ലേറ്റസ്റ്റായി ബലേനോ

ഇന്ത്യയില്‍ മാരുതി സുസുക്കി വിപണിയില്‍ നിന്ന് പിന്‍വലിച്ച കാറുകള്‍ ധാരാളമുണ്ട്. 800 എന്ന ഇതിഹാസ മോഡല്‍ മുതല്‍ എസ്റ്റീമും വേഴ്സയും ഗ്രാന്‍ഡ് വിറ്റാറയും വരെ. ഇതില്‍ ചിലത് പരാജയപ്പെട്ടവയായിരുന്നെങ്കില്‍ ചിലത് ജനഹൃദയങ്ങള്‍ കീഴടക്കിയതാണ്. 1999ല്‍ കമ്പനി പുറത്തിറക്കുകയും 2007ല്‍ നിര്‍ത്തലാക്കുകയും ചെയ്ത ബലേനൊ ഇതില്‍ രണ്ടാമത്തെ വിഭാഗത്തതില്‍ വരും. അത്ര വിജയമായിരുന്നില്ല ഈ കാര്‍. ഇപ്പോഴിതാ പഴയ ബലേനോയെ പുനരവതരിപ്പിക്കുകയാണ് കമ്പനി. പുതിയ വരവില്‍ ഒന്നും പഴയതുപോലെയാകില്ല എന്നാണ് വിവരം. ആദ്യത്തേത് സെഡാനായിരുന്നെങ്കില്‍ പുതിയത് ഹാച്ചാണ്. മത്സരം പ്രീമിയം വാഹനങ്ങളായ എലൈറ്റ് 120, പോളോ, ജാസ് തുടങ്ങിയവയോടും. 2015ലെ ജനീവ മോട്ടോര്‍ ഷോയിലാണ് iK-2 എന്ന കോഡ് നെയിമില്‍ പരിഷ്കരിച്ച ബലേനോ ആദ്യം അവതരിപ്പിക്കുന്നത്. ബലേനോ YRA എന്നാണ് പേര് നിശ്ചയിച്ചിരുന്നത്. സെപ്തംബര്‍ 15ന് ആരംഭിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷേയായില്‍ പൂര്‍ണ്ണരൂപത്തില്‍ വാഹനം കാണാനാകും. കാറിന്‍െറ ലോക വിപണിയിലേക്കുള്ള അരങ്ങേറ്റമാകും അവിടെ നടക്കുക. ലോക വ്യാപകമായി ബലേനോ എന്നാണ് വാഹനം അറിയപ്പെടുകയെങ്കിലും ഇന്ത്യയില്‍ അത് മാറാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി നല്‍കുന്ന സൂചന. നേരത്തെ പരാജയപ്പെട്ട ഒരു മോഡല്‍ അതേ പേരില്‍ പുറത്തിറക്കുന്നതിനുള്ള വിമുഖതയാണ് കാരണം.


രൂപഭംഗി
നിര്‍മാണത്തിലും രൂപഭംഗിയിലുമൊക്കെ നിലവിലെ മാരുതികള്‍ക്ക് മുകളിലാണ് ബലേനോ. എസ്.ക്രോസിന്‍െറ അവതരണത്തിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ശ്രേണിയിലേക്കാണ് ബലേനയുടെ വരവ്. ഭാരം കുറഞ്ഞ നിര്‍മാണ രീതിയാണ് ഒരു പ്രത്യേകത. ഇത് ഇന്ധനക്ഷമത ഉള്‍പ്പടെ വര്‍ദ്ധിപ്പിക്കും. തീരെ മെലിഞ്ഞ് സുന്ദരമായ ശരീരഭാഷയല്ല ബലേനോക്ക്. അല്‍പ്പം തടിച്ച് കൃത്യമായ വടിവുകളോടെയാണ് ഇവന്‍െറ നില്‍പ്പ്. പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ്ലൈന്‍, എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പ്രത്യേകതകളാണ്. മുന്നിലെ വലിയ വി ആകൃതിയിലുള്ള ഗ്രില്ലില്‍  സുസുക്കി ലോഗോ കാണാം. വലിയ എയര്‍ഡാമുകള്‍ക്ക് ഇരുവശങ്ങളിലായി ഫോഗ്ലാംമ്പുകള്‍ പിടിപ്പിച്ചിരിക്കുന്നു. ഉയര്‍ന്ന മോഡലുകള്‍ക്ക് അലോയ്വീലുകളും അല്‍പ്പം താഴ്ന്നവയ്ക്ക് സ്റ്റീല്‍ റിമ്മുകളുമാണുള്ളത്. വാഹന ഭാരം കുറക്കാനും ഇത് സഹായിക്കും. 4023എം.എം നീളവും 1920എം.എം വീതിയും 1450എം.എം ഉയരവുമുള്ള വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന ഗ്രൗണ്ട് ക്ളിയറന്‍സ് 160എം.എം ആണ്.


ഉള്‍വശവും എഞ്ചിനും
ഒരു പ്രീമിയം കാറിന് വേണ്ട എല്ലാ പ്രത്യേകതകളും ഉള്ളതാണ് ബലേനോയുടെ ഉള്‍വശം. അഞ്ചുപേര്‍ക്ക് സുഖമായിരിക്കാം. ഡ്രൈവര്‍ സീറ്റുകള്‍ ഉയരം ക്രമീകരിക്കാവുന്നത. കറുത്ത നിറത്തോടൊപ്പം മെറ്റാലിക് ഫിനിഷും ചേരുമ്പോള്‍ നല്ല ആഢ്യത്വം നിറയും. വിവിധോദ്ദേശ്യ സ്റ്റിയറിങ്ങ് വീല്‍, ബ്ളൂടൂത്തോടുകുടിയ മ്യൂസിക് സിസ്റ്റം, ഏഴ് ഇഞ്ച് സ്മാര്‍ട്ട് ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം, ക്രൂയ്സ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സൂചനകളനുസരിച്ച് 1.0ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ടഡ് ബൂസ്റ്റര്‍ജെറ്റ് പെട്രാള്‍ എഞ്ചിനാകും ഒരു സാധ്യത. ഇതിലേക്ക് കമ്പനി ഈയിടെ സിയസില്‍ പരീക്ഷിച്ച എസ്.എച്ച്.വി.എസ് എന്ന ഹൈബ്രിഡ് ടെക്നോളജിയും ഇണക്കിച്ചേര്‍ക്കും. 100 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5ലിററര്‍ മള്‍ട്ടിജെറ്റ് എഞ്ചിനായിരിക്കും ഡീസലില്‍ വരിക. തങ്ങളുടെ അരുമയായ 1.3ലിറ്റര്‍ ഡി.ഡി.ഐ.എസ് എഞ്ചിന്‍ കമ്പനി ഉപേക്ഷിക്കുമോയെന്ന് പറയാനാകില്ല. കുറഞ്ഞ ചില വെര്‍ഷനുകളില്‍ ഇത് നിലനിര്‍ത്താനാണ് സാധ്യത. ആറ് മുതല്‍ എട്ട്  ലക്ഷത്തിനിടക്കായിരിക്കും വില. പ്രീമിയം കാറുകള്‍ക്കായി മാരുതി ഈയിടെ തുറന്ന നെക്സ ഷോറൂമുകള്‍ വഴിയായിരിക്കും വില്‍പ്പന.
ടി.ഷബീര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.