മാരുതി സുസുകി ബലെനോ

ലാറ്റിൻ ക്രാഷ് ടെസ്റ്റ്: മികച്ച സുരക്ഷ വാഗ്‌ദാനം ചെയ്യാതെ മാരുതി സുസുകി ബലെനോ

ന്യൂഡൽഹി: ലാറ്റിൻ അമേരിക്കൻ വിപണികൾക്കായി ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി ബലേനോയുടെ സുരക്ഷാ പരിശോധനാ ഫലം പുറത്തുവിട്ടു. ലാറ്റിൻ ക്രാഷ് ടെസ്റ്റിൽ (ലാറ്റിൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) 2 സ്റ്റാർ റേറ്റിങ്ങാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന് ലഭിച്ചത്. നേരത്തെ ഇതേ ഏജൻസി നടത്തിയ പരിശോധനയിൽ ലഭിച്ച പൂജ്യം സ്റ്റാറിൽ നിന്നും അൽപ്പം മെച്ചപ്പെട്ടെങ്കിലും, ആധുനിക സുരക്ഷാ സംവിധാനങ്ങളുടെ അഭാവം മികച്ച സ്കോർ നേടുന്നതിന് തടസ്സമായി.

ലാറ്റിൻ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 79 ശതമാനവും കുട്ടികളുടെ സുരക്ഷയിൽ 65 ശതമാനവും കാൽനടക്കാരുടെ സുരക്ഷയിൽ 48 ശതമാനവും നേടികൊണ്ട് മൊത്തത്തിൽ 58 ശതമാനത്തിന്റെ സുരക്ഷയാണ് ബലെനോ വാഗ്‌ദാനം ചെയ്യുന്നത്. മുൻവശത്തെയും വശങ്ങളിലെയും ആഘാതങ്ങളിൽ തലക്കും കഴുത്തിനും മികച്ച സംരക്ഷണം ബലെനോ നൽകുന്നുണ്ട്. അതോടൊപ്പം നെഞ്ചിനുള്ള സുരക്ഷ തൃപ്തികരമെന്ന് രേഖപ്പെടുത്തി. എന്നാൽ ഡാഷ്‌ബോർഡിന് പിന്നിലെ കടുപ്പമേറിയ ഭാഗങ്ങളുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാൽമുട്ടുകൾക്കുള്ള സംരക്ഷണം ശരാശരി മാത്രമാണ്.

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷയിൽ 65 ശതമാനം സ്കോറാണ് ബലെനോക്ക് ലഭിച്ചത്. ഐസോഫിക്സ് (ISOFIX) മൗണ്ടുകൾ ഉപയോഗിച്ചുള്ള പിൻ ചൈൽഡ് സീറ്റുകൾ മുൻവശത്തെയും വശങ്ങളിലെയും ആഘാതങ്ങളിൽ കുട്ടികൾക്ക് മികച്ച സുരക്ഷ നൽകുന്നതായി കണ്ടെത്തി. എന്നാൽ കാറിലെ എല്ലാ സീറ്റുകളിലും ചൈൽഡ് സീറ്റുകൾ ഉറപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സ്കോർ കുറയാൻ കാരണമായി.

രണ്ട് സ്റ്റാർ റേറ്റിങ്ങിന് പിന്നിലെ കാരണങ്ങൾ

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സൗകര്യങ്ങൾ ബലേനോയിലുണ്ടെങ്കിലും ചില സുരക്ഷ ഫീച്ചറുകളുടെ അഭാവം റേറ്റിങ്ങിനെ ബാധിച്ചു. ADAS ഫീച്ചറുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ് (എ.ഇ.ഡി), ലെയ്ൻ അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഇല്ലാത്തത് 'സേഫ്റ്റി അസിസ്റ്റ്' സ്കോർ കുറച്ചു.

Tags:    
News Summary - Latin Crash Test: Maruti Suzuki Baleno Doesn't Offer Great Safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.