വോൾവോ, ലെക്സസ്, ബി.എം.ഡബ്ല്യു, മേഴ്സിഡസ്... സെപ്റ്റംബറിൽ എത്തുന്നത് വമ്പന്മാർ

എസ്.യു.വികൾ ഉൾപ്പെടെ വിവിധ കമ്പനികളുടെ നിരവധി വാഹനങ്ങളാണ് സെപ്റ്റംബർ മാസത്തിൽ വിപണിയിലെത്തുന്നത്. ഫെയ്‌സ്‌ലിഫ്റ്റുകളും ഇതിൽപ്പെടുന്നു. വോൾവോയുടെ രണ്ടാമത്തെ ഇവി ഇന്ത്യയിലേക്കെത്തുന്നതും മിഡ്-സൈസ് എസ്‌.യു.വി സെഗ്‌മെന്റിലേക്കുള്ള ഹോണ്ട എലവേറ്റിന്‍റെ വരവും ഇതിൽ പ്രധാനമാണ്. ഈ മാസം എത്തുന്ന എല്ലാ പുതിയ കാറുകളുടെയും എസ്‌.യു.വികളുടെയും പൂർണ്ണമായ വിവരമാണ് ചുവടെ.

ഹോണ്ട എലിവേറ്റ്


മിഡ്-സൈസ് എസ്‌.യു.വി സെഗ്‌മെന്റിലേക്കുള്ള തിരിച്ചുവരവ് ആവുമെന്ന പ്രതീക്ഷയിലാണ് എലിവേറ്റുമായി ഹോണ്ട എത്തുന്നത്. എലവേറ്റിനെ ഇന്ന് (സെപ്റ്റംബർ നാല്) ഹോണ്ട അവതരിപ്പിക്കും. ജൂൺ ആറിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച എലവേറ്റിന്‍റെ ബുക്കിങ്ങ് ജൂലൈ മൂന്നിന് ആരംഭിച്ചിരുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എം.ജി ആസ്റ്റർ എന്നിവയാണ് എതിരാളികൾ. 2030ഓടെ അഞ്ച് എസ്‌.യു.വികൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

ഇന്ത്യയിൽ എലിവേറ്റിന് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഹോണ്ട അവതരിപ്പിച്ചിട്ടുള്ളത്. സിറ്റി സെഡാനിൽ നിന്നും കടമെടുത്ത1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയെത്തുന്ന എഞ്ചിന് 121 ബി.എച്ച്.പി കരുത്തിൽ പരമാവധി 145 എൻ.എം ടോർക്​ക് വരെ ഉത്പാദിപ്പിക്കാനാവും.

നാല് വകഭേദങ്ങളിൽ എലവേറ്റ് ലഭ്യമാണ്. എൻട്രി ലെവൽ SV പതിപ്പിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നീ ഫീച്ചറുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റ് അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. ഇതിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, ഹോണ്ട സെൻസിങ് എഡാസ്​ സ്യൂട്ട്, എട്ട് സ്പീക്കറുകൾ, ലെതറെറ്റ് ബ്രൗൺ അപ്‌ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് സംവിധാനങ്ങളാണ് നൽകുന്നത്. 11 ലക്ഷം രൂപയാണ് എലിവേറ്റിന് പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഏകദേശം 19 ലക്ഷം രൂപ വരെയും പ്രതീക്ഷിക്കാം.

വോൾവോ C40 റീചാർജ്


വോൾവോയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇവിയാണ് C40 റീചാർജ്. XC40 റീചാർജിനെ അടിസ്ഥാനമാക്കിയുള്ളതാണ് C40. എന്നാൽ, കൂപ്പെ- എസ്.യു.വി ഡിസൈൻ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. CMA പ്ലാറ്റ്ഫോമിൽ (കോംപാക്റ്റ് മോഡുലാർ ആർക്കിടെക്ചർ) ആണ് നിർമാണം. 408hpകരുത്തും 660Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ സജ്ജീകരണത്തോടെയുള്ള XC40ക്ക് സമാനമായ 78kWh ബാറ്ററി പാക്കും ലഭിക്കുന്നു. 530 കി.മീ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. XC40 പോലെ C40യും പ്രാദേശികമായി അസംബിൾ ചെയ്യപ്പെടും.

ബി.എം.ഡബ്ല്യു 2 സീരീസ് എം പെർഫോമൻസ് എഡിഷൻ


സെപ്റ്റംബർ ഏഴിനാണ് ബി.എം.ഡബ്ല്യു 2 സീരീസ് എം പെർഫോമൻസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിക്കുക. ഗ്രിൽ, ബമ്പർ, വിംങ് മിററുകൾ എന്നിവയിൽ വ്യത്യസ്‌തമായ സിൽവർ ആക്‌സന്റുകൾക്കൊപ്പം ബ്ലാക്ക് സഫയർ നിറത്തിൽ മാത്രമേ എം പെർഫോമൻസ് പതിപ്പ് ലഭ്യമാകൂ. ഗിയർ സെലക്ടർ ലിവർ ഉൾപ്പെടെ പല ഭാഗങ്ങളും എം പെർഫോമൻസ് എഡിഷനിൽ വ്യത്യസ്തമായിരിക്കും. കറുപ്പും ബീജും നിറഞ്ഞ ഡ്യുവൽ-ടോൺ ഇന്റീരിയറാണ് ലഭിക്കുക. 179hp കരുത്തും 280Nm ടോർക്കും ഉൽപാദിപ്പിക്കുന്ന 2.0 ലിറ്റർ 4സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനും 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമാണുള്ളത്. പരിമിതമായ എണ്ണമേ ഇന്ത്യയിൽ വിൽപനക്കെത്തൂ.

