ഡീസല്‍ സെലേറിയോ

മാരുതിക്ക് ഈ കാണുന്ന വിജയമൊക്കെ സമ്മാനിച്ചത് പഴയ ഒരു 800 സി.സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരുന്നു. മാരുതി 800ലും ആള്‍ട്ടോയിലുമൊക്കെയിരുന്ന് മുരണ്ട ഈ കുഞ്ഞന്‍ എന്‍ജിനാണ് പിന്നീട് വികസിച്ച് കെ.ബി.10 ഉം 12ഉം ഒക്കെയായത്. പെട്രോള്‍വില കൂടിയകാലത്ത് കുഞ്ഞുകാറുകളുടെ തമ്പുരാക്കന്മാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സ്വന്തമായി ഡീസല്‍ എന്‍ജിന്‍ ഇല്ളെന്നതായിരുന്നു. ഫിയറ്റിന്‍െറ കൈയില്‍നിന്ന് വായ്പ വാങ്ങിയ ഡീസല്‍ എന്‍ജിന്‍കൊണ്ട് അവര്‍ ആശ നിറവേറ്റി.

ഈ എന്‍ജിന്‍ വലിയ വിജയമായപ്പോള്‍ ടാറ്റയടക്കമുള്ളവര്‍ക്കും ഫിയറ്റ് ഈ എന്‍ജിന്‍ നല്‍കി. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോഴുള്ള വിസ്റ്റയുടെയും മാന്‍സയുടേയും സ്ഥാനത്തുകൂടി മാരുതിയുടെ വണ്ടികള്‍ കണ്ടേനെ. സ്വന്തമായി ഡീസല്‍ എന്‍ജിന്‍ വേണമെന്നത് മാരുതി കുറെക്കാലമായി കാണുന്ന സ്വപ്നമാണ്. ഇതിനായി അവരും അവരുടെ അടുപ്പക്കാരായ ഘടകനിര്‍മാതാക്കളുംകൂടി മുടക്കിയത് 900 കോടി രൂപയാണ്. അതില്‍നിന്ന് വികസിച്ചുവന്നത് രണ്ടു സിലിണ്ടറുള്ള 793 സി.സി ഡീസല്‍ എന്‍ജിനാണ്. പഴയ പെട്രോള്‍ എന്‍ജിന്‍പോലെ വലിയ നിലയിലത്തൊന്‍ ശേഷിയുള്ളതാണ് ഇതെന്ന് മാരുതി പറയുന്നു. സെലേറിയോയിലായിരിക്കും ഇത് ആദ്യം വരുക. ഡീസല്‍ സെലേറിയോകള്‍ ഫാക്ടറിയില്‍നിന്ന് വിവിധ ഷോറൂമുകളിലേക്ക് യാത്ര പുറപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

ഡീസല്‍ സെലേറിയോ വിജയിച്ചാല്‍ ടാറ്റാ ഏയ്സിന് സമാനമായൊരു പിക്അപ്പും മാരുതി ഈ എന്‍ജിന്‍ ഘടിപ്പിച്ച് ഇറക്കും. സെലേറിയോ വിജയിച്ചില്ളെങ്കില്‍ എന്‍ജിന്‍ കുറച്ചുകൂടി മെച്ചപ്പെടുത്തിയശേഷം ഈ വണ്ടി ഇറക്കും. ഡി.ഡി.ഐ.എസ് 125 എന്ന പേരിലാണ് സെലേറിയോ ഡീസല്‍ വരുന്നത്. 3500 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി കരുത്തും 2000 ആര്‍.പി.എമ്മില്‍ 12.7 കെ.ജി.എം ടോര്‍ക്കും നല്‍കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. ഇത് അത്രവലിയ കരുത്താണോ എന്നു ചോദിച്ചാല്‍ കേള്‍വിക്കാരുടെ മുഖം ചുളിയും. ഈ മുഖം വിടരാന്‍ വേറൊരു കാര്യം പറഞ്ഞാല്‍ മതി.

എന്തെന്നാല്‍, ഒരു ലിറ്റര്‍ ഡീസല്‍ ഒഴിച്ചാല്‍ ഈ കാര്‍ 27.62 കിലോമീറ്റര്‍ ഓടും. അങ്ങനെ നോക്കിയാല്‍ കരുത്ത് അല്‍പം കുറയുന്നതില്‍ കുഴപ്പമില്ല. 880 കിലോഗ്രാമാണ് ആകെ ഭാരം. ഷെവര്‍ലെ ബീറ്റ് ഡീസല്‍, ഹുണ്ടായ് ഗ്രാന്‍ഡ് ഐ10 എന്നിവയാണ് എതിരാളികള്‍. പെട്രോള്‍ മോഡലിന് സമാനമായ അഞ്ച് സ്പീഡ് മാന്വലാണ് ട്രാന്‍സ്മിഷന്‍. എല്‍.ഡി.ഐ, വി.ഡി.ഐ, ഇസഡ്.ഡി.ഐ, ഇസഡ്.ഡി.ഐ (ഓപ്ഷനല്‍) എന്നിവയാണ് വേരിയന്‍റുകള്‍. ആറു നിറങ്ങളില്‍ സെലേറിയോ ഡീസല്‍ ലഭിക്കും. 465,393 മുതല്‍ 571,484 രൂപവരെയാണ് ഡല്‍ഹിയിലെ ഏകദേശവില.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.