'നിറം പിടിപ്പിച്ച കഥകളുമായി' റോയലിന്‍റെ ഇരട്ടകൾ, ഇന്‍റർസെപ്​റ്ററും കോണ്ടിനെന്‍റൽ ജി.ടിയും പുതുമോടിയിൽ

പുതിയ നിറങ്ങളും അല്ലറ ചില്ലറ മാറ്റങ്ങളുമായി റോയൽ എൻഫീൽഡിന്‍റെ ഇരട്ടകൾ എന്നറിയപ്പെടുന്ന ഇന്‍റർസെപ്​റ്ററും കോണ്ടിനെന്‍റൽ ജി.ടിയും വിപണിയിൽ അവതരിപ്പിച്ചു. 650 സി.സി ബൈക്കുകളുടെ വില ആരംഭിക്കുന്നത്​ 2.75 ലക്ഷത്തിലാണ്​. ഇന്‍റർസെപ്റ്റർ ഐ‌എൻ‌ടി 650ന്​ ഏഴ് കളർ ഓപ്ഷനുകളാണുള്ളത്​. കോണ്ടിനെന്‍റൽ ജിടിക്കാക​ട്ടെ അഞ്ച് പുതിയ നിറങ്ങളും ലഭിക്കും. ഇതോടൊപ്പം റോയലിന്‍റെ 'മേക്​ ഇറ്റ്​ യുവേഴ്​സ്' പദ്ധതിപ്രകാരം നിരവധി കൂട്ടിച്ചേർക്കലുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്​. ​


ഉപഭോക്​താക്കളുടെ അഭിരുചിക്കും ശൈലിക്കും അനുസരിച്ച് സീറ്റുകൾ, സംപ് ഗാർഡുകൾ, ടൂറിങ്​ മിററുകൾ, ഫ്ലൈസ്‌ക്രീൻ, മറ്റ് നിരവധി ഓപ്ഷനുകൾ എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഇതുപ്രകാരം ഉണ്ടാകും. ഇന്‍റർസെപ്റ്റർ 650 രണ്ട് പുതിയ സ്റ്റാൻഡേർഡ് (സിംഗിൾ ടോൺ) നിറങ്ങളിൽ ലഭ്യമാണ്- കാനിയൻ റെഡ്, വെഞ്ചുറ ബ്ലൂ എന്നിവയാണവ. രണ്ട് കസ്റ്റം (ഡ്യുവൽ ടോൺ) കളറുകൾ‌-ഡൗൺ‌ടൗൺ‌ ഡ്രാഗ്, സൺ‌സെറ്റ് സ്ട്രിപ്പ് എന്നിവയും നൽകിയിട്ടുണ്ട്​. ഇതോടൊപ്പം മാർക്ക് 2 ൽ 'ക്രോം' വേരിയന്‍റിന്‍റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും ഉണ്ട്. കൂടാതെ, നിലവിലുള്ള സിംഗിൾ-ടോൺ ഓറഞ്ച് ക്രഷും ഡ്യുവൽ ടോൺ ബേക്കർ എക്സ്പ്രസും നിറങ്ങൾ ബൈക്ക് നിലനിർത്തും.


കോണ്ടിനെന്റൽ ജിടി 650 കഫെറേസർ അഞ്ച് പുതിയ കളർ ഓപ്ഷനുകളിലാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. ബ്രിട്ടീഷ് റേസിങ്​ ഗ്രീൻ സ്റ്റാൻഡേർഡിനൊപ്പം റോക്കർ റെഡ് സ്റ്റാൻഡേർഡും (സിംഗിൾ ടോൺ) വാഹനത്തിനുണ്ട്​. ഇതിനുപുറമെ, ഡ്യുവൽ ടോൺ കളറുകളും നൽകിയിട്ടുണ്ട്-ഡക്സ് ഡീലക്സ്, വെഞ്ചുറ സ്റ്റോം. കൂടാതെ നിലവിലുള്ള മിസ്റ്റർ ക്ലീനിന്‍റെ ട്വീക്​ഡ്​ ക്രോം വേരിയന്‍റും ഉൾപ്പെടുത്തിയിട്ടുണ്ട്​. പുതിയ ഇന്‍റർസെപ്റ്റർ 650 (സ്റ്റാൻഡേർഡ്) വില 2,75,467 രൂപയാണ്​. കസ്റ്റം കളർ ബൈക്കുകൾക്ക് 2,83,593 രൂപയും ക്രോം വേരിയന്‍റ്​ മാർക്ക് 2 ന് 2,97,133 രൂപയും വിലയുണ്ട്. കോണ്ടിനെന്‍റൽ ജിടി 650 സ്റ്റാൻ‌ഡേർഡിന്​ 2,91,701 രൂപയാണ്​ വില. കസ്റ്റം തീം മോഡലിന്​ 2,99,830 രൂപയും ക്രോം വേരിയന്‍റ്​ മിസ്റ്റർ ക്ലീൻ വാഹനത്തിന്​ 3,13,367 രൂപയും നൽകണം. പുതിയ ബൈക്കുകളുടെ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.