ടർബോ പെട്രോൾ എഞ്ചിന്റെ കരുത്തിൽ ബലേനോ ക്രോസ്; അവതരണം 2023 ഓട്ടോ എക്സ്​പോയിൽ

ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസോവർ മോഡലുമായി മാരുതി സുസുകി. 2020ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും പുതിയ വാഹനം. അടുത്ത വർഷം ആദ്യം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ പരീക്ഷണ ഓട്ടം നടത്തുന്ന ബലേനോ ക്രോസിൽ മാരുതിയുടെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തുമെന്നാണ് വിവരം.

ബൂസ്റ്റർജെറ്റ് എഞ്ചിൻ തിരിച്ചുവരുന്നു

ബലേനോ ക്രോസിലൂടെ മാരുതിയുടെ ബൂസ്റ്റർ ജെറ്റ് എഞ്ചിൻ തിരിച്ചുവരുന്ന എന്നതാണ് പ്രധാന പ്രത്യേകത. മാരുതി സുസുകിയുടെ ആദ്യത്തെ ടർബോ-പെട്രോൾ, 1.0-ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിൻ 2017-ൽ ആദ്യ തലമുറ ബലേനോയിലാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റാൻഡേർഡ് എഞ്ചിൻ ലൈനപ്പിന് പകരമുള്ള കമ്പനിയുടെ സ്‌പോർട്ടിയർ ബദലായിരുന്നു ഈ എഞ്ചിൻ. ബലേനോ ആർ.എസിലാണ് ഈ എഞ്ചിൻ നൽകിയിരുന്നത്. ആർഎസിന്റെ കുറഞ്ഞ വിൽപ്പനയും കർശനമായ BS6 എമിഷൻ മാനദണ്ഡങ്ങളും കാരണം, ഈ എഞ്ചിൻ ഓപ്ഷൻ നിർത്താൻ മാരുതി പിന്നീട് തീരുമാനിക്കുകയായിരുന്നു.


ബലേനോ ക്രോസിൽ വരുന്ന എഞ്ചിൻ അടിസ്ഥാനപരമായി അതേ 998 സി.സി യൂനിറ്റായിരിക്കും, എന്നാൽ BS6 മാനദണ്ഡങ്ങൾക്ക് അനുസൃതമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബിഎസ് 4 വെർഷനിൽ 102 എച്ച്പിയും 150 എൻഎമ്മും ടോർക്കും എഞ്ചിൻ പുറത്തെടുക്കുമായിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് എഞ്ചിൻ ബന്ധിപ്പിച്ചിരുന്നത്. വരാനിരിക്കുന്ന 1.0 ബൂസ്റ്റർജെറ്റിലും സമാനമായ പവർ ഔട്ട്പുട്ടാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എഞ്ചിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ നൽകാനും സാധ്യതയുണ്ട്. ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉണ്ടാകും. അങ്ങിനെയെങ്കിൽ ആറ് സ്പീഡ് ടോർക് കൺവെർട്ടർ യൂനിറ്റാവും വരിക. ഒരു ലീറ്റർ എൻജിൻ കൂടാതെ 1.2 ലീറ്റർ ഡ്യുവൽ ജെറ്റ് എൻജിനോ ‌1.5 ലീറ്റർ മിഡ് ഹൈബ്രിഡ് എഞ്ചിനോ പുതിയ വാഹനത്തിലുണ്ടാകും.

വൈ.ടി.ബി ​​എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന വാഹനം പുതിയ ബലേനോയോട് സാമ്യമുള്ളതാണ്. മുൻഭാഗം പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അടുത്തിടെ കമ്പനി അനാച്ഛാദനം ചെയ്‍ത ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മോഡലും എത്തുന്നത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളും ബമ്പറിൽ പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പരന്ന ബോണറ്റും റൂഫ് റെയിലുകളും ഉള്ള വാഹനമാണിത്.

കുപ്പേയുടേയും എസ്‌യുവിയുടേയും രൂപഭംഗിയുള്ള കാർ യുവാക്കളെ ആകർഷിക്കാൻ പോന്നതായിരിക്കുമെന്നാണ് മാരുതി പറയുന്നത്. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനം മാരുതി സുസുകിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്ന നെക്സ ഡീലർഷിപ്പിലൂടെയായിരിക്കും വിൽപനയ്ക്ക് എത്തുക. ബ്രെസയ്ക്ക് താഴെയായിരിക്കും ബലെനോ ക്രോസിനെ മാരുതി വിൽപ്പനക്ക് വയ്ക്കുക. ബ്രെസയുടെ വില വർധിച്ചതിനാൽ ഈ വിടവ് നികത്താനും ബലേനോ ക്രോസിനാകും.

ഇന്ത്യയിൽ പരാജയപ്പെട്ട വാഹന മോഡലുകളിൽ ഒന്നാണ് ക്രോസോവറുകൾ. ഹിറ്റ് എന്ന് പറയാവുന്ന ഒറ്റ ചെറു ക്രോസോവറുകളും ഇന്ത്യയിലില്ല. മാരുതി എസ് ക്രോസാണ് അൽപ്പമെങ്കിലും വിപണി വിജയം നേടിയ ക്രോസോവറുകളിൽ ഒന്ന്. ഫോർഡ് ഫ്രീസ്റ്റൈൽ, ഹ്യൂണ്ടായ് ഐ 20 ആക്ടീവ്, ടൊയോട്ട എറ്റിയോസ് ക്രോസ് തുടങ്ങി വമ്പന്മാരെല്ലാം ഇന്ത്യൻ വിപണിയിൽ മുട്ടുമടക്കിയവരാണ്. ഈ സന്ദർഭത്തിലാണ് മാരുതി സുസുകി ബലേനോ ക്രോസ് എന്ന പുത്തൻ അവതാരവുമായി എത്തുന്നത്. വാഹനത്തിന്റെ വാണിജ്യ വിജയം കാത്തിരുന്ന് കാണേണ്ടതാണ്. ഹോണ്ട ഡബ്ല്യുആർ-വി, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, സിട്രോൺ സി3, ടാറ്റ പഞ്ച് എന്നിവയുൾപ്പെടുന്ന വലിയൊരു നിര എതിരാളികളാണ് ബലേനോ ക്രോസിനെ കാത്തിരിക്കുന്നത്.

Tags:    
News Summary - Maruti Baleno Cross to get 1.0-litre turbo petrol engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.