വാഹങ്ങൾ സ്വന്തമാക്കുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കളറാണ് കറുപ്പ്. പ്രേത്യേകിച്ച് എസ്.യു.വി മോഡലുകൾക്ക്. ആ മോഡലുകൾക്ക് നൈറ്റ് - ഡാർക്ക് എഡിഷൻ ഉണ്ടെങ്കിൽ, അത്തരം കാറുകളുടെ എക്സ്റ്റീരിയറും ഇന്റീരിയറും വാഹനത്തിനെ കൂടുതൽ ഭംഗിയാക്കും. 15 ലക്ഷം രൂപയിൽ സ്വന്തമാകാവുന്ന അഞ്ച് ബ്ലാക്ക് എഡിഷൻ വാഹനങ്ങൾ പരിജയപ്പെട്ടാലോ?
ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് ടാറ്റ മോട്ടോർസ്. ടാറ്റായുടെ ഏറ്റവും വിൽപ്പനയുള്ള രണ്ടാമത്തെ എസ്.യു.വി വാഹനമാണ് ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ, സി.എൻ.ജി, ഇലക്ട്രിക് തുടങ്ങിയ എല്ലാ വകഭേദത്തിലും വാഹനം ലഭ്യമാണ്. ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷൻ പൂർണ്ണമായും കറുപ്പ് തീമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, സ്റ്റീയറിങ് വീൽ, സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ഉപയോഗിച്ച് ക്യാബിനും ലൈറ്റ്-ഔട്ട് ഡിസൈൻ നിലനിർത്തുന്നു. നെക്‌സോൺ ക്രീയേറ്റീവ് പ്ലസ് വേരിയന്റിനേക്കാൾ 40,000 രൂപ അധിക വിലയ്ക്ക് ഡാർക്ക് എഡിഷൻ പാക്കേജ് ലഭ്യമാണ്.
ഏറ്റവും എൻട്രി ലെവൽ മോഡലായ ക്രീയേറ്റീവ് പ്ലസ് (എസ്) ഡാർക്ക് എഡിഷൻ വാഹനത്തിന് 11.7 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടോപ് മോഡലായ ഫീയർലെസ്സ് പ്ലസ് (പി.എസ്) ഡാർക്ക് എഡിഷന് 15.6 ലക്ഷം രൂപയിലും ലഭിക്കും.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡലാണ് എക്സ്റ്റർ. എക്സ്റ്ററിനെ പരിഷ്‌ക്കരിച്ച് 2025 മോഡലും കഴിഞ്ഞ മാസം ഹ്യൂണ്ടായ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ ഡാർക്ക് നൈറ്റ് എഡിഷനും റെക്കോഡ് വിൽപ്പനയാണ് രേഖപ്പെടുത്തുന്നത്. 8.46 ലക്ഷം എക്സ് ഷോറൂം വിലയിൽ എൻട്രി ലെവൽ എസ്.യു.വിയായ എസ്.എക്സ് നൈറ്റ് എഡിഷൻ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. നൈറ്റ് എഡിഷൻ ബാഡ്ജിങും ഫ്രണ്ട് ബമ്പർ, ബ്രേക്ക് കാലിപ്പറുകൾ, ടെയിൽഗേറ്റ് എന്നിവയിൽ ചുവപ്പ് നിറത്തിലുള്ള എക്സ്റ്റീരിയറിൽ ബ്ലാക്ക്-ഔട്ട് ഫിനിഷിങാണ് നൈറ്റ് എഡിഷനിൽ കൊടുത്തിട്ടുള്ളത്. കറുത്ത അപ്ഹോൾസ്റ്ററി, ചുവന്ന സ്റ്റിച്ചിങ് , ഫുട്‌വെൽ ലൈറ്റിംഗ് തുടങ്ങിയവയുമായി ഇന്റീരിയറും സമാനമായ തീം ഉൾക്കൊള്ളുന്നു. ഏറ്റവും ടോപ് വകഭേദമായ എസ്.എക്സ് (ഒ) കണക്ട് നൈറ്റ് എഡിഷൻ ഡ്യൂവൽ ടോൺ വാഹനത്തിന്റെ വില 10.50 ലക്ഷം രൂപയാണ്.
