സുസുക്കി ജിംനി മോൺസ്റ്റർ ഹണ്ടർ

സുസുക്കി ജിംനി 'മോൺസ്റ്റർ ഹണ്ടർ'; സാഹസികതയുടെ പുതിയ മുഖം

ഇന്ത്യൻ വിപണിയിലെ തരംഗമായ ജിംനി 5-ഡോർ പതിപ്പ് ജപ്പാനിൽ 'ജിംനി നോമാഡ്' (Jimny Nomade) എന്ന പേരിലാണ് സുസുകി നിരത്തിലിറക്കിയത്. ജപ്പാനിൽ വാഹനം ജനപ്രിയമായതോടെ വാഹനത്തിന് പുതിയ അപ്ഡേറ്റ് നൽകുകയാണ് സുസുകി. പ്രശസ്ത ഗെയിമിങ് കമ്പനിയായ കാപ്കോമുമായി (Capcom) ചേർന്നാണ് സുസുക്കി ജിംനിയുടെ പുതിയ 'മോൺസ്റ്റർ ഹണ്ടർ വൈൽഡ്‌സ്' (Monster Hunter Wilds) എഡിഷൻ ഒരുക്കിയിരിക്കുന്നത്.

ടോക്കിയോ ഓട്ടോ സലോൺ 2026ന് മുന്നോടിയായാണ് ജിംനിയുടെ മോൺസ്റ്റർ ഹണ്ടർ വൈൽഡ്‌സ് മോഡൽ കമ്പനി പ്രഖ്യാപിച്ചത്. 'സാഹസികത നിറഞ്ഞ ജീവിതം' എന്ന പ്രമേയത്തിൽ അഞ്ച് കൺസെപ്റ്റ് മോഡലുകൾ ഉൾപ്പെടെ ആകെ ഒമ്പത് വാഹനങ്ങളാണ് സുസുക്കി മേളയിൽ പ്രദർശിപ്പിക്കുന്നത്.'

ഗെയിമിങ് ലോകത്ത് സുസുക്കി ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെയായിരിക്കും ജിംനി എന്ന ചിന്തയിൽ നിന്നാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയിൽ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബോൾഡ് ഗ്രാഫിക്സും നൽകിയിട്ടുണ്ട്. പുതിയ റൂഫ് റാക്ക്, മാറ്റം വരുത്തിയ ബമ്പറുകൾ, ആകർഷകമായ പുതിയ അലോയ് വീലുകൾ എന്നിവ ഈ എഡിഷനെ വേറിട്ടു നിർത്തുന്നു. ഇതിനൊപ്പം തന്നെ ഇതേ തീമിലുള്ള DR-Z4S എന്ന ബൈക്കും സുസുക്കി പ്രദർശിപ്പിക്കും.


ജിംനിയുടെ മോൺസ്റ്റർ ഹണ്ടർ വൈൽഡ്‌സ് കൂടാതെ റേസിങ് പ്രേമികൾക്കായി സ്വിഫ്റ്റ് സ്പോർട് സൂപ്പർ തൈക്യു (Swift Sport Super Taikyu) റേസ് പതിപ്പും സുസുക്കി ഒരുക്കിയിട്ടുണ്ട്. തൈക്യു എന്നാൽ ജാപ്പനീസ് ഭാഷയിൽ 'സഹനശേഷി' എന്നാണ് അർത്ഥം. 2025ലെ എനിയോസ് സൂപ്പർ തൈക്യു സീരീസിൽ പങ്കെടുത്ത ഈ വാഹനം പൂർണ്ണമായും റേസിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ സ്വിഫ്റ്റിലെ 1.2 ലിറ്റർ എൻജിന് പകരം കൂടുതൽ കരുത്തുറ്റ 1.4 ലിറ്റർ ടർബോ എഞ്ചിനാണ് തൈക്യുവിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ഉയർന്ന വേഗതയും മികച്ച സുരക്ഷയും ഉറപ്പാക്കുന്ന റേസിങ് ഗിയറുകൾ സ്വിഫ്റ്റിൽ നൽകിയിട്ടുണ്ട്.

Tags:    
News Summary - Suzuki Jimny 'Monster Hunter' The new face of adventure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.