പ്രതീകാത്മക ചിത്രം

ലാൻഡ് ക്രൂയിസർ സീരീസിലേക്ക് പുതിയ അതിഥി: 2028ഓടെ വിപണിയിൽ

ലാൻഡ് ക്രൂയിസർ എന്ന ഐതിഹാസിക മോഡലിൽ പുതിയൊരു എസ്‌.യു.വി കൂടി വിപണിയിലെത്തിക്കാൻ ടൊയോട്ട ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2023ലെ ജപ്പാൻ മൊബിലിറ്റി പ്രദർശന മേളയിൽ അവതരിപ്പിച്ച 'ലാൻഡ് ക്രൂയിസർ സെ' കൺസെപ്റ്റിന്റെ ഉൽപ്പാദന പതിപ്പായിട്ടായിരിക്കും ഈ വാഹനം വിപണിയിൽ എത്തുക. സാധാരണ ലാൻഡ് ക്രൂയിസറുകളിൽ കാണപ്പെടുന്ന പരുക്കൻ ബോഡി-ഓൺ-ഫ്രെയിം ഘടനക്ക് പകരം, ആധുനികമായ മോണോകോക്ക് (Monocoque) പ്ലാറ്റ്‌ഫോമിലായിരിക്കും ഈ പുതിയ എസ്‌.യു.വി കമ്പനി നിർമ്മിക്കുന്നത്. ഇത് കൂടുതൽ സുഖസൗകര്യങ്ങൾക്കും ദൈനംദിന ഉപയോഗത്തിനും മുൻഗണന നൽകുന്ന ഒരു വാഹനമായിരിക്കും.

ടൊയോട്ടയുടെ വരാനിരിക്കുന്ന അറിനെ (Arene) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ വാഹനം ഒരു സോഫ്റ്റ്‌വെയർ ഡിഫൈൻഡ് വെഹിക്കിൾ ആയിരിക്കും. ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ വഴി വാഹനത്തിന്റെ ഫീച്ചറുകൾ കാലാനുസൃതമായി മെച്ചപ്പെടുത്താം. പൂർണ്ണമായും ഇലക്ട്രിക് (BEV), ഹൈബ്രിഡ് പതിപ്പുകളിൽ ഈ വാഹനം പ്രതീക്ഷിക്കാം. ടൊയോട്ടയുടെ അടുത്ത തലമുറ ഡയറക്റ്റ്4 ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും മോഡലിൽ ഉൾപ്പെടുത്തിയേക്കും.

ഏകദേശം 4.4 മീറ്റർ നീളമുള്ള മിഡ്‌സൈസ് എസ്‌.യു.വി വിഭാഗത്തിലായിരിക്കും വാഹനത്തിന്റെ സ്ഥാനം. കൺസെപ്റ്റ് മോഡലിൽ മൂന്ന് നിര സീറ്റുകളാണ് ഉണ്ടായിരുന്നത്. നിലവിലുള്ള ലാൻഡ് ക്രൂയിസർ 300ന് താഴെയായിരിക്കും പുതിയ വാഹനത്തിന്റെ വിപണിയിലെ സ്ഥാനം. സ്ലീക്ക് ആയ രൂപകൽപ്പന എസ്.യു.വിയുടെ മറ്റൊരു പ്രധാന ആകർഷണമാണ്‌.

ലാൻഡ് ക്രൂയിസർ നിരയിലെ ഏറ്റവും ചെറിയ മോഡലായ ലാൻഡ് ക്രൂയിസർ എഫ്.ജെ 2026 ഫെബ്രുവരിയിൽ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡ് ക്രൂയിസറിന്റെ കരുത്തും പാരമ്പര്യവും ഇഷ്ടപ്പെടുന്ന, എന്നാൽ നഗരയാത്രകൾക്ക് അനുയോജ്യമായ ആഡംബര എസ്‌.യു.വി ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ടൊയോട്ട ഈ പുത്തൻ പരീക്ഷണം നടത്തുന്നത്.

Tags:    
News Summary - New guest to the Land Cruiser series: On the market by 2028

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.