വലിച്ചുനീട്ടിയ ബെന്‍സ്


ആഡംബരമെന്നാന്‍ ബെന്‍സ് എന്നുമാത്രം അടയാളപ്പെടുത്തിയൊരു കാലമുണ്ടായിരുന്നു. കാള്‍ ബെന്‍സും ഗോട്ടീബ് ഡെയിംലറും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയുടെ ഖ്യാതി നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇളകിയിട്ടില്ളെങ്കിലും ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രധാന എതിരാളി ബി.എം.ഡബ്ള്യു തന്നെ. കുറേനാള്‍ മുമ്പ് ഇന്ത്യന്‍ ആഡംബര വാഹന വിപണിയില്‍ ബെന്‍സിനെ പിന്തള്ളി ബീമര്‍ ഒന്നാമതത്തെിയിരുന്നു. അപകടം തിരിച്ചറിഞ്ഞ ബെന്‍സ് വാഹനനിരയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തി. യുവത്വം നഷ്ടപ്പെട്ടതും ദീര്‍ഘകാലം ഒന്നാമത് തുടര്‍ന്നതിന്‍െറ ആലസ്യവുമായിരുന്നു തങ്ങളുടെ പ്രശ്നമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ബെന്‍സ് തന്നെയായിരുന്നു. പിന്നൊരു കുത്തൊഴുക്കായിരുന്നു. 

സുന്ദരക്കുട്ടപ്പന്മാരായ കുറേ ചുള്ളന്‍ വാഹനങ്ങള്‍ പുറത്തിറക്കിയായിരുന്നു കളി. അതോടെ നഷ്ടപ്രതാപം വീണ്ടെടുത്തു. ബെന്‍സിന്‍െറ എന്നത്തെയും കരുത്ത് സെഡാനുകളായിരുന്നു. സി, ഇ, എസ് എന്നിങ്ങനെ മൂന്ന് ക്ളാസുകളായി തിരിച്ചായിരുന്നു വില്‍പ്പന. പാവപ്പെട്ട മുതലാളിമാര്‍ സി ക്ളാസും ഇടത്തരക്കാന്‍ ഇ ക്ളാസും അതി സമ്പന്നര്‍ എസ് ക്ളാസും വാങ്ങി ഡ്രൈവറെ വെച്ച് ഓടിപ്പിച്ചു. യുവത്വ വിപ്ളവത്തിനിടയിലും ബെന്‍സിന് തങ്ങളുടെ തുറുപ്പുചീട്ടുകളെ മറക്കാനാകില്ല. ഇ ക്ളാസിന്‍െറ വീല്‍ബേസ് കൂട്ടിയ വാഹനം പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

ബി.എം.ഡബ്ള്യു ഫൈവ്, സെവന്‍ സീരീസുകള്‍ വോള്‍വൊ എസ് 90, ജാഗ്വാര്‍ എക്സ് ജെ തുടങ്ങി ഘടാഘടിയന്‍ എതിരാളികളെ ഒതുക്കുകയാണ് ലക്ഷ്യം. ചൈനയില്‍ മാത്രം വിറ്റിരുന്ന ഇ ക്ളാസാണിത്. അതിവിശാലമായ പിന്‍സീറ്റാണ് പ്രത്യേകത. മുതലാളിമാരെ ആകര്‍ഷിച്ച് പ്രതാപം തിരിച്ചുപിടിക്കുകയാണ് ബെന്‍സിന്‍െറ ലക്ഷ്യമെന്ന് വ്യക്തം. പുറത്തുനിന്ന് നോക്കിയാല്‍ നല്ല വലുപ്പം തോന്നുന്ന വാഹനമാണ് ഇ ക്ളാസ്. അഴക് ഒഴുകിയിറങ്ങുന്ന രൂപം. മെര്‍ക്കിന്‍െറ പുതിയ ഡിസൈന്‍ തീമായ ‘ടി’ ആണ് ഇ ക്ളാസിനും. ചിലപ്പോഴൊക്കെ എസ് ക്ളാസാണെന്ന് തെറ്റിദ്ധരിച്ചുപോകുന്ന രൂപമാണിത്. ഹെഡ്ലൈറ്റുകള്‍ മൊത്തമായും എല്‍.ഇ.ഡിയിലാണ്. 2987 സി.സി വി സിക്സ് ഡീസല്‍ എന്‍ജിന്‍ 258 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കും. 1991 സി.സി നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 184 ബി.എച്ച്.പി കരുത്തുള്ളതാണ്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്. 3079 എം.എം വീല്‍ബേസും 120 എം.എം ഗ്രൗണ്ട് ക്ളിയറന്‍സുമുണ്ട്. ആവശ്യമെങ്കില്‍ ഗ്രൗണ്ട് ക്ളിയറന്‍സ് 15 എം.എം ഉയര്‍ത്താനാകും. 17 ഇഞ്ച് 10 സ്പോക്ക് അലോയ് വീലുകള്‍ ആകര്‍ഷകം. 

ഉള്ളില്‍ മറ്റെല്ലാ ബെന്‍സുകളെയുംപോലെ ആഡംബരപ്പെരുമഴയാണ്. ധാരാളം ഇടം തന്നെയാണ് ആദ്യ ആകര്‍ഷണഘടകം. ലെതറും ക്രോമിയവും ചേര്‍ത്താണ് അവസാന മിനുക്കുപണി ചെയ്തിരിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് രാജകീയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാലുകള്‍ നീട്ടിവെച്ച് വിശാലമായി ഇരിക്കാം. ഹെഡ്റെസ്റ്റുകളില്‍ പ്രത്യേക തലയിണകള്‍കൂടി നല്‍കിയിട്ടുണ്ട്. ബാക്ക് റെസ്റ്റുകള്‍ ഇലക്ട്രിക് ആയി താഴ്ത്താം. വലിയ പനോരമിക് സണ്‍റൂഫ് ഉള്‍വശത്തിന് കൂടുതല്‍ വിശാലത തോന്നിക്കുന്നു.

മൂന്നുപേര്‍ക്ക് ഇരിക്കാനാകുമെങ്കിലും മധ്യത്തിലെ വലിയ ടണല്‍ ചെറിയ അസൗകര്യമാകാന്‍ ഇടയുണ്ട്. വലിയ ആംറെസ്റ്റുകള്‍ താഴ്ത്തിവെച്ച് രണ്ടുപേര്‍ യാത്ര ചെയ്യുന്നതാണ് നല്ലത്. മൂന്ന് മേഖലകളായി തിരിച്ച എയര്‍കണ്ടീഷനാണ് വാഹനത്തിന്. നാല് എ.സി വെന്‍റുകള്‍ പിന്നിലും ആറെണ്ണം മുന്നിലുമുണ്ട്. 64 നിറങ്ങളിലെ ആംബിയന്‍റ് ലൈറ്റിങ് യാത്ര ആസ്വാദ്യകരമാക്കും. ചൈനയിലെ കാറില്‍നിന്ന് വ്യത്യസ്തമായി ഇന്‍സ്ട്രുമെന്‍റ് പാനല്‍ മൊത്തം ഡിജിറ്റലല്ല. സ്പീഡോമീറ്ററും ആര്‍.പി.എം മീറ്ററും പരമ്പരാഗത രൂപത്തിലാണ്. 12.3 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം ഉപയോഗിച്ച് വാഹനത്തെ പൂര്‍ണമായി നിയന്ത്രിക്കാം. 13 സ്പീക്കറുള്ള 590 വാട്ട് ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി കാമറ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. വില: 65-70 ലക്ഷം.

Tags:    
News Summary - benz e class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.