ഏഥർ എനർജി കൊണാർക് V/S സിംപിൾ എനർജി വേവ്: ഏതെടുക്കണം?
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് സ്റ്റാർട്ടപ്പുകളായ ഏഥർ എനർജിയും സിംപിൾ എനർജിയും ഫാമിലി സ്കൂട്ടർ വിപണി ലക്ഷ്യമിട്ട് പുറത്തിറക്കിയ രണ്ട് പുതിയ മോഡലുകളാണ് ഏഥർ കൊണാർക്കും (Ather Konarc), സിംപിൾ എനർജി വേവും (Simple Energy Wave). മികച്ച നിർമാണ നിലവാരവും (മെറ്റൽ ബോഡി) വിശ്വസനീയമായ സർവീസ് ശൃംഖലയും വാഗ്‌ദാനം നൽകുന്ന ഏഥർ കൊണാർക്കിന് കൂടുതൽ ദൂരവും വലിയ സംഭരണശേഷിയും വേഗതയും ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്ത് വെല്ലുവിളി ഉയർത്തുകയാണ് സിംപിൾ എനർജി വേവ് സ്കൂട്ടർ.
99,999 മുതൽ 1,45,000 വരെയാണ് ഏഥർ എനർജി കൊണാർക്കിന്റെ എക്സ് ഷോറൂം വില. അതേസമയം, 1,09,999 രൂപ മുതൽ ആരംഭിച്ച് 1,89,999 വരെ എക്സ് ഷോറൂം വിലയിലാണ് സിംപിൾ എനർജി വേവ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്.
ബാറ്ററിയും റേഞ്ചും
കൊണാർക് ഇവി സ്കൂട്ടറിൽ 2.1 kWh, 2.7 kWh, 3.5 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി വകഭേദങ്ങൾ ലഭിക്കുമ്പോൾ 2.2 kWh, 2.7 kWh, 3.7 kWh, 5.0 kWh എന്നിങ്ങനെ നാല് ബാറ്ററി ഓപ്ഷനുകൾ വേവ് സ്കൂട്ടറിന് ലഭിക്കുന്നുണ്ട്. ഒറ്റ ചാർജിൽ 'ഏറ്റവും കൂടുതൽ ദൂരം' എന്ന സവിശേഷതയുള്ള സിംപിൾ സ്കൂട്ടറുകളുടെ അതേ ശൈലിയിലാണ് വേവ് സ്കൂട്ടറും നിരത്തുകളിൽ എത്തുന്നത്.
ഏറ്റവും കുറഞ്ഞ ബാറ്ററി വകഭേദത്തിന് 110 കിലോമീറ്റർ ഐ.ഡി.സി റേഞ്ച് വാഗ്‌ദാനം ചെയ്യുമ്പോൾ ഉയർന്ന വകഭേദത്തിന് 243 കിലോമീറ്റർ വരെ റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം, ഏഥർ കുറഞ്ഞ ബാറ്ററി വകഭേദത്തിന് 100 കിലോമീറ്ററും ഉയർന്ന വകഭേദത്തിന് 161 കിലോമീറ്ററുമാണ് വാഗ്‌ദാനം ചെയ്യുന്നത്.
സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ (66 മുതൽ 70 ലിറ്റർ വരെ) ബൂട്ട് സ്‌പേസിലാണ് എനർജി വേവ് സ്കൂട്ടർ എത്തുന്നത്. അതേസമയം, ഏഥർ കൊണാർക്കിൽ 31 ലിറ്റർ ബൂട്ട് സ്പേസ് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, കൊണാർക്കിന്റെ ബോഡിയിൽ 'സ്റ്റീൽ പാനലുകൾ' ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, മുൻവശത്ത് 14 ഇഞ്ച് ടയറും പിന്നിൽ 12 ഇഞ്ച് ടയറും കൊണാർക്കിന് ലഭിക്കുമ്പോൾ 12 ഇഞ്ച് ടയറുകളാണ് വേവിൽ നൽകിയിരിക്കുന്നത്. മോണോഷോക്ക് സസ്പെൻഷനേക്കാൾ യാത്ര സുഖം നൽകുന്ന ട്വിൻ ഷോക്ക് അബ്സോർബറുകൾ വേവിന്റെ പ്രത്യേകതയാണ്.
ഇവി വിപണിയിൽ തന്നെ ആദ്യമായി 10 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ ബാറ്ററി വാറന്റിയാണ് ഏഥർ വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ഏഥറിന്റെ വിപുലമായ സർവീസ് ശൃംഖലയും പബ്ലിക് ചാർജിങ് ഗ്രിഡും കേരളത്തിലുടനീളം ലഭ്യമാണ്. ഗൂഗിൾ മാപ്സ് നാവിഗേഷൻ, വാട്സാപ്പ് അലേർട്ടുകൾ, കീലെസ്സ് ഓപ്പറേഷനായി മാജിക് കീ (MagicKey), എയർവാക്ക് (AirWalk) തുടങ്ങിയ ആധുനിക ഫീച്ചറുകൾ കൊണാർക്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.