പകുതിയെങ്കിലും ആത്മാർഥത അധികൃതർ കാണിച്ചിരുന്നെങ്കിൽ. ഏറ്റവും പരിതാപകരം റോഡ് സൈഡിൽ നിർത്തിയിട്ട ശേഷം പെട്ടെന്ന് എടുക്കുന്ന വണ്ടികളാണ്. നിർത്തിയ വണ്ടികൾ എടുക്കുമ്പോൾ മൂന്ന് മിററിലും നോക്കി പിന്നിൽനിന്ന് വരുന്ന വണ്ടികളെ കടത്തിവിട്ടുവേണം മുന്നോട്ടെടുക്കാൻ. എന്നാൽ, നിർത്തിയിട്ട വണ്ടി ഒറ്റ എടുപ്പാണ്. മറ്റൊന്ന് വലത്തേക്ക് വളയ്ക്കുന്ന ആൾ പിന്നിലെയും മുന്നിലെയും വണ്ടി നോക്കി എടുക്കുന്നത് മാത്രം അല്ല ശരിയായ രീതി. എതിരെ വരുന്ന വാഹനങ്ങളെ കൂടി പരിഗണിക്കണം. ഇടത് ചേർന്ന് അപ്പുറത്തെ റോഡിന്റെ ഇടത് വശം കേറുന്നതിനു പകരം വലത്തേക്ക് തള്ളി നടുവിലോ അൽപം വലത്തേക്ക് മാറിയോ വളച്ചു കേറ്റുന്നതും സാധാരണമാണ്. ഇതെല്ലാം നിസ്സാരമായി ശ്രമിച്ചാൽ മാറ്റിയെടുക്കാവുന്ന ശീലങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.