ബൈക്കുകളില്‍ കരുത്തറിയിച്ച് വമ്പന്‍മാര്‍

ബൈക്ക് പ്രേമികളെ സംബന്ധിച്ച് അത്ര പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നില്ല ഓട്ടോ എക്സ്പോയിലെ സാന്നിധ്യങ്ങള്‍. പ്രമുഖ കമ്പനികളായ ബജാജ്, കെ.ടി.എം, കാവാസാക്കി, റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിഡ്സണ്‍, ഡ്യൂകാട്ടി തുടങ്ങിയവര്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരായി. എക്സ്പോയില്‍ അവതരിച്ചതിലധികവും സൂപ്പര്‍ ബൈക്കുകളും സ്പോര്‍ട്സ് ബൈക്കുകളുമാണ്. ഇന്ത്യന്‍ വിപണി വളര്‍ച്ചയുടെ ദിശാസൂചകം കൂടിയായി ഓട്ടോ എക്സ്പോ. എക്സ്പോയിലെ ചില പ്രതിഭകള്‍.


ബി.എം.ഡബ്ളു G310R
മേളയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ബൈക്കുകളിലൊന്നാണ് ബി.എം.ഡബ്ളവിന്‍െറ G 310 R. നേക്കഡ് സ്ട്രീറ്റ് ബൈക്ക് വിഭാഗത്തില്‍പെട്ട ഈ കരുത്തന്‍ 2016 മധ്യത്തില്‍ ഇന്ത്യയിലത്തെും. കെ.ടി.എമ്മിന്‍െറ സ്ട്രീറ്റ് ബൈക്കുകളോടാണ് പ്രധാന മത്സരം. പൂര്‍ണ്ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍, ഉയര്‍ന്ന നിലവാരമുള്ള നിമ്മാണ സാമഗ്രികള്‍, വൃത്തിയുള്ള ഡിസൈന്‍ തുടങ്ങി മികച്ചതാണ് ഈ വാഹനം. നാല് സ്ട്രോക്ക്, 313സി.സി എഞ്ചിന്‍ 33. 6ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. 145കിലോമീറ്റര്‍ വേഗതയുള്ള ബൈക്കിന്‍െറ മൈലേജ് 30കിലോമീറ്ററാണ്.


ട്രയംഫ് ബോണവില്ലി സ്ട്രീറ്റ് ട്വിന്‍
ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫന്‍െറ ബോണവില്ലി സീരീസ് ലോക പ്രശസ്തമാണ്. ബോണവില്ലിയുടെ അടിസ്ഥാന മോഡലായ സ്ട്രീറ്റ് ട്വിന്‍ ഓട്ടോ എക്സ്പോയില്‍ ശ്രദ്ധാകേന്ദ്രമായി. 6,90,00രൂപക്ക് ലഭിക്കുന്ന വാഹനം മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ ലഭിക്കും. 10 സ്പോക്ക് അലോയ് വീലുകള്‍ ചന്തം നല്‍കുന്ന ബോണവില്ലി തികഞ്ഞൊരു എല്ലാം ബൈക്കാണ്. നാല് സ്ട്രോക്ക്, 900സി.സി എഞ്ചിന്‍ 8.16 കെ.ജി.എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് സ്ളിപ്പര്‍ അസിസ്റ്റന്‍െറ് ക്ളച്ച് ലൈറ്റാണ്. മെച്ചപ്പെടുത്തിയ ഇന്ധനക്ഷമത, എ.ബി.എസ് ബ്രേക്കുകള്‍ എന്നിവയും പ്രത്യേകതകളാണ്.


യമഹ MT09
യമഹയുടെ പതാകവാഹകനായ MT മോഡലുകള്‍ ബൈക്ക് പ്രേമികളുടെ ഹരമാണ്. ഓട്ടോ എക്സ്പോയില്‍ MT09 മോഡല്‍ പുറത്തിറക്കിയത് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമാണ്. ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്‍െറ ഇന്ത്യയിലെ വില 10,20,000 രൂപ. സൂപ്പര്‍ ബൈക്ക് വിഭാഗത്തിലെ കരുത്തനാകാനുറച്ചാണ് യമഹ വരുന്നത്. നാല് സ്ട്രോക്ക് 847സി.സി ലിക്യുഡ് കൂള്‍ഡ് എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കുതിരശക്തി 114. ആറ് സ്പീഡ് ഗിയര്‍ബോക്സ് മികച്ചത്. ട്രാക്ഷന്‍ കണ്‍ട്രോള്‍, എ.ബി.എസ്, വിവിധ റൈഡിങ്ങ് മോഡുകള്‍ തുടങ്ങി ആധുനികനാണ് യമഹയുടെ കരുത്തന്‍.
 

ഹോണ്ട നവി
ഓട്ടോ എക്സ്പോയില്‍ ഹോണ്ട അവതരിപ്പിച്ചത് ഒരു പുതിയ ജനുസിനെയാണ്. പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഹോണ്ടയുടെ ആദ്യ ബൈക്കാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. പുറത്തിറങ്ങുമ്പോള്‍ 39,500രൂപയായിരിക്കും വില. മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍ എന്നിവയുടെ സങ്കലനമാണ് നവി. 101കിലോഗ്രാം മാത്രമാണ് ഭാരം. ഇത് കൈകാര്യം ചെയ്യല്‍ അനായാസമാക്കും. ആക്ടീവയില്‍ കാണുന്ന 109 സി.സി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7.8ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്മൂത്താണ്. സ്കൂട്ടറുകളിലേതിന് സമാനമായ അണ്ടര്‍ബോണ്‍ ഫ്രെയിം, ടെലിസ്കോപ്പിക്ക് മുന്‍ സസ്പെന്‍ഷന്‍, 12ഇഞ്ച് മുന്‍ ടയറുകള്‍, 10ഇഞ്ച് പിന്‍ ടയറുകള്‍ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.