വർഷാവസാന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളായ റിവർ മൊബിലിറ്റി. റിവർ മൊബിലിറ്റിയുടെ 'ഇൻഡി' സ്കൂട്ടറിനാണ് കമ്പനി ഡിസംബർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. 22,500 രൂപവരെയുള്ള മികച്ച ക്യാഷ്ബാക് ഓഫറും ഇ.എം.ഐ ഓഫറും റിവർ പ്രഖ്യാപിച്ചിട്ടുണ്ട്. എഥർ 450എക്സ്, ടി.വി.എസ് ഐക്യുബ്, ഒല എസ്1 പ്രൊ തുടങ്ങിയ മോഡലുകളോട് കടുത്ത മത്സരമാണ് ഇൻഡി സ്കൂട്ടർ നടത്തുന്നത്.
റിവർ മൊബിലിറ്റി ഇൻഡി സ്കൂട്ടറിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ 2025 ഡിസംബർ 31 വരെ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾ ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ വിൽപ്പനയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. വർഷാവസാന ആനുകൂല്യങ്ങളുടെ ഭാഗമായി കുറഞ്ഞ ഡൗൺ പേയ്മെന്റ് നൽകി ഉപഭോക്താക്കൾക്ക് ഇ.വി സ്കൂട്ടർ സ്വന്തമാക്കാം.
മികച്ച പ്രകടനവും കൂടുതൽ സ്‌പോർട്ടി ലുക്കും നൽകുന്ന റിവർ മൊബിലിറ്റിയുടെ ഇലക്ട്രിക് സ്കൂട്ടറാണ് ഇൻഡി ഇ.വി. 4 kWh ബാറ്ററിപാകിൽ 6.7 kW മോട്ടോർ സജ്ജീകരണം 26 എൻ.എം പീക് ടോർക്ക് ഉത്പാദിപ്പിക്കും. 90 km/h ടോപ് സ്പീഡ് കൈവരിക്കുന്ന സ്കൂട്ടർ ഒറ്റചാർജിൽ 160 കിലോമീറ്റർ റേഞ്ച് വരെ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
43 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും 12 ലിറ്റർ ഗ്ലോബോക്‌സും സെഗ്‌മെന്റിലെ തന്നെ മികച്ച സ്‌പേസാണ് സ്കൂട്ടറിന് നൽകുന്നത്. മുൻവശത്ത് ടെലിസ്കോപിക്, പിൻവശത്ത് ഹൈഡ്രോളിക് ഡാമ്പർ സസ്പെൻഷൻ, കമ്പയിൻഡ് ബ്രേക്കിങ് സിസ്റ്റം (സി.ബി.എസ്), 14 ഇഞ്ച് അലോയ്-വീൽ, 6 ഇഞ്ച് എൽ.സി.ഡി കൺസോൾ തുടങ്ങിയ ഫീച്ചറുകളും ടെക്നോളജിയും റിവർ ഇൻഡി സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.