ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ, ഇന്ത്യൻ പ്ലാന്റിൽ നിർമിച്ച കരുത്തുറ്റ എസ്.യു.വിയായ ഡസ്റ്റർ വിദേശ വിപണിയിലേക്ക് എത്തിക്കുന്നു. ചെന്നൈയിലെ നിർമാണ കേന്ദ്രത്തിൽ നിർമിച്ച 750 ഡസ്റ്റർ എസ്.യു.വികൾ ഇതിനകം ആഫ്രിക്കയിലേക്ക് അയച്ചു കഴിഞ്ഞു. 2030ഓടെ ഇന്ത്യയിൽ നിന്ന് വാർഷിക കയറ്റുമതി വഴി 2 ബില്യൺ യൂറോ (ഏകദേശം 18,000 കോടി രൂപയിലേറെ) വരുമാനം നേടാനാണ് റെനോ ഗ്രൂപ്പ് ഇന്ത്യ ലക്ഷ്യമിടുന്നത്.
റെനോയുടെ 'ഫ്യൂച്ചർ-റെഡി' (futuREady) തന്ത്രത്തിന്റെ ഭാഗമായി, ഇന്ത്യയെ ഒരു പ്രധാന നിർമാണ-എഞ്ചിനീയറിങ് കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് കമ്പനി ശ്രമിക്കുന്നത്. റെനോയുടെ 'റെനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റ്‌ഫോമിൽ' (RGMP) നിർമിച്ച ആദ്യ വാഹനമാണിത്. വിവിധ തരം എൻജിനുകളെ പിന്തുണക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത് പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യേകത.
'പുതിയ ഡസ്റ്ററിന്റെ കയറ്റുമതി ആരംഭിക്കുന്നത് റെനോ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്. ഇന്ത്യയുടെ നിർമാണ മികവും എഞ്ചിനീയറിങ് കഴിവുകളും ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഇത് സഹായിക്കും. ആഗോളതലത്തിൽ റെനോയുടെ നിർമാണ ഭൂപടത്തിൽ ഇന്ത്യ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്' റെനോ ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ സ്റ്റീഫൻ ഡെബ്ലേസ് പറഞ്ഞു.
2022ൽ നിർത്തലാക്കിയ റെനോ ഡസ്റ്ററിന്റെ ശക്തമായ തിരിച്ചുവരവാണ് 2026ൽ വാഹന പ്രേമികൾ കണ്ടത്. പുതിയ ഡിസൈനിലും അത്യാധുനിക ഫീച്ചറുകളോടെയും വിപണിയിൽ എത്തുന്ന മിഡ്-സൈസ് എസ്.യു.വിയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 10.29 ലക്ഷം രൂപ മുതലാണ്. ഏറ്റവും ടോപ് എൻഡ് വകഭേദത്തിന് 18.49 ലക്ഷം രൂപയും. ഓതന്റിക് (Authentic), ഇവല്യൂഷൻ (Evolution), ടെക്നോ (Techno), ടെക്നോ പ്ലസ് (Techno+), ഐക്കോണിക് (Iconic) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് പുത്തൻ ഡസ്റ്റർ വിപണിയിൽ എത്തുന്നത്.
ആധുനിക ഡിസൈനും അത്യാധുനിക ഫീച്ചറുകളോടെയും വിപണിയിൽ എത്തുന്ന ഡസ്റ്ററിന് രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. 1.0 ലിറ്റർ ആദ്യ ടർബോ പെട്രോൾ എൻജിൻ പരമാവധി 100 എച്ച്.പി കരുത്തും 160 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഈ എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. രണ്ടാമതായി ഡസ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ, 163 എച്ച്.പി കരുത്തും 280 എൻ.എം ഉയർന്ന ടോർക്കും ഉത്പാദിപ്പിച്ച് വാഹനത്തെ കൂടുതൽ കരുത്തിൽ ചലിപ്പിക്കുന്നു. ഈ രണ്ട് ടർബോ എൻജിനുകൾക്ക് പുറമെ 1.8 ലിറ്റർ സ്ട്രോങ്ങ്-ഹൈബ്രിഡ് പതിപ്പും ഡസ്റ്ററിനുണ്ട്.
സുരക്ഷക്ക് മുൻഗണന നൽകികൊണ്ട് ഇന്ത്യയിൽ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം) ഫീച്ചറുമായി എത്തുന്ന ആദ്യ റെനോ മോഡലാണിത്. ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്. കൂടാതെ ഏഴ് വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വരെ വാറന്റിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടിയാണ് റെനോ ഡസ്റ്റർ വിദേശത്തേക്ക് കുതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.