ഒടുങ്ങാതെ ദുരിതം: തേഡ് പാർട്ടി ഇൻഷുറൻസ് കൂട്ടാനൊരുങ്ങി കേന്ദ്രം; ഏപ്രിൽ മുതൽ വർധന

ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി.

പുതിയ നിരക്കനുസരിച്ച് 1000 സിസിവരെയുള്ള സ്വകാര്യ കാറുകള്‍ക്ക് തേഡ് പാര്‍ട്ടി പ്രീമിയം 2,094 രൂപയാകും. 1000 മുതൽ 1,500 സിസിവരെയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,416 രൂപയും അതിനുമുകളിലുള്ളവയ്ക്ക് നിരക്ക് 7,897 രൂപയുമാകും.

150 സിസിക്ക് മുകളിലുള്ളതും 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപയുമായാണ് പ്രീമിയം വര്‍ധിക്കുക. വാണിജ്യ വാഹനങ്ങള്‍ക്ക് 16,049 രൂപ മുതല്‍ 44,242 രൂപവരെയുമാണ് ഈടാക്കുക.

സ്വകാര്യ വൈദ്യുതി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതല്‍ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്. ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതല്‍ 2,383 രൂപവരെയുമാകും ഈടാക്കുക.


കോവിഡിനെതുടര്‍ന്ന് ഏറെക്കാലം അടച്ചിട്ടതിനാല്‍ മോട്ടോര്‍ വാഹന വിഭാഗത്തിലെ ക്ലെയിമില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുമുണ്ടായി. രണ്ടുവര്‍ഷം നിരക്കുയര്‍ത്താതിരുന്നതിനാല്‍ ഇത്തവണ പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രോത്സാഹനമായി ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രീമിയം നിരക്കിൽ 7.5 ശതമാനം കിഴിവും നിർദേശിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ കരട് വിജ്ഞാപനം സംബന്ധിച്ച നിർദ്ദേശങ്ങളും ഗതാഗത മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്.

Tags:    
News Summary - Govt proposes hike in third-party motor insurance premium from April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.