ടൊയോട്ട അർബൻ ക്രൂയിസർ എബെല്ലയുടെ ഡെലിവറികൾ ആരംഭിച്ചു; വിലയും റേഞ്ചും പരിശോധിക്കാം...

ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഓൾ ഇലക്ട്രിക് എസ്.യു.വി അർബൻ ക്രൂയിസർ എബെല്ലയുടെ ഡെലിവറികൾ രാജ്യത്ത് ആരംഭിച്ചു. ടൊയോട്ടയുടെ ഇന്ത്യൻ ഇലക്ട്രിക് വാഹന നിരയിലെ ആദ്യ എസ്.യു.വിയാണ് അർബൻ ക്രൂയിസർ എബെല്ല. മാരുതി സുസുക്കി ഇ-വിറ്റാരയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട ഈ വാഹനം നിർമിക്കുന്നത്.

ടൊയോട്ട അർബൻ ക്രൂയിസർ എബെല്ലയുടെ ഏറ്റവും ഉയർന്ന വകഭേദമായ E3 വേരിയന്റാണ് നിലവിൽ ഇന്ത്യയിൽ ഡെലിവറികൾ ആരംഭിച്ചിരിക്കുന്നത്. മോണോ-ടോണിൽ (ഒറ്റ നിറം) എത്തുന്ന വാഹനത്തിന് 23.60 ലക്ഷം രൂപ എക്സ് ഷോറൂം വിലയും ഡ്യൂവൽ ടോണിൽ (രണ്ട് നിറം) എത്തുന്ന മോഡലിന് 23.80 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. വാഹനത്തിന്റെ E1, E2 വേരിയന്റുകൾ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ബാറ്ററി വാടകക്കെടുക്കുന്ന ബാറ്ററി-ആസ്-എ-സർവീസ് സ്കീമിലും അർബൻ ക്രൂയിസർ എബെല്ല ലഭ്യമാണ്. ഓരോ കിലോമീറ്റർ അടിസ്ഥാനമാക്കി വാടക നൽകുന്ന മോഡലിന് 15.25 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

61 kWh ബാറ്ററി പാക്കുമായാണ് E3 വേരിയന്റ് വിപണിയിൽ എത്തുന്നത്. ഈ വാഹനം ഏകദേശം 171 എച്ച്.പി കരുത്തും 193 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ ഒറ്റത്തവണ ചാർജ് ചെയ്താൽ 543 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ,285 എം.എം നീളവും 1,800 എം.എം വീതിയും 1,640 എം.എം ഉയരവും 2,700 എം.എം വീൽബേസുമുള്ള എസ്.യു.വി കഫെ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗെയിമിങ് ഗ്രേ, സ്പോർട്ടിൻ റെഡ്, എൻടൈസിങ് സിൽവർ എന്നിങ്ങനെ അഞ്ച് മോണോടോൺ നിറങ്ങളിലും, ബ്ലാക്ക് റൂഫ് നൽകിയ നാല് ഡ്യുവൽ-ടോൺ ഓപ്ഷനുകളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

അത്യാധുനികമായ സൗകര്യങ്ങളാണ് എബെല്ലയിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക്-ബ്രൗൺ ഡ്യുവൽ ടോൺ ഫിനിഷിങ്ങിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റീരിയറിൽ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിങ് പാഡ്, ജെ.ബി.എൽ (JBL) സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ് എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.

യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകി ഏഴ് എയർബാഗുകൾ, 360-ഡിഗ്രി കാമറ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയും നൽകിയിട്ടുണ്ട്. ടൊയോട്ടയുടെ പുതിയ ഇലക്ട്രിക് എസ്‌.യു.വി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഇ.വി വിപണിയിലെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വാഹനലോകം വിലയിരുത്തുന്നത്.

Tags:    
News Summary - Deliveries of Toyota's first all-electric SUV Urban Cruiser Ebella have begun; check out the price and range

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.