ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല, ഒറ്റ ചാർജിൽ 80 കിലോമീറ്റർ റേഞ്ച്; ആംപിയർ റിയോ വി.വൈ.ബി വിപണിയിൽ

ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ടൂ-വീലർ ബ്രാൻഡായ ആംപിയർ, തങ്ങളുടെ ഏറ്റവും പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായ 'റിയോ വി.വൈ.ബി' (Reo VYB) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 69,499 രൂപയാണ് സ്കൂട്ടറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. മണിക്കൂറിൽ 25 കി.മീ ആണ് സ്കൂട്ടറിന്റെ പരമാവധി വേഗത. അതിനാൽ, ഇത് ഓടിക്കാൻ ഡ്രൈവിങ് ലൈസൻസോ, ആർ.ടി.ഒ രജിസ്ട്രേഷനോ ആവശ്യമില്ല. സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്കും 18 വയസ്സിൽ താഴെയുള്ളവർക്കും ഇത് വളരെ അനുയോജ്യമാണ്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. സുരക്ഷയും ഈടുനിൽപ്പും ഉറപ്പുവരുത്തുന്ന എൽ.എഫ്.പി (ലിഥിയം ഫെറോ ഫോസ്ഫേറ്റ്) ബാറ്ററിയാണ് സ്കൂട്ടറിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 1,00,000 കിലോമീറ്റർ വരെ ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയും ലഭ്യമാണ്. നാല് ആകർഷകമായ നിറങ്ങളിൽ (വാം വൈറ്റ്, പാസ്റ്റൽ പർപ്പിൾ, ഡാർക്ക് ഗ്രേ, അക്വാ മെറ്റാലിക്) സ്കൂട്ടർ വിപണിയിൽ ലഭിക്കും. ആംബിയന്റ് ലൈറ്റിങ്, എൽ.ഇ.ഡി ലൈറ്റുകൾ, എൽ.സി.ഡി ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. കീലെസ് ഗോ (Keyless go), 24 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, മുൻവശത്ത് ഡിസ്ക് ബ്രേക്ക് എന്നിവ യാത്ര കൂടുതൽ സുഖകരമാക്കുന്നു.

ചെറിയ നഗരങ്ങളിലെ യാത്രകൾക്കും, കോളേജ് വിദ്യാർഥികൾക്കും, ഹോം ഡെലിവറി ആവശ്യങ്ങൾക്കും വളരെ പ്രായോഗികമായ ഒരു ഓപ്ഷനായാണ് കമ്പനി സ്കൂട്ടറിനെ അവതരിപ്പിക്കുന്നത്. സ്കൂട്ടറിന്റെ സ്പോർട്ടിയായ രൂപകൽപ്പനയും ഫീച്ചറുകളും യുവാക്കളെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 400ലധികം സർവീസ് സെന്ററുകളുടെ പിന്തുണയും ആംപിയർ ഉറപ്പുനൽകുന്നു.

Tags:    
News Summary - No driving license required, 80 km range on a single charge; Ampere Rio VYB launched in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.