എസ്.യു.വി രാജാവ് ലക്സസ് എൽ.എക്സ് 500 ഡി ഇന്ത്യയിൽ; വില 2.82 കോടി

ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ എസ്‌.യു.വികളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ലക്സസ് എൽ.എക്സ് 500 ഡി അവതരിപ്പിച്ചു. ടൊയോട്ട ലാൻഡ് ക്രൂസറിന്റെ ലെക്‌സ‌സ് പതിപ്പിനെയാണ് കമ്പനി നിരത്തിൽ എത്തിച്ചിരിക്കുന്നത്. 2.82 കോടി രൂപ എക്സ്ഷോറൂം വിലയിൽ രാജ്യത്ത് വാഹനം ലഭ്യമാകും.

2023 ജനുവരിക്കും മാർച്ചിനുമിടയിൽ ആഡംബര എസ്‌യുവിയുടെ ആദ്യ ബാച്ച് വിതരണം ചെയ്യാനാണ് ജാപ്പനീസ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ൽ ലെക്‌സസ് ആദ്യമായി പങ്കെടുക്കും. വരാനിരിക്കുന്ന RX എസ്‌യുവിയ്‌ക്കൊപ്പം മൂന്ന് വേരിയന്റുകളിലാണ് എൽ.എക്സ് 500 ഡി വരുന്നത്, LC കൂപ്പെ എന്നീ മോഡലുകളും കമ്പനി പ്രദർശിപ്പിക്കും.


ഡിസൈൻ

ടൊയോട്ട ലാൻഡ് ക്രൂസർ LC300-ന് കൂടുതൽ ആഡംബരം നൽകിയാണ് ലെക്‌സസ് എൽ.എക്സ് 500 ഡി നിർമിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഡിസൈനാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. വലിയ ലെക്സസ് സിഗ്നേച്ചർ ഗ്രിൽ, ഹെഡ്‌ലാമ്പ് ഡിസൈൻ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, വലിയ അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്ന തനതായ ഡിസൈൻ ശൈലികളും ഈ കൂറ്റൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് മാറ്റുകൂട്ടും.

വശക്കാഴ്ച്ചയിൽ ലാൻഡ് ക്രൂസറിനോട് സാമ്യമുള്ളതാണെങ്കിലും ഇതിന് അല്പം വ്യത്യസ്തമായ പിൻ ക്വാർട്ടർ വിൻഡോകൾ ലഭിക്കുന്നുണ്ട്. പുറകിൽ കണക്റ്റഡ് ലൈറ്റ് ബാറും ഇടംപിടിച്ച​ു. ലോഗോയ്ക്ക് പകരം ടെയിൽഗേറ്റിൽ ലെക്‌സസ് അക്ഷരങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. 2,850 മില്ലീമീറ്റർ ആണ് വീൽബേസ്. അഞ്ച് മുതിർന്നവർക്കും അവരുടെ ലഗേജുകൾക്കും വിശാലമായ സ്പേസ് വാഹനം നൽകും.


ഇന്റീരിയർ

വാഹനത്തിന്റെ ഇന്റീരിയറിനായി ടാൻ, റെഡ്, ബ്ലാക്ക്, വൈറ്റ്-ബ്രൗൺ എന്നിങ്ങനെ നാല് നിറങ്ങൾ തെരഞ്ഞെടുക്കാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഫംഗ്‌ഷനുകളെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്നത്. 64-കളർ ആംബിയന്റ് ലൈറ്റിങ്, രണ്ട് വരികളിലെയും സീറ്റുകളുടെ ഇലക്ട്രോണിക് അഡ്ജസ്റ്റ്‌മെന്റ് എന്നിവയ്‌ക്കൊപ്പം പുതിയ ഡ്യുവൽ-ടോൺ ഇന്റീരിയറും ആകർഷകമാണ്.

ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് കീഴിൽ മറ്റൊരു 7 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. ഇത് എ.സി നിയന്ത്രിക്കാനും മറ്റ് കൺട്രോളുകൾ ആക്സസ് ചെയ്യാനും അനുവദിക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 8 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയുമുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് വയർലെസ് റിമോട്ട് കൺട്രോളോടുകൂടിയ രണ്ട് 11.6 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും ലഭിക്കും. മുമ്പത്തെ LX മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഡീസൽ എഞ്ചിനൊപ്പം മാത്രമേ വാഹനം ലഭ്യമാവുകയുള്ളൂ.


എഞ്ചിൻ

3.3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനിലാണ് വാഹനം വരുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂനിറ്റുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 304 bhp കരുത്തിൽ പരമാവധി 700 Nm ടൊർക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 210 കിലോമീറ്റർ വേഗത കൈവരിക്കാം. ഈ കൂറ്റൻ എസ്.യു.വിക്ക് വെറും എട്ട് സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും

പുതിയ ഇലക്‌ട്രോണിക് പവർ സ്റ്റിയറിങ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിങ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് എന്നിവയുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിങ് വീലും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ഡേർട്ട്, സാൻഡ്, മഡ്, ഡീപ് സ്നോ, റോക്ക്, ഓട്ടോ മോഡ് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ടെറൈൻ മോഡുകളും എസ്‌യുവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഒരു ലെക്‌സസ് മോഡലിൽ ലഭിക്കുന്ന ആദ്യ സവിശേഷതയാണ്. നോർമൽ, ഇക്കോ, കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട് എസ്, സ്‌പോർട്ട് എസ് പ്ലസ്, കസ്റ്റം തുടങ്ങിയ ഡ്രൈവ് മോഡുകളും വാഹനം വാഗ്ദാനം ചെയ്യുന്നു.

സുരക്ഷ

സുരക്ഷയുടെ കാര്യത്തിലും പുതിയ ലെക്സസ് പുലിയാണ്. ഇലക്‌ട്രോണിക് കൺട്രോൾഡ് ബ്രേക്കുകൾ (ECB), അഡാപ്റ്റീവ് വേരിയബിൾ സസ്‌പെൻഷൻ, ആക്റ്റീവ് ഹൈറ്റ് കൺട്രോൾ സസ്‌പെൻഷൻ, ഫിംഗർപ്രിന്റ് ആധികാരികത, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ക്ലിയറൻസ് സോണാർ എന്നീ സവിശേഷതകൾ ലക്സസ് വാഗ്ദാനം ചെയ്യുന്നു. മുൻ തലമുറ LX 570 മോഡലുകളേക്കാൾ ഏകദേശം 50 ലക്ഷം രൂപ വില കൂടുതലാണ് പുതിയ പതിപ്പിന്. റേഞ്ച് റോവറിന്റെ ലോംഗ്-വീൽബേസ് മോഡലുകളുമായാണ് ലക്സസ് മത്സരിക്കുന്നത്.

Tags:    
News Summary - Lexus launches its most expensive SUV in India. Here is how much it costs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.