മാരുതി സുസുകി ഇഗ്‌നിസ്

ഇഗ്‌നിസ് ഉപഭോക്താക്കളുടെ ശ്രദ്ധക്ക്; ഏതാനം കാറുകൾ കമ്പനി തിരിച്ചു വിളിക്കുന്നു!

മാരുതി സുസുകി നിർമാണം അവസാനിപ്പിച്ച ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ കരുത്തുറ്റ ഇഗ്നിസ് മോഡലിന്റെ ഏതാനം വാഹനങ്ങൾ കമ്പനി തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. റിയർ പാർക്കിങ് സെൻസറിലെ തകരാണ്‌ തിരിച്ചുവിളിക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരിച്ചുവിളിക്കാൻ പോകുന്ന മോഡലിന്റെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്താണ് റിയർ പാർക്കിങ് കാമറയിലെ തകരാർ?

അംഗീകൃത വിതരണക്കാർ പുറത്തിറക്കിയ രേഖകൾ പ്രകാരം, ചില സമയങ്ങളിൽ റിവേഴ്‌സ് പാർക്കിങ് സെൻസർ ശരിയായി പ്രവർത്തിച്ചേക്കില്ല. ഈ കാരണത്താൽ, തകരാർ സംഭവിച്ച മോഡലുകളിലെ കാമറ മാറ്റിസ്ഥാപിക്കാൻ എം.എസ്.ഐ.എൽ തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നതെന്നാണ് വിതരണക്കാരുടെ വിശദീകരണം.

തകരാറിലായ കാറുകളുടെ ഉടമകളെ വിതരണക്കാർ/കമ്പനി ബന്ധപ്പെടുകയും അംഗീകൃത വർക്ക്‌ഷോപ്പ് സന്ദർശിച്ച് തകരാർ പരിഹരിക്കാൻ അഭ്യർഥിക്കുകയും ചെയ്യും. തകരാർ പരിഹരിക്കുന്നതിലൂടെ കാമറയും അനുബന്ധ സെൻസർ സംവിധാനവും ഉപഭോക്താക്കൾക്ക് സൗജന്യമായി മാറ്റി നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ കൂടുതൽ സഹായം ലഭ്യമാക്കാനും ഉപഭോക്താക്കൾക്ക് സമയം ലാഭിക്കാനും സാധിക്കുമെന്നും വിതരണക്കാർ അറിയിച്ചു.

മാരുതി സുസുക്കിയുടെ കരുത്തുറ്റ ഹാച്ച്ബാക്കായ ഇഗ്‌നിസിന്റെ നിർമാണം അവസാനിപ്പിച്ചതായി മാരുതി സുസുകി നേരത്തെ അറിയിച്ചിരുന്നു. വിതരണ ശൃഖലയായ 'നെക്സ' വഴിയാണ് മോഡൽ മാരുതി വിപണയിൽ എത്തിച്ചത്. വിപണിയിൽ വിൽപ്പന കുറഞ്ഞതും പുതിയ മലിനീകരണ നിയമങ്ങളുമാണ് നിർമാണം അവസാനിപ്പിക്കാൻ കാരണമെന്നാണ് കരുതുന്നത്.

2017ൽ വിപണിയിൽ എത്തിയ മോഡലിന് 2020ലാണ് ആദ്യ അപ്ഡേറ്റ് കമ്പനി നൽകുന്നത്. 1197 സി.സി, 4 സിലിണ്ടർ വി.വി.ടി 1.2 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് ഇഗ്‌നിസിന്റെ കരുത്ത്. 6000 ആർ.പി.എമിൽ 82 എച്ച്.പി കരുത്തും 4200 ആർ.പി.എമിൽ 113 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ, 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ഗിയർബോക്സുമായാണ് ജോടിയിണക്കിയിരിക്കുന്നത്. മാരുതിയുടെ വാഹനങ്ങൾ പല ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം വാഹനത്തിന് ലഭിക്കുന്ന മൈലേജാണ്. ഇഗ്‌നിസ് എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയതനുസരിച്ച് ഒരു ലിറ്റർ പെട്രോളിൽ 20.89 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. പെട്രോൾ വകഭേദത്തെ കൂടാതെ 1.3 ലിറ്ററിന്റെ ഒരു ഡീസൽ മോഡലും 2017ൽ വിപണിയിൽ എത്തിച്ചിരുന്നെങ്കിലും 2018ൽ മോഡലിന്റെ നിർമാണം മാരുതി അവസാനിപ്പിച്ചിരുന്നു

സിഗ്‌മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിലാണ് ഇഗ്‌നിസ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളോട് കൂടിയ എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, റൂഫ് റൈൽസ്, 15 ഇഞ്ച് ഓൾ-ബ്ലാക്ക് അലോയ് വീലുകൾ, ബോഡി നിറത്തോടു കൂടെയുള്ള ഡോർ ഹാൻഡിലുകൾ, ഒ.ആർ.വി.എം എന്നിവ ഇഗ്‌നിസിന്റെ പുറത്തെ പ്രതേകതകളാണ്. ഉൾവശത്തായി ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേയോട് കൂടിയ 7 ഇഞ്ച് സ്മാർട്ട്പ്ലേയ് സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, മൾട്ടി ഫങ്ഷനോട് കൂടിയ സ്റ്റിയറിങ് വീൽ എന്നിവയും ഇഗ്‌നിസിൽ സജ്ജീകരിച്ചിട്ടുണ്ട്.

സുരക്ഷക്കായി മുൻവശത്ത് രണ്ട് എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്, റിയർ പാർക്കിങ് സെൻസർ, റിയർവ്യൂ കാമറ (ആൽഫ വേരിയന്റ്), ഐസോഫിക്സ് ചൈൽഡ് സീറ്റ് ആംഗറേജുകൾ എന്നിവയും നൽകിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും മോഡലിന്റെ സ്വീകാര്യതയിൽ വിപണിയിൽ പിടിച്ചുനിൽക്കാൻ ഇഗ്‌നിസിന് സാധിച്ചില്ല.

Tags:    
News Summary - Attention Maruti Suzuki Ignis customers The company is recalling several cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.