ഇന്ത്യൻ വാഹന വിപണിയിൽ എക്കാലവും അഭിമാനമായ ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്.യു.വിയായ സിയേറയുടെ ഇലക്ട്രിക് വകഭേദം ഈ മാസം 30ന് വിപണിയിൽ എത്തിക്കാൻ കമ്പനി ഒരുങ്ങുന്നതായുള്ള റിപോർട്ടുകൾ പുറത്ത്. കമ്പനി കഴിഞ്ഞ വർഷം വിപണിയിൽ എത്തിച്ച സിയേറയുടെ ഇലക്ട്രിക് വകഭേദത്തെ ഏറെ പ്രതീക്ഷകളോടെയാണ് വാഹന പ്രേമികൾ കാത്തിരിക്കുന്നത്.
ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനത്തോടെയാണ് സിയേറ ഇവി വിപണിയിൽ എത്തുകയെന്ന് ടാറ്റ മോട്ടോർസ് പുറത്തുവിട്ട പുതിയ ടീസർ വീഡിയോ വ്യക്തമാക്കുന്നു. പുറത്തുവിട്ട ടീസറിൽ മരുഭൂമിയിലെ മണൽത്തരികളിലൂടെയും കുത്തനെയുള്ള മൺകൂനകളിലൂടെയും വാഹനം അനായാസം സഞ്ചരിക്കുന്നത് കാണാം. സിയേറ്റയുടെ ഐ.സി.ഇ പ്ലാറ്റ്‌ഫോം വാഹനം വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് കേരളത്തിലെ ആനമലയിൽ ഹാരിയർ ഇവി കയറ്റിയുള്ള പരസ്യം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരുപക്ഷെ അതിനേക്കാൾ കരുത്തിലാകും സിയേറയെ ടാറ്റ അവതരിപ്പിക്കുന്നത്. ടെയിൽഗേറ്റിലെ 'QWD Dual Motor' എന്ന ബാഡ്ജ്, ടാറ്റയുടെ ക്വാഡ് വീൽ ഡ്രൈവ് സാങ്കേതികവിദ്യ ഇതിലുണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. ഹാരിയർ ഇവിയിലേതുപോലെ മുൻ-പിൻ ആക്സിലുകളിൽ സ്വതന്ത്രമായ മോട്ടോറുകൾ പ്രവർത്തിക്കുന്ന രീതിയിലായിരിക്കും എസ്.യു.വിയുടെ പ്രവർത്തനം.
സിയേറയുടെ തനതായ ബോക്സി ഡിസൈൻ നിലനിർത്തിക്കൊണ്ടാണ് ഇലക്ട്രിക് പതിപ്പും കമ്പനി അവതരിപ്പിക്കുന്നത്. കണക്റ്റഡ് എൽ.ഇ.ഡി ലൈറ്റിങ്, കട്ടിയുള്ള റിയർ പില്ലറുകൾ, ഗ്ലാസ് ഹൗസ് ഡിസൈൻ എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്. എന്നാൽ, ഫ്രണ്ട് ഗ്രില്ല് അടച്ചും ഇവി-സ്പെസിഫിക് മാറ്റങ്ങൾ വരുത്തിയും കൂടുതൽ മോഡേൺ ലുക്ക് നൽകിയിട്ടുണ്ട്. ടാറ്റയുടെ അത്യാധുനിക 'acti.ev+' പ്ലാറ്റ്‌ഫോമിലാണ് സിയേറ ഇവി നിർമിച്ചിരിക്കുന്നത്. 65kWh, 75kWh ബാറ്ററി പാക്കുകൾ എസ്.യു.വിയിൽ പ്രതീക്ഷിക്കാം. വലിയ ബാറ്ററി പതിപ്പിനൊപ്പം ഡ്യുവൽ-മോട്ടോർ സംവിധാനം ലഭിക്കുമ്പോൾ, ലോ-എൻഡ് വകഭേദങ്ങളിൽ സിംഗിൾ-മോട്ടോർ സംവിധാനമായിരിക്കും ഉണ്ടാവുക.
ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ട് (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പാസഞ്ചർ സ്‌ക്രീൻ) സിയേറ ഇവിയുടെ പ്രധാന ആകർഷണമായിരിക്കും. ഇതിനുപുറമെ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ജെ.ബി.എൽ ഓഡിയോ സിസ്റ്റം, എ.ഡി.എ.എസ് (ADAS), ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളും ഇവി പതിപ്പിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ടാറ്റയുടെ ഇവി നിരയിൽ കർവ്വ് ഇവിക്കും (Curvv EV) ഹാരിയർ ഇവിക്കും (Harrier EV) ഇടയിലായിരിക്കും സിയേറ ഇവിയുടെ സ്ഥാനം. 18 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. മഹീന്ദ്ര BE 6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എം.ജി വിൻഡ്സർ, മാരുതി ഇ വിറ്റാര തുടങ്ങിയ വാഹനങ്ങളാണ് സിയേറ ഇവിയുടെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.