അപകടത്തിൽ കാൽ നഷ്ട്ടപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

ബെംഗളൂരു: ഡ്യുട്ടിക്കിടെ ഉണ്ടായ അപകടത്തിൽ വലതുകാൽ നഷ്ട്ടപ്പെട്ട കെ.എസ്.ആർ.ടി.സി (കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ) ഡ്രൈവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഹസ്സൻ ഡിവിഷനിലെ ആർക്കൽഗുഡ് ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ ബി.ഡി സുനിൽ കുമാറിനാണ് നഷ്ടപരിഹാരം കൈമാറിയത്.

2024 മാർച്ച് 25ന് കുനിഗൽ ബൈപാസിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുനിൽ കുമാറിന്റെ വലതുകാൽ നഷ്ടപെട്ടത്. മാർച്ച് 25 മുതൽ ഡിസംബർ 9 വരെ ഇൻജുറി ഓൺ ഡ്യൂട്ടി (ഐ.ഒ.ഡി) അവധിയിലായിരുന്നു സുനിൽ.

നഷ്ടപരിഹാരത്തിന് പുറമെ ചികിത്സക്കായി ചെലവായ 4.88 ലക്ഷം രൂപ പൂർണമായി വഹിച്ചെന്നും സുനിൽ കുമാറിന് ടെക്നിക്കൽ അസിസ്റ്റന്റ് ലൈറ്റ് ഡ്യൂട്ടി നൽകിയെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. ശനിയാഴ്ച ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി സുനിൽ കുമാറിന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

റെഡ്ഢിക്കൊപ്പം കെ.എസ്.ആർ.ടി.സി വൈസ് ചെയർമാൻ മുഹമ്മദ് റിസ്വാൻ നവാബും ചടങ്ങിൽ ഉണ്ടായിരുന്നു. ഡ്യുട്ടിക്കിടെ മാരകമായ അപകടങ്ങളിൽ മരിച്ച രണ്ട് ജീവനക്കാരുടെ ആശ്രിതർക്ക് ഒരു കോടി രൂപ വീതവും ഹൃദയാഘാതം, കാൻസർ, പക്ഷാഘാതം തുടങ്ങിയ കാരണങ്ങളാൽ മരിച്ച 31 ജീവനക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയുടെ ചെക്കുകളും വിതരണം ചെയ്തു.

ജോലിക്കിടെ അപകടങ്ങളിൽ മരിച്ച 26 ജീവനക്കാരുടെ ആശ്രിതർക്ക് ഒരു കോടി രൂപ വീതവും, വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ച 125 ജീവനക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതവും നൽകിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. കൂടാതെ കെ.എസ്.ആർ.ടി.സി ആരോഗ്യ പദ്ധതി പ്രകാരം സംസ്ഥാനത്തുള്ള 300ലധികം ആശുപത്രികളിലായി 56,000ത്തിലധികം ജീവനക്കാർക്കും ആശ്രിതർക്കും പണരഹിത ചികിത്സ ലഭിച്ചതായും വൈസ് ചെയർമാൻ പറഞ്ഞു.

Tags:    
News Summary - KSRTC driver who lost his leg in an accident gets Rs. 25 lakh compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.