ടാറ്റ നെക്സോൺ ഫെയ്‍ലിഫ്റ്റ്, ഇവി


നെക്‌സോണും നെക്‌സോണ്‍ ഇവിയും സെപ്തംബര്‍ 14നാണ് അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് മുഖം മിനുക്കിയെത്തുന്ന നെക്‌സോണിന്റെ വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടത്. ഇവിയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആദ്യത്തേക്കാളും സുന്ദരമാണ് നെക്‌സോണിന്റെ പുതിയ മോഡൽ എന്നു ആദ്യകാഴ്ചയിൽ തന്നെ വ്യക്തമാവും. ഡേടൈം റണ്ണിങ് ലൈറ്റു (ഡി.ആർ.എൽ) കളിലെ മാറ്റവും ഹെഡ്‌ലാമ്പും ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം. മെലിഞ്ഞു സുന്ദരമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പാണ് പുത്തൻ നെക്സോണിലുള്ളത്.

പുതിയ ടച്ച്‌സ്‌ക്രീൻ സജ്ജീകരണവും ടു-സ്‌പോക്ക് സ്റ്റിയറിങ് വീലുമടക്കം ടാറ്റയുടെ കർവ് എസ്.യു.വി കൺസെപ്റ്റിന് സമാനമാണ് ഇന്‍റീരിയർ. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇന്‍ഫോടെയിൻമെന്‍റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പ്രധാന ആകർഷണമാണ്.എ.സി വെന്റുകള്‍ കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. ഡാഷ് ബോര്‍ഡിലെ ബട്ടണുകളുടെ എണ്ണവും കുറഞ്ഞു. കാർബൺ ഫൈബർ പോലുള്ള ഫിനിഷിനൊപ്പം ലെതർ ഇൻസെർട്ടുകളും ഡാഷ്‌ബോർഡിന് ലഭിക്കുന്നു. 360 ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫെയര്‍, കണക്ടഡ് കാര്‍ ടെക് എന്നിവയും പുത്തൻ നെക്‌സോണിലുണ്ട്.

120 എച്ച്.പി 170 എൻ.എം 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115എച്ച്.പി 160 എൻ.എം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ നെക്‌സോണിലുമുള്ളത്. 6 സ്പീഡ് മാനുവല്‍, 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് എ.എം.ടി ഗിയര്‍ ബോക്‌സുകളില്‍ പെട്രോള്‍ എന്‍ജിൻ ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എ.എം.ടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

മേഴ്സിഡസ് ബെൻസ് ഇ.ക്യു.ഇ എസ്.യു.വി


സെപ്റ്റംബർ 15ന് ബെൻസ് ഇ.ക്യു.ഇ എസ്.യു.വി അവതരിപ്പിക്കും. മെഴ്‌സിഡസിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഇവിയാണിത്. ആഗോളതലത്തിൽ ഒന്നിലധികം കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്. എന്നാൽ, എല്ലാ പതിപ്പുകളിലും 170 kW DC ഫാസ്റ്റ് ചാർജിങ് പിന്തുണക്കുന്ന 90.6kWh ബാറ്ററിയാണുള്ളത്. ഏറ്റവും ഉയർന്ന വഗഭേതത്തിന് 590 കി.മീറ്ററാണ് റേഞ്ച്.

ലെക്സസ് എൽഎം


ടൊയോട്ട വെൽഫയറിന്‍റെ സഹോദരനായി ലെക്സസ് എൽ.എം സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയിലേക്കെത്തും. ആദ്യമായാണ് ലെക്സസ് ഇന്ത്യയിൽ ഒരു എം.പി.വി അവതരിപ്പിക്കുന്നത്. ടൊയോട്ടയുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ലെക്സസ് എൽഎമ്മിന്‍റെ നിർമാണം.

അഞ്ച് മീറ്ററിലധികം നീളമുള്ള വാഹനം അതിഗംഭീരമായ ലുക്കിലാണ് എത്തുന്നത്. ഇന്റീരിയറും എക്സ്റ്റീരിയറും ഒരുപോലെ സുന്ദരമാണ്. നാല്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളാണുള്ളത്. ഇന്ത്യയിൽ, 2.5 ലിറ്റർ 4സിലിണ്ടർ സെൽഫ് ചാർജിങ് ഹൈബ്രിഡ് പവർട്രെയിൻ നൽകുന്ന എഞ്ചിൻ 250 എച്ച്.പി പവറും 239 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്നു.

Tags:    
News Summary - New car, SUV launches in September 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.