വാഹന ലോൺ അടച്ചു തീർത്തോ, എങ്കിൽ ഇക്കാര്യം കൂടി മറക്കാതെ ചെയ്യണം; അല്ലെങ്കിൽ പണി കിട്ടുക പിന്നീട്

വാഹനലോൺ എടുത്താകും സാധാരണക്കാർ മിക്കവരും വാഹനങ്ങൾ വാങ്ങിക്കുക. മികച്ച സിബിൽ സ്കോർ ഉണ്ടെങ്കിൽ ഇപ്പോൾ വാഹനലോൺ ലഭിക്കുക പ്രയാസമുള്ള കാര്യമല്ല. വാഹനലോൺ അടച്ചുതീർത്താൽ പിന്നെ ആശ്വാസമാണ്. വാഹനം നമ്മുടെ സ്വന്തമായല്ലോ എന്നായിരിക്കും കരുതുക. എന്നാൽ, ലോൺ അടച്ച് തീർത്തതുകൊണ്ട് മാത്രം വാഹനം നമ്മുടെ സ്വന്തമാകുന്നില്ല എന്നതാണ് യാഥാർഥ്യം. ഫിനാൻസ് സ്ഥാപനത്തിന് നമ്മുടെ വാഹനത്തിലുള്ള അവകാശം നീക്കം ചെയ്യേണ്ടതുണ്ട്.

വാഹനം ലോണ്‍ ആയി എടുക്കുമ്പോള്‍ ആർ.സി ബുക്കില്‍ ഹൈപോതെക്കേഷന്‍ ആയി ലോണ്‍ നല്‍കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടാകും. ലോണ്‍ നല്‍കുന്ന ബാങ്കിന്റെ പേര് ആര്‍.സിയില്‍ രേഖപ്പെടുത്തുന്നതാണ് ഈ ഹൈപ്പോതെക്കേഷന്‍. ഇത് ആർ.സിയിൽ നിന്ന് നീക്കം ചെയ്യണം. നീക്കം ചെയ്തില്ലെങ്കിൽ, പിന്നീട് എപ്പോഴെങ്കിലും വാഹനം വിൽക്കേണ്ടിവരുമ്പോഴാകും പ്രയാസം നേരിടുക. അപ്പോൾ വീണ്ടും പഴയ ഡോക്യുമെന്‍റുകൾ തപ്പിയെടുത്ത് ഫിനാൻസ് സ്ഥാപനത്തെ സമീപിച്ച് എൻ.ഒ.സി വാങ്ങി ആർ.ടി.ഒയിൽ അപേക്ഷിക്കണം. വർഷങ്ങൾക്ക് ശേഷമാണ് ഇതെങ്കിൽ കൂടുതൽ സങ്കീർണമാകും നടപടികൾ.

ലോൺ അടച്ചു കഴിഞ്ഞാൽ വായ്പയെടുത്ത സ്ഥാപനം ഒരു മാസത്തിനുള്ളിൽ തന്നെ ലോൺ ക്ലോസിങ് സർട്ടിഫിക്കറ്റും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻ.ഒ.സി) നമ്മുടെ വിലാസത്തിലേക്ക് അയച്ചുതരും. വാഹന വായ്പയുമായി ബന്ധപ്പെട്ട് ബാങ്കിന് നമ്മൾ നല്‍കാനുള്ള ബാധ്യതകള്‍ ഒക്കെ തീര്‍ത്തു എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് എൻ.ഒ.സി. ഇനി ലോണ്‍ എടുത്ത വാഹനം വായ്പാ കാലാവധിക്ക് മുന്‍പ് വില്‍ക്കാനും ബാങ്കില്‍ നിന്ന് എൻ.ഒ.സി വേണം. എന്നാലെ, ആർ.സി ബുക്കില്‍ പേര് മാറാന്‍ സാധിക്കു.

ഇനി വായ്പ് അടവ് പൂര്‍ത്തിയാക്കിയാല്‍ എൻ.ഒ.സി കൈപ്പറ്റുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ വൈകിയാല്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കണം. എൻ.ഒ.സി കിട്ടിയാലും സാധാരണ നമ്മള്‍ കൊടുത്ത ചെക്ക് ലീഫ് അവര്‍ തിരിച്ചു തരില്ല. എൻ.ഒ.സി കിട്ടിയാല്‍ 90 ദിവസത്തിനുള്ളില്‍ ചെക്ക് ലീഫ് തിരിച്ചെടുക്കാന്‍ ശ്രമിക്കുക.




 

വായ്പ ലഭിച്ച ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വാഹനത്തിന്റെ കടബാധ്യത തീര്‍ന്നതായി കാണിച്ചുള്ള കത്തും പൂരിപ്പിച്ച ഫോം 35ഉം ആര്‍സി ബുക്കും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും അടക്കം രേഖകള്‍ നിശ്ചിത ഫീസും സഹിതം വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ ഈ സേവനങ്ങളെല്ലാം ഓൺലൈനായി തന്നെ ചെയ്യാനാകും. പരിവാഹൻ സൈറ്റിലൂടെയാണ് ഈ സേവനം ലഭിക്കുക. സൈറ്റിലെ ഓൺലൈൻ സർവിസ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് വെഹിക്കിൾ റിലേറ്റഡ് സർവിസ് തെരഞ്ഞെടുത്ത് സംസ്ഥാനവും, ആർ.ടി ഓഫിസും തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ ഫീസ് അടച്ച ശേഷം ലളിതമായ നടപടിക്രമങ്ങളിലൂടെ ആർ.സിയിൽ നിന്നും ലോൺ ഒഴിവാക്കാം.

കേരള മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്‍റ് പ്രസിദ്ധീകരിച്ച ഈ വിഡിയോ കാണൂ...

Full View


Tags:    
News Summary - how to remove hypothecation from rc online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.