വൈദ്യുത കാറുകളുടെ ജി.എസ്.ടി ഇളവ്; നിലവിലെ സംവിധാനത്തിൽ മാറ്റം വേണമെന്ന് സ്കോഡ

ന്യൂഡൽഹി: അഞ്ച് ശതമാനം ജി.എസ്.ടി ഇളവ് ചെറു വൈദ്യുത കാറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സ്കോഡ-ഫോക്സ്‍വാഗൺ ഇന്ത്യ. നാല് മീറ്ററിൽ താഴെയുള്ള കാറുകൾക്ക് മാത്രം ജി.എസ്.ടി ഇളവിന്റെ ആനുകൂല്യം നൽകിയാൽ മതിയെന്നാണ് സ്കോഡയുടെ നിലപാട്. കമ്പനിയുടെ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

വലിയതും വിലകൂടിയതുമായ കാറുകൾക്ക് ഇളവ് നൽകിയാൽ സർക്കാറിന്റെ ധനസ്ഥിതിയെ അത് പ്രതികൂലമായി ബാധിക്കുമെന്ന് സ്കോഡ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജാനേബയുടെ നിലപാട്. ചെറുകാറുകൾക്ക് മാത്രമായി ഇളവ് നൽകിയാൽ അത് ഇന്ത്യയുടെ ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തിന് വേഗം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ബിസിനസ് വിപുലീകരണത്തിനായി 8000 കോടി നിക്ഷേപിക്കാൻ കമ്പനി ഒരുങ്ങുന്നതിനിടെയാണ് ബ്രാൻഡ് ഡയറക്ടറുടെ നിലപാട് പുറത്ത് വന്നിരിക്കുന്നത്.

എന്തിനാണ് 60 ലക്ഷത്തിന്റെ കാർ വാങ്ങുന്നയാൾക്ക് ഇളവ് നൽകുന്നത്. ജി.എസ്.ടിയിൽ ധനികർക്ക് കൂടുതൽ ഇളവ് നൽകുന്നതിന്റെ യുക്തിയെന്താണ്. യു.എസ്, യുറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം ഇലക്ട്രിക് വാഹനവിപണിയിൽ ഇത്തരത്തിലാണ് സബ്സിഡി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 ലക്ഷം രൂപയിലും നാല് മീറ്ററിലും താഴെയുള്ള കാറുകൾക്ക് മാത്രമായി ഇളവ് പരിമിതപ്പെടുത്തിയാൽ കൂടുതൽ വാഹനങ്ങൾക്ക് ആനുകൂല്യം നൽകാനാവും. ഇത് ഇന്ത്യയുടെ ഇ.വിയിലേക്കുള്ള മാറ്റത്തിന്റെ വേഗം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങൾ സ്കോഡ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രാദേശികമായി നിർമിച്ച് കൂടുതൽ റേഞ്ചുള്ള വിലകുറഞ്ഞ വാഹനം പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങളാണ് സ്കോഡ നടത്തുന്നത്.

Tags:    
News Summary - Skoda Brand president comment on EV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.