ഇന്നോവ ക്രിസ്റ്റ ഇനിമുതൽ ആംബുലൻസ്​ വേരിയന്‍റിലും

ഇന്നോവ ക്രിസ്റ്റ ഇനിമുതൽ ആംബുലൻസ്​ വേരിയന്‍റിലും ലഭ്യമാകും. സാധാരണ ക്രിസ്റ്റയ്‌ക്കൊപ്പം ഇന്നോവ ക്രിസ്റ്റ ആംബുലൻസും വിൽക്കാനാണ്​ ടൊയോട്ടയുടെ നീക്കം. ബേസിക്, അഡ്വാൻസ്ഡ് വേരിയന്റുകളിൽ ഈ എംപിവി ആംബുലൻസ് നിരത്തിൽ എത്തിക്കാനാണ്​ കമ്പനിയുടെ തീരുമാനം.

പുണെ ആസ്ഥാനമായുള്ള പിനാക്കിൾ ഇൻഡസ്ട്രീസ് നിർമ്മിച്ച ആംബുലൻസ് കൺവേർഷൻ കിറ്റിന്റെ സഹായത്തോടെയാണ്​ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലൻസ്​ പുറത്തിറക്കിയിരിക്കുന്നത്​. ക്രിസ്റ്റയുടെ രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ നീക്കം ചെയ്താണ്​ ആംബുലൻസ്​ തയ്യാറാക്കിയിരിക്കുന്നത്​. ഇന്നോവ ക്രിസ്റ്റയുടെ ആംബുലൻസ് പതിപ്പിലെ പരിഷ്‌ക്കരിച്ച ക്യാബിന്റെ വലതുഭാഗം മുഴുവനായും അടിയന്തര സാഹചര്യങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ട്രെച്ചർ, മുൻവശത്തുള്ള പാരാമെഡിക് സീറ്റ്, പോർട്ടബിൾ, സ്റ്റേഷണറി ഓക്സിജൻ സിലിണ്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള കാബിനറ്റ് എന്നിവയെല്ലാം വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്​.


പേര് സൂചിപ്പിക്കുന്നതുപോലെ, എൻട്രി ലെവൽ പതിപ്പിന് ഓട്ടോ ലോഡിങ്​ സ്ട്രെച്ചർ, ഡ്രൈവറെയും രോഗിയുടെയും ക്യാബിൻ വേർതിരിക്കുന്ന പാർട്ടീഷൻ, മുൻവശത്തുള്ള പാരാമെഡിക് സീറ്റ്, അണുനാശിനികൾ, ഔഷധ ഉപകരണ കാബിനറ്റ്, എമർജൻസി കിറ്റ് എന്നിവയുൾപ്പെടെ എല്ലാ അടിസ്ഥാന കാര്യങ്ങളും ലഭിക്കും. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കാൻ സഹായിക്കുന്ന മൾട്ടിപാരാമീറ്റർ മോണിറ്റർ, ഓക്‌സിജൻ ഡെലിവറി സിസ്റ്റം, കെൻഡ്രിക് എക്‌സ്‌ട്രിക്കേഷൻ ഉപകരണം (തല, കഴുത്ത്, ടോർസോ സർപ്പോർട്ട് എന്നിവയുടെ പിന്തുണയ്‌ക്കായി ഉപയോഗിക്കുന്നു), പോർട്ടബിൾ സക്ഷൻ ആസ്പിറേറ്റർ, സ്പൈൻ ബോർഡ് എന്നീ സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ക്രിസ്റ്റയുടെ മറ്റ്​ വേരിയന്‍റുകളിൽ കാണുന്ന 150PS 2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് ആംബുലൻസിനും കരുത്തേകുന്നത്​. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്​. ഇന്നോവ ആംബുലൻസിന് സാധാരണ ഇന്നോവ ക്രിസ്റ്റയെക്കാള്‍ വില കൂടും. 19.99 ലക്ഷം രൂപ മുതലാണ് സ്റ്റാൻഡേർഡ് ക്രിസ്റ്റയുടെ എക്സ് ഷോറൂം വില. 2023 ഓട്ടോ എക്‌സ്‌പോയിൽ കിയ കെയേഴ്‌സ് ആംബുലൻസിനെ പ്രദർശിപ്പിച്ചിരുന്നു. ഇത് ഭാവിയിൽ വിപണിയില്‍ ഓഫർ ചെയ്യാൻ സാധ്യതയുണ്ട്.ഇത് പെട്രോൾ, ഡീസൽ വേരിയന്റുകളിൽ വാഗ്ദാനം ചെയ്തേക്കാം. 

Tags:    
News Summary - Toyota Innova Crysta Can Now Be Customised As An Ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.