സൈബർ ആക്രമണം; സുസുകി മോട്ടോര്‍സൈക്കിള്‍ പ്ലാന്റ് തത്ക്കാലത്തേക്ക് അടച്ചു

സൈബർ ആക്രമണത്തെത്തുടർന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ പ്ലാന്റ് തത്ക്കാലത്തേക്ക് അടച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പ്ലാന്റിന്റെ പ്രവർത്തനമാണ് ഒരാഴ്ച്ചത്തേക്ക് നിർത്തിവച്ചത്. പ്ലാന്റിലെ സിസ്റ്റങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് കമ്പനി ഉത്പാദനം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്.

അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന ആനുവല്‍ സപ്ലെയര്‍ കോണ്‍ഫറന്‍സ് മാറ്റിവച്ചതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുസുകി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ‘ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന് കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ സമയം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ല’-സുസുകി വക്താവ് ഇ-മെയിലിലൂടെ അറിയിച്ചു.

ആക്രമണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇതുവരെ സൂചനകളില്ല. ഇക്കാര്യത്തെ കുറിച്ച് യാതൊന്നും കമ്പനി വക്താവും വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം തന്നെ പ്ലാന്റില്‍ ഉത്പാദനം എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിലും സുസുകി പ്രതികരിച്ചിട്ടില്ല. സുസുകിയുടെ മോട്ടോര്‍ സൈക്കിള്‍ ഡിവിഷന്റെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ് ഗുരുഗ്രാം പ്ലാന്റ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായിരുന്നു സുസുകി മോട്ടോര്‍സൈക്കിള്‍. പോയ സാമ്പത്തിക വര്‍ഷം ഏകദേശം ഒരു ദശലക്ഷം യൂനിറ്റുകളുടെ ഉത്പാദനമാണ് സുസുകി നടത്തിയത്.

ജപ്പാന് പുറത്ത് സുസുകി മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 20 ശതമാനം ആഗോള വിപണികളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആഗോള ഉല്‍പ്പാദനത്തിന്റെ 50 ശതമാനം ഇന്ത്യയിലാണ്.

കഴിഞ്ഞ വര്‍ഷം 14 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചതെന്നാണ് കണക്ക്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം 50 സര്‍ക്കാര്‍ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങൾക്കിടെ എസ്ബിഐ, ഡൊമിനോസ്, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ കമ്പനികള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. 

Tags:    
News Summary - Suzuki Motorcycle India plant shut for a week due to cyber-attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.