പുത്തൻ നെക്സോൺ: അറിയാം മാറ്റങ്ങൾ, ഫീച്ചറുകൾ

ടാറ്റ മോട്ടോഴ്സിനെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തുവെക്കുന്നതിൽ നെക്സോൺ എന്ന മോഡലിന്‍റെ പങ്ക് വലുതാണ്. വിപണിയിലെത്തിയ കാലം മുതൽ കിതപ്പറിയാതെ കുതിക്കുകയാണ് ടാറ്റയുടെ ഈ എസ്.യു.വി. കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ ഇന്ത്യൻ വിപണി അടക്കിവാഴുന്നതും നെക്സോൺ തന്നെ. കഴിഞ്ഞ ദിവസമാണ് മുഖം മിനുക്കിയെത്തുന്ന നെക്‌സോണിന്റെ വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടത്. സെപ്തംബർ നാല് മുതൽ വാഹനത്തിന്‍റെ ബുക്കിങും ആരംഭിക്കും. നെക്‌സോണും നെക്‌സോണ്‍ ഇവിയും സെപ്തംബര്‍ 14നാണ് അവതരിപ്പിക്കുക. എസ്‌.യു.വിയുടെ രണ്ടാമത്തെ പ്രധാന മുഖം മിനുക്കലാണിത്.

മനോഹരമാക്കിയ എക്സ്റ്റീരിയർ


ആദ്യത്തേക്കാളും സുന്ദരമാണ് പുതിയ മോഡൽ എന്നു ആദ്യകാഴ്ചയിൽ തന്നെ വ്യക്തമാവും. ഡേടൈം റണ്ണിങ് ലൈറ്റു (ഡി.ആർ.എൽ) കളിലെ മാറ്റവും ഹെഡ്‌ലാമ്പും ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം. മെലിഞ്ഞു സുന്ദരമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പാണ് പുത്തൻ നെക്സോണിലുള്ളത്. ഗ്രില്ലിനോട് കോർത്തിണക്കിയാണ് ഡി.ആർഎല്ലുകൾ നൽകിയത്. ഇത് മുൻവശത്തിന് പ്രത്യേക ഭംഗി നൽകുന്നു.


ബമ്പറിന്റെ താഴത്തെ പകുതിയിൽ വലിയ എയർഡാമും അതിന് കുറുകെ കനത്ത പ്ലാസ്റ്റിക് ബാറും ഉണ്ട്. താഴെയായി സ്കിഡ് പ്ലേറ്റും കാണാം. എല്ലാം പുതിയ ഡിസൈനിൽ തന്നെ. പിൻഭാഗത്തും മാറ്റം ഉണ്ട്.


ഇന്‍റിക്കേറ്ററിന്‍റെയും ടെയിൽ ലൈറ്റിന്‍റെയും രൂപം മാറി. കൂടാതെ എൽ.ഇ.ഡി ലൈറ്റ് ബാറും നൽകി. റിവേഴ്സ് ലൈറ്റ് ബമ്പറിലേക്ക് നീങ്ങി. 208എം.എം തന്നെയാണ് പുതിയ നെക്‌സോണിന്റേയും ഗ്രൗണ്ട് ക്ലിയറന്‍സ്.

കൂടുതൽ ഫീച്ചറുകളോടെ പുത്തൻ ഇന്‍റീരിയർ


പുതിയ ടച്ച്‌സ്‌ക്രീൻ സജ്ജീകരണവും ടു-സ്‌പോക്ക് സ്റ്റിയറിങ് വീലുമടക്കം ടാറ്റയുടെ കർവ് എസ്.യു.വി കൺസെപ്റ്റിന് സമാനമാണ് ഇന്‍റീരിയർ. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇന്‍ഫോടെയിൻമെന്‍റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പ്രധാന ആകർഷണമാണ്.

എ.സി വെന്റുകള്‍ കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. ഡാഷ് ബോര്‍ഡിലെ ബട്ടണുകളുടെ എണ്ണവും കുറഞ്ഞു. കാർബൺ ഫൈബർ പോലുള്ള ഫിനിഷിനൊപ്പം ലെതർ ഇൻസെർട്ടുകളും ഡാഷ്‌ബോർഡിന് ലഭിക്കുന്നു. 360 ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫെയര്‍, കണക്ടഡ് കാര്‍ ടെക് എന്നിവയും പുത്തൻ നെക്‌സോണിലുണ്ട്.

കരുത്ത്


120 എച്ച്.പി 170 എൻ.എം 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115എച്ച്.പി 160 എൻ.എം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ നെക്‌സോണിലുമുള്ളത്. 6 സ്പീഡ് മാനുവല്‍, 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് എ.എം.ടി ഗിയര്‍ ബോക്‌സുകളില്‍ പെട്രോള്‍ എന്‍ജിൻ ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എ.എം.ടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

വിലയും എതിരാളികളും

എട്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെയാവും പുതിയ നെക്‌സോണിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര എക്സ്.യു.വി 300 , മാരുതി സുസുക്കി ബ്രെസ്സ , മാരുതി സുസുക്കി ഫ്രോങ്ക്സ്, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ , നിസാൻ മാഗ്നൈറ്റ് എന്നിവയാണ് നെക്‌സോണിന്റെ പ്രധാന എതിരാളികൾ. 

Tags:    
News Summary - To know about new tata nexon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.