ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ യുദ്ധം മുറുകുകയാണ്. ഏകാധിപത്യം തുടർന്നുവന്ന ഒല വീണതോടെ മറ്റ് കമ്പനികളുടെ വിൽപ്പനയിൽ വൻ കുതിപ്പാണുണ്ടായത്. ഒലക്കൊപ്പം ബജാജ് ചേതക്കും ടി.വി.എസ് ഐക്യൂബും ഏഥർ സ്കൂട്ടറുകളും കളംവാഴുന്ന വിപണിയിലേക്ക് ഈയിടെ ഹോണ്ടയും തങ്ങളുടെ ഇ.വിയെ അവതരിപ്പിച്ചിരുന്നു. ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇ-ആക്ടീവയോട് മുട്ടാൻ ആരുണ്ടെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സുസുക്കി. തങ്ങളുടെ ഏറ്റവും വിൽപ്പനയുള്ള സ്കൂട്ടറായ ആക്സസിന് ഇലക്ട്രിക് വകഭേദം നൽകിയാണ് സുസുക്കിയും ഇന്ത്യൻ ഇ-സ്കൂട്ടർ വിപണിയിലേക്ക് കടക്കുന്നത്.
സിംപിളായ, മനോഹരമായ ഇ-സ്കൂട്ടറായാണ് ആക്സസിനെ സുസുകി അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ഡിസൈനിൽ ഒരു ജാപ്പനീസ് ശൈലി പ്രകടമായി കാണാം. പ്രായോഗിക സവിശേഷതകളാണ് ഇ-ആക്സസിന്‍റെ മറ്റൊരു സവിശേഷത. സിംഗിൾ ചാർജിൽ 95 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 3.07 kWh ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കാണ് സ്കൂട്ടറിന്റെ ഹൃദയം. 5.4 bhp പവറിൽ പരമാവധി 15 Nm ടോർക് വരെയാണ് മോട്ടോറിന് ഉത്പാദിപ്പിക്കാനാവുക. പരമാവധി വേഗത മണിക്കൂറിൽ 71 കിലോമീറ്ററാണ്. നാലരമണിക്കൂറിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാനാകും. ഫാസ്റ്റ് ചാർജറിൽ ഇത് ഒരു മണിക്കൂർ 12 മിനുട്ട് മതി.
മുന്നിലും പിന്നിലും അലോയ് വീലുകളാണ്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും വണ്ടിയെ പിടിച്ചുനിർത്തും. ഹെഡ് ലൈറ്റും ടെയിൽ ലൈറ്റും ഡേ ടൈം റണ്ണിങ് ലാമ്പുമെല്ലാം എൽ.ഇ.ഡിയാണ്. റിമോട്ട് ഫ്യൂവൽ ലിഡ് ഓപ്പണർ, ഡ്യുവൽ ഫ്രണ്ട് പോക്കറ്റുകൾ, 24.4 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ കൺസോൾ എന്നിവയാണ് ആക്‌സസ് ഇലക്ട്രിക്കിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ.2/ മെറ്റാലിക് മാറ്റ് ബോർഡോ റെഡ്, പേൾ ഗ്രേസ് വൈറ്റ്/ മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ, പേൾ ജേഡ് ഗ്രീൻ/ മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ എന്നീ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഇ-ആക്സസ് വാങ്ങാനാവും. ഒരു ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.