മുടക്കേണ്ടത് 3.93 ലക്ഷം രൂപ മാത്രം; വില കുറഞ്ഞ ബൈക്കുമായി ഹാർലി ഡേവിഡ്സൺ

ഹാര്‍ലി ഡേവിഡ്‌സണ്‍ എന്ന അമേരിക്കൻ പ്രീമിയം ബൈക്കുകൾ സ്വന്തമാക്കാൻ താൽപ്പര്യമില്ലാത്ത വാഹനപ്രേമികൾ കുറവായിരിക്കും. എന്നാൽ ഹാർലി സ്വന്തമാക്കാനുള്ള ഏറ്റവും വലിയ തടസം അതിന്റെ ഉയർന്ന വിലയാണ്. ഇപ്പോഴിതാ ഏറ്റവും വിലകുറഞ്ഞ ഹാർലിയുമായി എത്തിയിരിക്കുകയാണ് കമ്പനി. ബൈക്ക് പുറത്തിറക്കിയിരിക്കുന്നത് ചൈനീസ് വിപണിയിലാണ്.

എക്സ് 350 എന്ന് പേരിട്ടിരിക്കുന്ന 350 സിസി മോട്ടോര്‍സൈക്കിളിന്റെ വില 33,000 ചൈനീസ് യുവാന്‍ ആണ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 3.93 ലക്ഷം രൂപ വരും. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ QJ മോട്ടോറുമായി സഹകരിച്ചാണ് ഹാര്‍ലി പുത്തന്‍ മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ഹാർലി ഇന്ത്യയിൽ ബൈക്കുകൾ ​നേരിട്ട് വിൽക്കുന്നില്ല. പൂർണമായും ഇറക്കുമതി ചെയ്ത് ഹീറോ ആണ് ഹാർലികൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. പുതിയ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും കമ്പനി തീരുമാനമൊന്നും എടുത്തിട്ടില്ല.

ഡിസൈൻ

അമേരിക്കന്‍ ഫ്‌ലാറ്റ് ട്രാക്കറുകളാണ് എക്സ് 350 േമാട്ടോര്‍ സൈക്കിളിന്റെ ഡിസൈനിന് പ്രചോദനം ആയതെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പറയുന്നു. ഹാർലിയുടെ എക്സ് R750 മോട്ടോര്‍സൈക്കിളിന്റെ രൂ​പത്തോടാണ് പുതിയ 350 സിസി ബൈക്കിന് കൂടുതൽ സാമ്യം. തികച്ചും ആധുനികമാണ് പുതുപുത്തന്‍ ഹാര്‍ലിയുടെ ഡിസൈന്‍. ഡേടൈം റണ്ണിങ് ലാമ്പോട് കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് മുന്‍വശത്ത് കാണാം. ചതുരാകൃതിയിലുള്ള ടിയര്‍ഡ്രോപ്പ് ഇന്ധന ടാങ്കിന് ഷാര്‍പ്പായുള്ള പിന്‍ഭാഗം ലഭിക്കും. ഇന്ധന ടാങ്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്സ് R1200 എക്സ് മോട്ടോര്‍സൈക്കിളുമായി സാമ്യമുള്ളതാണ്. ജോയ്ഫുള്‍ ഓറഞ്ച്, ഷൈനിങ് സില്‍വര്‍, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്സ്350 ചൈനയില്‍ ലഭ്യമാകുക.


ഫീച്ചറുകളും എഞ്ചിനും

ഫുള്‍ എൽ.ഇ.ഡി ലൈറ്റിങ് ആണ് വാഹനത്തിന്. ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ യൂനിറ്റാണ് കാണാനാവുന്നത്. അതിനാല്‍ തന്നെ ഈ മോട്ടോര്‍സൈക്കിളില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയോ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോ സാധ്യമാകില്ല. 353 സിസി, പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആണ് മോട്ടോര്‍ സൈക്കിളിന് കരുത്ത് പകരുന്നത്. എഞ്ചിന്‍ 7,000 rpm-ല്‍ 36 bhp പവറും 31 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.

ഇതേ എഞ്ചിന്‍ തന്നെയാണ് QJ മോട്ടോര്‍സ് SRK 350-ക്കും തുടിപ്പേകുന്നത്. ഹാര്‍ലി-ഡേവിഡ്സണ്‍ എക്സ് 350 ലിറ്ററിന് 20.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍വശത്ത് 41 എംഎം അപ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നത്. അത് റീബൗണ്ട് ക്രമീകരണ സൗകര്യം വാഗ്ദാനം ചെയ്യുന്നു. റീബൗണ്ടും പ്രീലോഡും ചെയ്യാന്‍ സാധിക്കുന്ന ഒരു മോണോഷോക്ക് സസ്‌പെന്‍ഷനാണ് പിന്‍വശത്ത് നല്‍കിയിരിക്കുന്നത്.

17 ഇഞ്ച് അലോയ് വീലുകളാണ്. മുന്‍വശത്ത് ഒരു ഫ്‌ലോട്ടിങ് ഡിസ്‌കും പിന്നില്‍ ഫിക്‌സഡ് ഡിസ്‌കും ആണ് ബ്രേക്കിങ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഫ്രണ്ട് ബ്രേക്കിന് 4 പിസ്റ്റണ്‍ കാലിപ്പര്‍ ലഭിക്കും. പിന്‍വശത്ത് സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറാണുള്ളത്. മുന്‍വശത്ത് 120/70 ടയറും പിന്നില്‍ 160/60 ടയറുമാണ് നല്‍കിയിരിക്കുന്നത്. 13.5 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. 195 കിലോഗ്രാം ആണ് ഭാരം.

Tags:    
News Summary - Harley-Davidson X350; most affordable Harley yet! All details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.