ടാറ്റ അവിന്യ

പ്രീമിയം മോഡലിൽ പുതിയ ബ്രാൻഡുമായി ടാറ്റ; 'അവിന്യ' 2026ൽ വിപണിയിലെത്തും

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം തുടരുന്ന ടാറ്റ മോട്ടോഴ്സ്, കൂടുതൽ കരുത്തോടെ പ്രീമിയം സെഗ്‌മെന്റിലേക്ക് കടക്കുന്നു. 2026 അവസാനത്തോടെ ടാറ്റയുടെ ആദ്യ 'അവിന്യ' ബ്രാൻഡ് ഇലക്ട്രിക് വാഹനം വിപണിയിലെത്തും. കേവലം ഒരു മോഡൽ എന്നതിലുപരി, ഒരു സ്വതന്ത്ര പ്രീമിയം ബ്രാൻഡായാണ് അവിന്യയെ ടാറ്റ അവതരിപ്പിക്കുന്നത്.

അവിന്യ നിരയിലുള്ള വാഹനങ്ങൾ ടാറ്റയുടെ അത്യാധുനിക 'ജെൻ 3' (Gen 3) ബോൺ-ഇലക്ട്രിക് സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലായിരിക്കും നിർമിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ധാരാളം പ്രത്യേകതകളുണ്ട്.

പുറത്തുവന്ന ബ്രാൻഡിന്റെ കൺസെപ്റ്റ് പ്രകാരം ഫ്ലാറ്റ് ഫ്ലോർ ലേഔട്ട് ആയതിനാൽ വാഹനത്തിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യം ലഭിക്കും. ഇതോടൊപ്പം മികച്ച ബാറ്ററി പാക്, അതിവേഗ ചാർജിങ് സംവിധാനം, ആധുനിക സാങ്കേതികവിദ്യകളും സോഫ്റ്റ്‌വെയറുകളും തടസ്സമില്ലാതെ സംയോജിപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

സാധാരണ എസ്‌.യു.വി അല്ലെങ്കിൽ എം.പി.വി രൂപകൽപ്പനയിൽ നിന്ന് തികച്ചും വ്യത്യസ്തവും ലളിതവും എന്നാൽ ആഡംബരപൂർണ്ണവുമായ 'ലൗഞ്ച്' (Lounge) മാതൃകയിലുള്ള കാബിനായിരിക്കും അവിന്യയുടെ പ്രധാന ആകർഷണം. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ (Sustainable materials) ഉപയോഗിച്ചുള്ള ഇന്റീരിയറും യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകുന്ന രൂപകൽപ്പനയും മോഡലിന് കൂടുതൽ ആഡംബരം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിലവിൽ ലഭ്യമായിട്ടുള്ള ഇലക്ട്രിക് മോഡലുകളിൽ നിന്നും വ്യത്യസ്‍തമായി നിർമിക്കുന്ന വാഹനമായതിനാൽ പ്രത്യേക വിൽപന-സർവീസ് കേന്ദ്രങ്ങൾ ടാറ്റ പാസഞ്ചർ മോട്ടോർസ് ഉപഭോക്താക്കൾക്കായി ഒരുക്കും. ഡിജിറ്റൽ സാങ്കേതികവിദ്യയും നേരിട്ടുള്ള അനുഭവവും കോർത്തിണക്കിയുള്ള 'ഫിജിറ്റൽ' (Phygital) രീതിയിലായിരിക്കും വാഹനത്തിന്റെ വിപണനം.

ചാർജിങ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2030ഓടെ രാജ്യത്തുടനീളം പത്ത് ലക്ഷം ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനും ടാറ്റക്ക് പദ്ധതിയുണ്ട്. നിലവിൽ നെക്സോൺ ഇ.വി, ടിയാഗോ ഇ.വി തുടങ്ങിയ മോഡലുകളിലൂടെ ഇന്ത്യയിലെ ഇ.വി വിപണിയുടെ 65 ശതമാനത്തിലധികം ടാറ്റയുടെ കൈവശമാണുള്ളത്.

Tags:    
News Summary - Tata launches new premium model brand; 'Avinya' to hit the market in 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.