തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. നിയമസഭയിൽ തോമസ് ഉണ്ണിയാടന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിൽ 250 വാട്ട്സിൽ താഴെ ശേഷിയും മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗതയുമുള്ള വാഹനങ്ങളെ 'നോൺ മോട്ടോർ വെഹിക്കിൾ' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇത്തരം വാഹനങ്ങൾക്ക് നിലവിൽ രജിസ്ട്രേഷനോ ഹെൽമെറ്റോ ആവശ്യമില്ല. എന്നാൽ, ഇവ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ആലോചനയിലേക്ക് കടക്കുന്നത്.
രജിസ്ട്രേഷനും ഹെൽമെറ്റും ആവശ്യമില്ലാത്ത ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസും ബാധകമല്ല. ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനങ്ങൾക്ക് ലഭ്യമായ ചട്ടനിർമാണ അധികാരം ഉപയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.