നിസാന്‍െറ ശക്തിമാന്‍

വണ്ടിയിലൊഴിക്കുന്ന പെട്രോളും പൊലീസിന്‍െറ പട്രോളിങ്ങും ഇന്ത്യക്കാര്‍ക്ക് പണ്ടേ പേടിയാണ്. പേരുകേട്ടാല്‍തന്നെ വിറക്കും. അതുകൊണ്ടാണെന്ന് തോന്നുന്നു പട്രോള്‍ എന്ന മോഡല്‍ നിസാന്‍ ഇതുവരെ ഇന്ത്യയില്‍ ഇറക്കാത്തത്. നിസാന്‍ എന്നു കേള്‍ക്കുമ്പോള്‍ മൈക്രയും സണ്ണിയുമൊക്കെയാണ് മനസ്സില്‍ വരുക. ഇവയും പട്രോളുമായി താരതമ്യം ചെയ്യുകയേയരുത്. സണ്ണി പൂച്ചയാണെങ്കില്‍ പട്രോള്‍ കാണ്ടാമൃഗമാണ്.

പൊലീസുകാരൊന്നും നന്നായിട്ടില്ളെങ്കിലും ഇന്ത്യ ഇപ്പോള്‍ പഴയ ചന്തയല്ല. കൈവണ്ടിയും കാളവണ്ടിയുമിട്ടിരുന്ന നാട്ടിന്‍പുറത്തെ ചായക്കടയുടെ മുന്നില്‍ വരെ ബി.എം.ഡബ്ള്യു കിടപ്പുണ്ട്. പെട്രോളും ഡീസലും തമ്മിലുണ്ടായിരുന്ന വര്‍ഗസമരം അവസാനിപ്പിച്ച് സമത്വം കൊണ്ടുവരാന്‍ കഠിനശ്രമം നടക്കുന്നു. ഈ മാറ്റം കണ്ടിട്ടാണ് നിസാന്‍ പട്രോളിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. സര്‍ക്കാര്‍ ഓഫിസില്‍നിന്ന് വൈകീട്ട് ജോലികഴിഞ്ഞ് ഇറങ്ങുന്നവരും കോളജില്‍നിന്ന് ഉച്ചക്ക് മുങ്ങുന്ന പ്രഫസര്‍മാരുമൊക്കെ ചാടിക്കേറി പൊതിഞ്ഞുവാങ്ങിക്കൊണ്ടുപോകുന്ന തരം വണ്ടിയല്ല പട്രോള്‍. കരപ്രമാണിമാര്‍ പള്ളിയിലെയും അമ്പലത്തിലെയുമൊക്കെ പെരുന്നാളും ഉത്സവവും നടത്തി ആളാവുന്നതുപോലെ ഇന്ത്യന്‍ വിപണിയില്‍ സ്റ്റാറാവാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പട്രോളിന്‍െറ അവതരണം. ബ്രാന്‍ഡ് ഇമേജ് കൂട്ടുക എന്നുപറയാം.

ഏഴുപേര്‍ക്ക് ഇരിക്കാവുന്ന വണ്ടിക്ക് കോടി രൂപയോളമാണ് വില. 5.6 ലിറ്റര്‍ വി എട്ട് പെട്രോള്‍ എന്‍ജിനാണ്. 400 ബി.എച്ച്.പി കരുത്തും 57 കിലോഗ്രാം ടോര്‍ക്കും കിട്ടും. ലിറ്ററിന് എത്ര കിലോമീറ്റര്‍ കിട്ടും എന്നതിനു പകരം കിലോമീറ്ററിന് എത്ര ലിറ്റര്‍ കിട്ടും എന്നു ചോദിക്കുന്നതായിരിക്കും നല്ലത്. റോഡ് ഇല്ലാത്തിടത്തുകുടി പോകാന്‍ തക്കവണ്ണം ലാഡര്‍ ഓണ്‍ ഫ്രെയിമിലാണ് ഈ ഫോര്‍വീല്‍ ഡ്രൈവ് വണ്ടി നിര്‍മിച്ചിരിക്കുന്നത്. ഈ വണ്ടി വാങ്ങുന്ന അത്ര ചെലവില്ല റോഡ് വെട്ടാന്‍ എന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ടൊയോട്ടയുടെ ലാന്‍ഡ് ക്രൂസറിനിട്ടുള്ള പണിയാണ് നിസാന്‍ ഈ വാഹനത്തിലൂടെ നല്‍കുന്നത്.

പൂര്‍ണമായും നിര്‍മിച്ച വണ്ടികള്‍ ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശ്യം. സെവന്‍ സ്പീഡ് ഓട്ടോമാറ്റിക്/ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകളില്‍ കിട്ടും. 170 ടണ്‍ ഭാരമുള്ള ചരക്കു വിമാനം കെട്ടിവലിച്ച് ശക്തി തെളിയിച്ചവനാണ് പട്രോള്‍. 2003ല്‍ ഷാര്‍ജ വിമാനത്താവളത്തിലായിരുന്നു സംഭവം.  പഴയ വിമാനമുള്ളവര്‍ ഇത്തരം ഒരെണ്ണം വാങ്ങുന്നത് നല്ലതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.