പ്രതീകാത്മക ചിത്രം

16 വയസ്സ് തികയാത്തവർ ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിന് കർശന വിലക്ക്: ബഹ്റൈൻ ട്രാഫിക് ഡയറക്ടറേറ്റ്

മനാമ: ഇലക്ട്രിക് ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും ഉപയോഗം സംബന്ധിച്ച് കർശന നിയമങ്ങളും സുരക്ഷ മുൻകരുതലുകളും പാലിച്ച് യാത്ര ചെയ്യണമെന്ന് ബഹ്റൈനിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. അപകടങ്ങൾ കുറക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

16 വയസ്സിന് താഴെയുള്ളവർ ഇലക്ട്രിക് ബൈക്കുകൾ ഓടിക്കാൻ പാടില്ലെന്നും ഏഴു വയസ്സിന് താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ മേൽനോട്ടത്തിൽ മാത്രമേ ഇ-സ്കൂട്ടർ ഉപയോഗിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.

നിർദിഷ്ട പ്രായപരിധി പാലിക്കാത്ത കുട്ടികളെ മേൽനോട്ടമില്ലാതെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് ലൈസൻസില്ലാത്ത ആളെ വാഹനം ഓടിക്കാൻ അനുവദിക്കുന്നതിന് തുല്യമാണെന്നും, ഇത് രക്ഷിതാക്കളുടെ മേൽ നിയമപരമായ ഉത്തരവാദിത്തം വരുത്തുമെന്നും ഓർമ്മിപ്പിച്ചു. ഇലക്ട്രിക് ബൈക്ക് യാത്രക്കാർ ഹെൽമെറ്റും, ഇ-സ്കൂട്ടർ യാത്രക്കാർ ഹെൽമെറ്റിന് പുറമെ കൈ, കാൽ, തോൾ ഭാഗങ്ങൾക്കായുള്ള സുരക്ഷാ സംവിധാനങ്ങളും ധരിക്കേണ്ടതാണ്.

ഔട്ടർ റോഡുകളിലും പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററിലധികം ഉള്ള റോഡുകളിലും വാഹനങ്ങൾക്കായുള്ള ട്രാക്കുകളിലും എമർജൻസി ലെയ്‌നുകളിലും ഇവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗത പാടില്ലെന്നും അധിക യാത്രികരെ ഒപ്പം കൂട്ടുകയോ ഗതാഗത ദിശക്ക് എതിരായി സഞ്ചരിക്കുകയോ ചെയ്യരുതെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

കുട്ടികളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്നും, ഇവയെ വെറുമൊരു വിനോദ ഉപകരണമായി കാണാതെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട ഗതാഗത മാർഗമായി കാണണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കാനായുള്ള ബോധവൽക്കരണ കാമ്പെയ്‌നുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Bahrain Traffic Directorate strictly prohibits riding electric bikes by those under 16 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.