പ്രതീകാത്മക ചിത്രം
ബംഗളൂരു: ഇന്ത്യൻ ബൈക്കിങ് ചരിത്രത്തിലെ ശ്രദ്ധേയമായ ഏടായ 'യെസ്ഡി' (YEZDI) മോട്ടോർസൈക്കിൾ ട്രേഡ്മാർക്കിന്റെ ഉടമസ്ഥാവകാശം ക്ലാസിക് ലെജൻഡ്‌സിന്റെ (Classic Legends) സഹസ്ഥാപകൻ ബോമൻ ഇറാനിക്കാണെന്ന് കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. മുൻപ് സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ് 2025 നവംബർ 27 നാണ് പുറത്തുവന്നത്.
യെസ്ഡിയുടെ മുൻ നിർമാതാക്കളായ ഐഡിയൽ ജാവ (Ideal Jawa) 1996-ൽ ഉത്പാദനം നിർത്തിവെക്കുകയും 2001-ൽ ലിക്വിഡേഷനിലേക്ക് പോകുകയും ചെയ്തതോടെ ട്രേഡ്മാർക്ക് ഉപേക്ഷിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. 15 വർഷത്തിലേറെയായി ട്രേഡ്മാർക്ക് രജിസ്ട്രേഷൻ പുതുക്കാനോ ബ്രാൻഡ് സംരക്ഷിക്കാനോ കമ്പനി ശ്രമിച്ചിട്ടില്ല. എന്നാൽ ഇതിന് വിപരീതമായി, 2013-14 കാലയളവിൽ ബോമൻ ഇറാനി ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുകയും നിയമപരമായി ട്രേഡ്മാർക്ക് രജിസ്ട്രേഷനുകൾ നേടുകയും ചെയ്തു. ഇന്ത്യൻ പൈതൃക ബൈക്ക് ബ്രാൻഡുകൾക്ക് പുനർജന്മം നൽകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പിന്നീട് അനുപം താരേജയുമായും മഹീന്ദ്ര ഗ്രൂപ്പുമായും ചേർന്ന് 2015-ൽ ക്ലാസിക് ലെജൻഡ്‌സ് സ്ഥാപിച്ചു. നിലവിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ക്ലാസിക് ലെജൻഡ്‌സ് യെസ്ഡി, ജാവ, ബി.എസ്.എ (BSA) ബ്രാൻഡുകളിലാണ് മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നത്.
യെസ്ഡി ബ്രാൻഡിന് ഇറാനിയുടെ കുടുംബവുമായി ചരിത്രപരമായ ബന്ധമുണ്ട്. 1969-ൽ ഐഡിയൽ ജാവയുമായുള്ള ജാവയുടെ (Jawa) യഥാർത്ഥ ലൈസൻസിംഗ് കരാർ അവസാനിച്ചതിന് ശേഷം, ഇറാനിയുടെ പിതാവാണ് 'യെസ്ഡി' എന്ന മുദ്ര സൃഷ്ടിച്ചത്. പേർഷ്യൻ ഭാഷയിൽ 'കാറ്റ്' എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. 'പൈതൃക ബ്രാൻഡുകളെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്നുവെന്ന് ഈ വിധി ഉറപ്പിക്കുന്നു.' എന്ന് ഉത്തരവിൽ പ്രതികരിച്ച ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.