ജിംനി ഫൈവ് ഡോറിന്‍റെ വരവ് വാഹനവിപണിയിൽ വൻ പ്രകമ്പനമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ഞെട്ടിപ്പിക്കുന്ന ബുക്കിങ്ങാണ് വാഹനത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഫാമിലി എസ്.യു.വി വിപണിയിയെ ചൂടുപിടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജിംനിക്ക് ശക്തനായ എതിരാളിയായ ഫൈവ് ഡോർ ഥാർ ആഗസ്റ്റ് 15ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ കളത്തിലിറക്കാൻ മഹീന്ദ്ര ഒരുങ്ങുന്നുവെന്നാണ് സൂചന.
ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ദേശീയ മാധ്യമങ്ങളടക്കം വാർത്ത റിപോർട്ട് ചെയ്തു. 2023 ഓഗസ്റ്റ് 15ന് മഹീന്ദ്ര ഫൈവ് ഡോർ ഥാറിന്റെ വേൾഡ് പ്രീമിയർ നടത്തുമെന്നാണ് കരുതുന്നത്. ഇത്തരമൊരു കണക്കുകൂട്ടലിലേക്ക് എത്തിക്കുന്നത് മഹീന്ദ്രയുടെ മുൻ ചരിത്രമാണ്. മുമ്പ് ആഗസ്റ്റ് 15 ആയിരുന്നു XUV700, ന്യൂ-ജെൻ ഥാർ, ബോൺ ഇലക്ട്രിക് കൺസെപ്‌റ്റുകൾ എന്നിവ കമ്പനി അവതരിപ്പിച്ചത്.
ഥാർ ഫൈവ് ഡോറിന്, ജിംനി ഫൈവ് ഡോറിന് തുല്യമോ അധികമോ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഥാർ 5-ഡോറിന് വലുപ്പം കൂടുതലായിരിക്കും. കൂടുതൽ വിശാലമായ ക്യാബിൻ സൗകര്യമാണ് പ്രതീക്ഷിക്കുന്നത്. ഥാർ ഫൈവ് ഡോർ മോഡലിൽ സ്ട്രെച്ചഡ് വീൽബേസും വിശാലമായ ക്യാബിനിലേക്ക് കടക്കാൻ വലിയ റിയർ ഡോറുകളും ഉണ്ടായിരിക്കും. നിലവിലെ മോഡലിനേക്കാൾ 300 എം.എം കൂടുതൽ വീൽബേസ് ഉണ്ടായിരിക്കും എന്നാണ് വിവരം. കൂടാതെ അലോയി വീലുകളും പുതിയതായിരിക്കും.
പുതുക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള പുതിയ ഫീച്ചറുകൾ ചേർക്കാനും സാധ്യതയുണ്ട്.ത്രീ ഡോർ പതിപ്പിന് ഇന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ഏതാനും മാസങ്ങൾക്ക് മുമ്പ് വാഹനത്തിന്റെ ഒരു ലക്ഷം യൂനിറ്റ് പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് മഹീന്ദ്ര പിന്നിട്ടിരുന്നു. മഹീന്ദ്ര ഥാർ ഫൈവ് ഡോറിന്റെ ക്ലോസ്-ടു-പ്രൊഡക്ഷൻ ടെസ്റ്റ് മോഡലുകൾ ഒരു വർഷത്തിലേറെയായി ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഡിസൈനും മറ്റ് സ്റ്റൈലിങ് ഘടകങ്ങളും ത്രീ ഡോർ ഥാറിന് സമാനമാണ്, എന്നാൽ ബോഡി പാനലുകൾ പുതിയതായിരിക്കും. ഉയരമുള്ള പില്ലറുകൾക്കൊപ്പം ബോക്സി ശൈലി, വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ല്, റൗണ്ട് ഷേയ്പ്പിലുള്ള ഹെഡ്‌ലൈറ്റുകൾ, ഫ്ലേയർഡ് വീൽ ആർച്ചുകൾ, മസ്കുലാർ ബമ്പർ തുടങ്ങിയവ ത്രീ ഡോർ പതിപ്പിൽ നിന്ന് കടമെടുക്കും. പരിചിതമായ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാവും വാഹനത്തിൽ മഹീന്ദ്ര ഉപയോഗിക്കുന്നത്. ഇരു എഞ്ചിൻ യൂനിറ്റുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂനിറ്റുമായോ കണക്ട് ചെയ്യും. ഥാറിന്റെ പ്രധാന എതിരാളിയായ ഫൈവ് ഡോർ ഫോഴ്‌സ് ഗൂർഖയും ഈ വർഷം വിപണിയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.