ഹ്യൂണ്ടായ് വാഹനത്തിന്റെ മറ്റൊരു ഡാർക്ക് എഡിഷൻ വാഹനമാണ് വെന്യു. വളരെ ബജറ്റ് ഫ്രണ്ട്ലിയായിട്ടാണ് വാഹനത്തെ ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത്. വെന്യു നൈറ്റ് എഡിഷനും കടും ചുവപ്പ് ബ്രേക്ക് കാലിപ്പറുകളുള്ള ഒരു പൂർണ്ണ കറുപ്പ് ഡിസൈനിലാണ് ലഭിക്കുന്നത്. നൈറ്റ് എഡിഷൻ ബാഡ്ജിങ്ങോട് കൂടെ ലഭിക്കുന്ന വാഹനത്തിൽ എയർ കണ്ടീഷണർ വെന്റുകൾ, ഗിയർ ലിവർ, സ്റ്റീയറിങ് വീൽ എന്നിവക്ക് ചുറ്റും ഒരു ലൈറ്റ് ഗോൾഡൻ കളറോഡ് കൂടിയാണ് ക്യാബിൻ സെറ്റ് ചെയ്തിട്ടുള്ളത്. എൻട്രി ലെവൽ വാഹനമായ എസ് (ഒ) നൈറ്റ് എഡിഷൻ 10.34 ലക്ഷവും ടോപ് വേരിയന്റായ എസ്.എക്സ് (ഒ) നൈറ്റ് എഡിഷൻ ഡ്യൂവൽ ടോൺ 13.57 ലക്ഷം (എക്സ് ഷോറൂം) രൂപയിലും ലഭ്യമാണ്.
ഹ്യുണ്ടായ് എക്സ്റ്റർ നൈറ്റ് എഡിഷന് സമാനമായ കറുപ്പും ചുവപ്പും നിറങ്ങളിലുള്ള തീമാണ് എംജി ആസ്റ്റർ ബ്ലാക്‌സ്റ്റോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബമ്പറുകൾ, ബ്രേക്ക് കാലിപ്പറുകൾ, സൈഡ് മിററുകൾ എന്നിവയിൽ കടും ചുവപ്പ് നിറത്തിലുള്ള ഹൈലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം പൂർണമായും കറുപ്പ് നിറമാണ്. ചുവന്ന സ്റ്റിച്ചിങ്ങുള്ള ബ്ലാക്ക് അപ്ഹോൾസ്റ്ററി, മുൻവശത്തെ ഹെഡ്‌റെസ്റ്റുകളിൽ 'ബ്ലാക്ക്‌സ്റ്റോം' എംബ്രോയ്ഡറി, എയർ കണ്ടീഷണർ വെന്റുകൾ, സ്റ്റിയറിംഗ് വീൽ, വാതിലുകൾ എന്നിവയിലും ചുവന്ന നിറം വാഹനത്തിന്റെ ഇന്റീരിയൽ ഭാഗത്ത് കാണാം. രണ്ട് വകഭേദങ്ങളിൽ മാത്രം ലഭിക്കുന്ന ബ്ലാക്ക് എഡിഷൻ വാഹനത്തിന് 13.78 ലക്ഷവും 14.81 ലക്ഷവുമാണ് പ്രാരംഭവില.
ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയമായ വാഹനമാണ് ക്രെറ്റ. ക്രെറ്റയുടെ വൈദ്യുത വകഭേദം ഈയിടെയാണ് കമ്പനി പുറത്തിറക്കിയത്. ഹ്യുണ്ടായിയുടെ ബ്ലാക്ക് എഡിഷനിൽ വരുന്ന മറ്റൊരു വാഹനം കൂടിയാണ് ക്രെറ്റ. എൻട്രി ലെവലായ ക്രെറ്റ എസ് (ഒ) നൈറ്റ് എഡിഷന് 14.62 ലക്ഷം രൂപയാണ് വില. നൈറ്റ് എഡിഷൻ വാഹനം പൂർണമായും കറുപ്പ് നിറത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എക്സ്റ്ററിനും വെന്യൂവിനും ഉള്ളത് പോലെ ചുവന്ന ബ്രേക്ക് കാലിപ്പറുകളും, ടെയിൽഗേറ്റിൽ 'നൈറ്റ് എഡിഷൻ' ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാബിനും സ്റ്റിച്ചിങും മെറ്റൽ പെഡലുകളും വാഹനത്തിന്റെ ഇന്റീരിയലിൽ കറുത്ത നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ ടോപ് വേരിയൻതായ എസ്.എക്സ് (ഒ) നൈറ്റ് എഡിഷൻ ഡ്യൂവൽ ടോണിന് 20.42 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.