ഫോക്സ്‌വാഗണിൽ കടുത്ത പ്രതിസന്ധി; ലക്ഷം തൊഴിലുകൾ വെട്ടിക്കുറക്കാനും നാല് ഫാക്ടറികൾ പൂട്ടാനും നീക്കം

ബെർലിൻ: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ 89 വർഷത്തെ ചരിത്രത്തിനിടെ, ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ട്. ഒരു ലക്ഷം വരെ തൊഴിലുകൾ വെട്ടിക്കുറക്കാനും ജർമനിയിലെ നാല് ഫാക്ടറികൾ അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചതായാണ് വിവരം. യൂറോപ്പിലെ വാഹനവിപണിയിലെ മാന്ദ്യം, ചൈനീസ് ഇലക്ട്രിക് വാഹന കമ്പനികളുടെ കടുത്ത മത്സരം, അമേരിക്കൻ ഇറക്കുമതി തീരുവകൾ എന്നിവയാണ് കമ്പനിയെ കടുത്ത ചെലവ് ചുരുക്കലിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ടുകൾ പ്രകാരം, ഹാനോവർ, സ്വിക്കാവു എംഡൻ, കൂടാതെ ഓഡിയുടെ നെക്കാർസുൽ പ്ലാന്റ് എന്നിവയാണ് അടച്ചുപൂട്ടലിനായി പരിഗണിക്കുന്ന കേന്ദ്രങ്ങൾ. ജൂലൈ ഒമ്പതിന് ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. 45,000ത്തിലധികം പേർക്ക് അടച്ചുപൂട്ടലിലൂടെ മാത്രം തൊഴിൽ നഷ്ടമാകും. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി നിക്ഷേപം ഏകദേശം 15 ശതമാനം കുറക്കാനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.

ഒരുകാലത്ത് ചൈനയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന ഫോക്സ്‌വാഗണെ 2024ലാണ് ബിവൈഡി മറികടക്കുന്നത്. അതിനുശേഷം എതിരാളികൾ മുന്നേറുമ്പോൾ ഫോക്സ്‌വാഗൺ പിന്നിലേക്കുപോയി. വർധിച്ചുവരുന്ന ചെലവുകളും വിൽപ്പനയിലെ കുറവും ബഹുരാഷ്ട്ര​ കമ്പനിയെ പ്രതിസന്ധിയിലാക്കുന്നതിനാൽ നിലവിലെ ബിസിനസ് മോഡലിന് സമ്മർദം നേരിടുന്നതായി ഫോക്സ്‌വാഗൺ നേതൃത്വം അറിയിച്ചിരുന്നു.

എന്നാൽ തൊഴിലാളി യൂണിയനുകളും ജർമനിയിലെ ലോവർ സാക്സണി സംസ്ഥാന സർക്കാരും ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ചിരിക്കുകയാണ്. അതേസമയം, ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025ൽ ആഗോള തലത്തിൽ ഫോക്സ്‌വാഗന്റെ തൊഴിലാളികളുടെ എണ്ണം 6,67,000ത്തിൽ അധികമായിരുന്നു. ഇതിൽ 43 ശതമാനവും ജർമനിയിലാണ്. നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ വാഹന വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനകളിലൊന്നായി ഇത് മാറും.

Tags:    
News Summary - Volkswagen faces first layoffs in 89year history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.