\'പാവപ്പെട്ട\' പണക്കാരുടെ ബെന്‍സ്

ലോകത്തിലെ മികച്ച കാറാണ് മെര്‍ക് എസ് 500 എന്നതില്‍ നിലവിലൊരു തര്‍ക്കവുമില്ല. അടിമുതല്‍ മുടിവരെ ആധുനികനും ആഢ്യനുമാണ് ഈ പെട്രോള്‍ മോഡല്‍. എസ് 500ലെ സൗകര്യങ്ങളുടെ ലിസ്റ്റ് വായിച്ച് തീര്‍ക്കാന്‍ മാത്രം ഏറെ സമയമെടുക്കും. മാജിക് ബോഡി കണ്‍ട്രോള്‍ മുതല്‍ ഹാന്‍റ് റെസ്റ്റുകള്‍ ഹീറ്റു ചെയ്യാന്‍ വരെയും പ്രീ സേഫ് സംവിധാനം മുതല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം വരെയും സമൃദ്ധമാണ് സൗകര്യങ്ങളുടെ നിര. ബെന്‍സിന്‍െറ ഈ പതാക വാഹകന്‍െറ വില ഒരുകോടി 36 ലക്ഷം രൂപയാണ് (എക്സ് ഷോറൂം മുംബൈ). ഇത്രയും പണം മുടക്കാന്‍ മടിയുള്ളവര്‍ക്കും അല്‍പ്പം കൂടി ലാഭകരമായി മെര്‍ക്കിന്‍െറ പ്രത്യേകിച്ച് എസ് ക്ളാസിന്‍െറ ആഡംബരം ആഗ്രഹിക്കുന്നവര്‍ക്കുമാണ് ബെന്‍സ് പുതിയ എസ് 350 സി.ഡി.ഐ പുറത്തിറക്കിയിരിക്കുന്നത്. വിലയില്‍ തുടങ്ങുന്ന ഈ കുറവ് ഡീസല്‍ അടിച്ച് ഓടിക്കുന്നതില്‍ വരെ പ്രതിഫലിക്കും. സൗകര്യങ്ങള്‍ ഏറെയൊന്നും എസ് 350 യില്‍ ബെന്‍സ് കുറച്ചിട്ടില്ല. പെട്രാള്‍ മോഡലിന്‍െറ അതേ ഗാംഭീര്യം രൂപത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പുതിയ 3.0ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍ 255 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. ഏഴ് സ്പീഡ് 7-ജി ട്രോണിക് ഗിയര്‍ ബോക്സ് നല്‍കുന്നത് മികച്ച പ്രതികരണമാണ്. ഉള്ളിലെ ഫിറ്റിലും ഫിനിഷിലും മികച്ച നിലവാരം ഡീസല്‍ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. തടിയുടേയും ക്രോമിന്‍െറയും ഫിനിഷ്്, മള്‍ട്ടി സ്ക്രീന്‍ ഗ്രാഫിക് സിസ്റ്റം കുറച്ച് സ്പീക്കറുകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും 500ലെ അതേ മ്യൂസിക് സിസ്റ്റം തുടങ്ങിയവയെല്ലാം 350 യിലും നിലനിര്‍ത്തിയിട്ടുണ്ട്. പിന്‍സീറ്റിലെ സൗകര്യങ്ങളും ഒട്ടും മോശമല്ല. മസാജ്,കൂളിങ്ങ്,ഹീറ്റിങ്ങ് സംവിധാനങ്ങളുള്ള സീറ്റ് ആവശ്യാനുസരണം മടക്കാനുമാകാും. ഡീസല്‍ മോഡലില്‍ 360ഡിഗ്രി കാമറ സംവിധാനം ഒഴിവാക്കി പിന്‍ കാമറ മാത്രമാണ് നല്‍കിയിട്ടുള്ളത്. 1.07 കോടിയാണ് പുതിയ മെര്‍സിഡസ് ബെന്‍സ് എസ് 350യുടെ മുംബൈ എക്സ്ഷോറൂം വില. ഒരു കാര്‍ എന്നതിലുപരി ലിമോസിനുകളെ അനുസ്മരിപ്പിക്കുന്ന രൂപവും സൂപ്പര്‍ ആഡംബരവും ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴും അവസാനവാക്കാണ് എസ് ക്ളാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.